ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നാളെ (ഒക്ടോബര്‍ 10, ശനി) ജന്തര്‍ മന്തറില്‍ സി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ മെട്രോ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെക്കരുതെന്ന് സുപ്രീംകോടതി. ദല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ റെയില്‍വേയുടെ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെക്കരുതെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം, ആനുപാതികതയുടെ തത്വങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രിതമായ രീതിയില്‍ ഈ സേവനങ്ങള്‍ അനുവദിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് മതിയായ പ്രചാരം നല്‍കണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് പൂര്‍ണ്ണമായ നിരോധനത്തിന് തുല്യമാകരുതെന്ന് കോടതി നിരീക്ഷിച്ചു. നിയന്ത്രിതമായ രീതിയില്‍ സേവനങ്ങള്‍ അനുവദിക്കുന്ന കാര്യം അധികൃതരെ ബോധ്യപ്പെടുത്താമെന്ന് ഈ നിരീക്ഷണത്തോട് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചു.
പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവര്‍ സമര്‍പിച്ച ഹരജിയിലാണ് കോടതിയുടെ നീരീക്ഷണങ്ങള്‍. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഉചിതമായ നിയന്ത്രണങ്ങളോടെ മെട്രോയും മറ്റ് ട്രെയിന്‍ സര്‍വീസുകളും അനുവദിക്കുന്നതില്‍ കൃത്യമായ തീരുമാനമെടുക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആ തീരുമാനത്തിന് വ്യാപകമായ പ്രചാരം നല്‍കണം. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പത്രങ്ങളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ട്രെയിനുകള്‍ നിര്‍ത്തിവെക്കുന്നതില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ആശങ്കയുണ്ടെന്ന് വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. മെട്രോ സ്റ്റേഷന്‍ പ്രവേശന കവാടങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുന്നതിലാണ് പ്രധാനമായും ആശങ്കയുള്ളത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഗൗരവമായ ആശങ്കകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘ഏതെങ്കിലും പ്രതിഷേധക്കാരെയോ വ്യക്തിയെയോ കുറിച്ചല്ല ഞങ്ങളുടെ ആശങ്ക. ഉപജീവനത്തിനായി ഗുരുഗ്രാം, ഗ്രേറ്റര്‍ നോയിഡ, കിഴക്കന്‍ ദല്‍ഹി, തെക്കന്‍ ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന ആയിരക്കണക്കിന് യാത്രക്കാരെക്കുറിച്ചാണ് ഞങ്ങളുടെ ആശങ്ക.
പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളും ജീവനക്കാരും മുതിര്‍ന്ന പൗരന്മാരും അവയിലുണ്ട്. സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. നിയമപാലകര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ തീര്‍ച്ചയായും അവകാശമുണ്ട്,’ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘ഈ നഗരത്തിലെ സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ നിയമപാലകര്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. അതില്‍ സംശയമില്ല.
ക്രമരഹിതമായ നീക്കങ്ങളെ നിയന്ത്രിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ചെയ്യാം. എന്നാല്‍ അതിനര്‍ത്ഥം എല്ലാം സ്തംഭിപ്പിക്കുകയും ആളുകളെ യാതൊരു ഗതാഗത സൗകര്യവുമില്ലാതെ വിടുക എന്നുമല്ല,’ ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി മെട്രോയുടെ പ്രവേശന കവാടങ്ങള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. 50 സ്റ്റേഷനുകളുടെ എന്‍ട്രി എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചിടാന്‍ ദല്‍ഹി പൊലീസ് ഡി.എം.ആര്‍.സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹിയിലെ നിസാമുദ്ദീന്‍, ന്യൂദല്‍ഹി സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുമുണ്ട്. ട്രാഫിക് ബ്ലോക്ക് അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
ട്രെയിനുകള്‍ റദ്ദാക്കിയ നടപടി ഹരജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ പത്തിന് പുലര്‍ച്ചെ നാല് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ന്യൂഡല്‍ഹി, നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തേണ്ട ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിന്‍ ദല്‍ഹിയിലേക്ക് വരുന്നുണ്ടെങ്കില്‍ അതിന് ഇവിടെ എത്താന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കണമെന്നും എന്നാല്‍ അത് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കരുതെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു. എല്ലാം പൂര്‍ണ്ണമായും സ്തംഭിക്കുന്നില്ലെന്നും പൗരന്മാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
Content Highlight: Can’t bring everything to halt: SC on Delhi Metro closure for EC protest