| Sunday, 15th June 2025, 8:58 pm

18 വര്‍ഷത്തെ കാത്തിരിപ്പ് റോയല്‍ ചലഞ്ചേഴ്സ് അവസാനിപ്പിച്ചു, 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.

ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.

വിരാട് കോഹ്‌ലിയും മഹേന്ദ്ര സിങ് ധോണിയും അടക്കമുള്ള ക്യാപ്റ്റന്‍മാര്‍ പരിശ്രമിച്ച് പരാജയപ്പെട്ട മണ്ണിലേക്കാണ് ടെസ്റ്റ് പരമ്പര ലക്ഷ്യം വെച്ച് ഗില്ലും സംഘവും ഇറങ്ങുന്നത്.

1932 മുതല്‍ 19 തവണ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തി. ഇതില്‍ വെറും മൂന്ന് തവണ മാത്രമാണ് ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാന്‍ സാധിച്ചത്.

2007ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ പരമ്പര വിജയം സ്വന്തമാക്കിയത്. രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലെത്തിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് വിജയിച്ചുകയറി.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം (2000 മുതല്‍)

2002 – പരമ്പര സമനില 1-1 (4)

2007 – ഇന്ത്യയ്ക്ക് വിജയം, 1-0 (3)

2011 – ഇംഗ്ലണ്ടിന് വിജയം, 4-0 (4)

2014 – ഇംഗ്ലണ്ടിന് വിജയം 3-1 (5)

2018 – ഇംഗ്ലണ്ടിന് വിജയം 4-1 (5)

2021 – പരമ്പര സമനില 2-2 (5)

വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.

ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.

2021ല്‍ കൈവിട്ട വിജയം സ്വന്തമാക്കാനുറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷോയിബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാരസ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്.

Content Highlight: Can India defeat England at England after 2007 ?

We use cookies to give you the best possible experience. Learn more