| Tuesday, 15th July 2025, 9:34 pm

ആയുധം തന്നാല്‍ മോസ്‌കോയെ ആക്രമിക്കുമോ? റഷ്യയെ ആക്രമിക്കാന്‍ സെലന്‍സ്‌കിക്ക് ട്രംപിന്റെ നിര്‍ദേശം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: റഷ്യയെ ആക്രമിക്കാന്‍ ഉക്രൈന്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ദീര്‍ഘദൂര മിസൈലുകള്‍ അമേരിക്ക കൈമാറിയാല്‍ റഷ്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ ഉക്രൈന്‍ തയ്യാറാകുമോ എന്ന് ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയോട് ചോദിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോസ്‌കോ, സെന്റ് പീറ്റേഴ്‌സ് അടക്കമുള്ള സുപ്രധാന റഷ്യന്‍ നഗരങ്ങള്‍ ആക്രമിക്കാനാണ് ട്രംപ് നിര്‍ദേശിച്ചത്. ട്രംപിന്റെ നിര്‍ദേശത്തോട് സെലന്‍സ്‌കി പോസിറ്റീവായി പ്രതികരിച്ചതായാണ് സൂചന. അമേരിക്ക ആയുധം നല്‍കിയാല്‍ റഷ്യന്‍ നഗരങ്ങളെ ആക്രമിക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി മറുപടി നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്‌

‘വ്‌ളോദിമര്‍, നിങ്ങള്‍ക്ക് മോസ്‌കോയെ ആക്രമിക്കാന്‍ സാധിക്കുമോ, സെന്റ് പീറ്റേഴ്‌സ് ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോ,’ ജൂലായ് നാലിന് സെലന്‍സ്‌കിയോട് ട്രംപ് ചോദിച്ചതായി ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഉക്രൈനുമായി ഉടന്‍ വെടിനിര്‍ത്തലില്‍ ഏര്‍പ്പെടണമെന്ന് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇരുനേതാക്കളും ഫോണ്‍ വഴി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം പുടിന്‍ ഗൗരവമായി എടുക്കാതിരുന്നതോടെയാണ് തൊട്ടുപിന്നാലെ വിളിച്ച സെലന്‍സ്‌കിയോട് റഷ്യന്‍ നഗരങ്ങളെ ആക്രമിക്കാന്‍ തയ്യാറാകുമോ എന്ന് ട്രംപ് ചോദിച്ചത്.

അതേസമയം പ്രസ്തുത റിപ്പോര്‍ട്ടിനോട് വൈറ്റ് ഹൗസോ ഉക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസോ പ്രതികരിച്ചിട്ടില്ല. ഇന്നലെ അടുത്ത 50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലില്‍ തീരുമാനം ആയില്ലെങ്കില്‍ തീരുവ ഇരട്ടിയാക്കി 100 ശതമാനമാക്കുമെന്നും ട്രംപ് പറഞ്ഞു.

ഉക്രൈനെ പിന്തുണക്കാന്‍ നാറ്റോക്ക് അമേരിക്ക അയക്കുന്ന ആയുധങ്ങളില്‍ പേട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും ബാറ്ററികളും ഉള്‍പ്പെടുത്തുമെന്നും ട്രംപ് പറയുകയുണ്ടായി. എന്നാല്‍ ട്രംപിന്റെ ഉപരോധങ്ങള്‍ നേരിടാന്‍ തയ്യാറാണെന്ന് റഷ്യ പ്രതികരിച്ചു.

പുതിയ ഉപരോധങ്ങളെ നേരിടാന്‍ രാജ്യം തയ്യാറാണെന്നും എന്നാല്‍ എന്താണ് ഇത്തരമൊരു ഭീഷണികള്‍ ഉന്നയിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത് അറിയില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പ്രതികരിച്ചു.

Content Highlight: Can you hit Moscow’ Trump asks Zelenskyy

We use cookies to give you the best possible experience. Learn more