2026 ഫിഫ ലോകകപ്പില്‍ കാനഡക്ക് ചരിത്ര ജയം. ഗ്രൂപ്പ് ജി-യില്‍ നടന്ന മത്സരത്തില്‍ ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് കാനഡ തകര്‍ത്തത്. ലോകകപ്പ് ചരിത്രത്തിലെ കാനഡയുടെ ആദ്യ വിജയമാണിത്. വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ജോനാഥന്‍ ഡേവിഡിന്റെ ഹാട്രിക് കരുത്തിലാണ് കാനഡ ചരിത്ര വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 29, 45+3, 90+2 എന്നീ മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് പിറന്നത്. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കാണ് കനേഡിയൻ താരത്തിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്. ആദ്യ ഹാട്രിക് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ വകയായിരുന്നു.
ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ നോര്‍ത്തേണ്‍ അമേരിക്കന്‍ താരമാണ് ജോനാഥന്‍ ഡേവിഡ്. 1930ല്‍ നടന്ന ആദ്യ ലോകകപ്പിലായിരുന്നു ആദ്യമായി ഒരു നോര്‍ത്തേണ്‍ അമേരിക്കന്‍ താരം ടൂര്‍ണമെന്റില്‍ ഹാട്രിക് നേടിയത്.
അമേരിക്കന്‍ താരം ബെര്‍ട്ട് പട്‌നൗഡ് പരാഗ്വക്കെതിരെയായിരുന്നു താരം മൂന്ന് ഗോളുകള്‍ നേടിയത്. ഇപ്പോള്‍ നീണ്ട 96 വര്‍ഷങ്ങള്‍ക്ക് മറ്റൊരു ഹാട്രിക്കും ലോകകപ്പില്‍ പിറന്നിരിക്കുകയാണ്.
1966ന് ശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ഒരു താരം ഹാട്രിക് നേടുന്നത്. ഇംഗ്ലണ്ട് താരം ജെഫ് ഹേഴ്‌സനായിരുന്നു ഇതിന് മുമ്പ് ഇത്തരത്തിലൊരു നേട്ടം കൈവരിച്ചത്.
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ ഫൈനലിലായിരുന്നു ജെഫ് ഹേഴ്‌സന്റെ ഹാട്രിക് പിറന്നത്. ഫൈനലില്‍ ജര്‍മനിയെ ജെഫ് ഹേഴ്‌സനന്റെ ഹാട്രിക് കരുത്തില്‍ 4-2ന് കീഴടക്കിയായിരുന്നു ഇംഗ്ലണ്ട് ചരിത്രത്തിലെ ആദ്യ ലോകകിരീടം സ്വന്തമാക്കിയിരുന്നത്.
അതേസമയം മത്സരത്തില്‍ കാനഡക്ക് വേണ്ടി ഡേവിഡിന് പുറമെ സൈല്‍ ലാറില്‍, നഥാന്‍ സാലിബ, മുഹമ്മദ് മനായ്(ഓണ്‍ ഗോള്‍) എന്നിവരും ഗോള്‍ നേടി. ഖത്തറിന്റെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കാനഡക്ക് വിജയം എളുപ്പമാക്കി. ഹൊമാം അഹമ്മദ്, അസിം മാഡിബോ എന്നിവരാണ് റെഡ് കാര്‍ഡ് കണ്ട് മടങ്ങിയത്. ഒമ്പത് താരങ്ങളുമായി കളിച്ച ഖത്തറിന് പൊരുതാന്‍ പോലും അവസരം ഉണ്ടായിരുന്നില്ല.
വിജയത്തോടെ ഗ്രൂപ്പ് ബി-യില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയവും സമനിലയുമായി നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് കാനഡ. മറുഭാഗത്ത് രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു സമനിലയും തോല്‍വിയുമായി ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ് ഖത്തര്‍.
ജനുവരി 25ന് സ്വിറ്റ്സര്‍ലാന്‍ഡിനെതിരെയാണ് കാനഡയുടെ അടുത്ത മത്സരം. ഇതേ ദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ബോസ്‌നിയയാണ് ഖത്തറിന്റെ എതിരാളികള്‍.
Content Highlight: Canada beats Qatar 6-0 in historic World Cup win