| Friday, 3rd July 2026, 1:14 pm

കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചാൽ എന്താണ്; പ്രതിഷേധിച്ചാൽ കേസെടുക്കുന്നത് ജനത്തെ അടിമകളാക്കലെന്ന് ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിച്ചത് ഒരു വ്യക്തി ഒരു പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിടാനുള്ള മതിയായ കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. തനിക്കെതിരായ മുംബൈ പൊലീസിന്റെ പ്രവേശന വിലക്കിനെതിരെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് സഈദ് അബ്ദുൽ വാഹിദ് ചൗധരി സമർപ്പിച്ച ഹരജി തീർപ്പാക്കവെയായായിരുന്നു കോടതിയുടെ നിരീക്ഷണം.

വ്യാഴാഴ്ചയായിരുന്നു കോടതി ഹരജി പരിഗണിച്ചത്.  കേന്ദ്ര സർക്കാരിനെ വിമർശിച്ചു എന്നത് കൊണ്ട് മാത്രം ഹരജിക്കാരനെ പ്രദേശത്ത് നിന്ന് നാട് കടത്താനുള്ള നടപടി സ്വീകരിക്കാനാവില്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് മാധവ് ജാംദാറിന്റെ ബെഞ്ച് നിരീക്ഷിച്ചു.

സർക്കാരിനെ വിമർശിച്ച ഒരാൾക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും അന്തസായി ജീവിക്കാനുള്ള അവകാശവും അടക്കമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ കേസെടുക്കുന്ന പൊലീസ് നടപടി ജനങ്ങളെ അടിമകളാക്കി മാറ്റും. പ്രതിഷേധിക്കുക എന്നത് ഈ രാജ്യത്തെ എല്ലാ പൗരർക്കുമുള്ള അവകാശമാണ്. ഭരണ ഘടനയുടെ ആർട്ടിക്കിൾ 19, 21 പ്രകാരം ജനങ്ങൾക്ക് അഭിപ്രായം പറയാനും അന്തസോടെ ജീവിക്കാനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

ബി.ജെ.പി സർക്കാരിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരായ മുദ്രാവാക്യത്തിന്റെ പേരിലാണ് ചൗധരിക്കെതിരായ പൊലീസ് നടപടിയെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ‘ബി.ജെ.പി സർക്കാർ മൂർദാബാദ്’, ‘അമിത് ഷാ മൂർദാബാദ്’ എന്നിവ അടക്കമുള്ള മുദ്രാവാക്യങ്ങളായിരുന്നു ചൗധരി വിളിച്ചതായി എഫ്.ഐ.ആറിൽ പറയുന്നത്.

എന്തിനാണ് മുദ്രാവാക്യം മുഴക്കിയതിന് നാട് കടത്താൻ ഉത്തരവിടുന്നതെന്ന് കോടതി ചോദിച്ചു. ‘പൗരർക്ക് മുദ്രാവാക്യം മുഴക്കാൻ പാടില്ലെ? സർക്കാരിന്റെ തീരുമാനങ്ങൾക്കും നടപടികൾക്കും എതിരെ പൗരർക്ക് പ്രതിഷേധിക്കാൻ പറ്റില്ലേ?’ എന്നും കോടതി ചോദിച്ചു.

പൌരത്വ നിയമം, ബാബ് രി മസ്ജിദ്, ഗ്യാൻവാപി മസ്ജിദ് എന്നീ വിഷയങ്ങളിൽ 2019നും 2024നും ഇടയിൽ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെയായിരുന്നു ചൗധരിക്കെതിരെ പൊലീസ് കേസെടുത്തത്. ഈ കേസുകളുടെ അടിസ്ഥാനത്തിൽ ചൗധരിയെ പ്രദേശത്ത് നിന്ന് നാട് കടത്താൻ കഴിഞ്ഞ വർഷം ഡിസംബറിൽ മുംബൈയിലെ സോൺ ആറ് ഡി.എസ്.പി ഉത്തരവിറക്കുകയായിരുന്നു.

അതേസമയം അനുമതിയില്ലാതെയാണ് ചൗധരി പങ്കെടുത്ത പ്രതിഷേധ പരിപാടി നടത്തിയതെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിഷേധത്തിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായതായി രേഖകളിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം നാട് കടത്തൽ ഉത്തരവ് പുറപ്പെടുവിക്കാനുള്ള മതിയായ കാരണമല്ല പ്രതിഷേധങ്ങളിലെ പങ്കാളിത്തമെന്നും കോടതി വ്യക്തമാക്കി.

പൊലീസ് എന്നത് ജനങ്ങളുടെ സേവകരാണ്. സർക്കാരിന്റെ മുകളിൽ നിൽക്കുന്നവരല്ല പൊലീസെന്നും അദ്ദേഹം നിരീക്ഷിച്ചു.

Content Highlight: ‘Can’t citizens raise slogans against the government ?’: Bombay HC on externment order against SDPI leader

We use cookies to give you the best possible experience. Learn more