| Monday, 9th June 2025, 12:28 pm

പരിക്കിൽ നിന്ന് തിരിച്ചുവരാൻ എന്നെ പ്രചോദിപ്പിച്ചത് ആ ഇന്ത്യൻ സൂപ്പർ താരം; വമ്പൻ വെളിപ്പെടുത്തലുമായി ഗ്രീൻ

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കിൽ നിന്ന് തിരിച്ച് വരാൻ ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറ പ്രചോദനമായി എന്ന് തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

മുംബൈ ഇന്ത്യൻസിൽ ബുംറയ്‌ക്കൊപ്പം അധികം സമയം ചെലവഴിച്ചില്ലെങ്കിലും അവനെപ്പോലുള്ള ഒരാളെ ബന്ധപ്പെടാനും നിരീക്ഷിക്കാനും കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം അവൻ നന്നായി പന്തെറിഞ്ഞുവെന്നത് തനിക്ക് ഏറെ ആത്മവിശ്വാസം നൽകിയെന്ന് താരം കൂട്ടിച്ചേർത്തു. ക്രിക്ബസ്സിൽ സംസാരിക്കുകയായിരുന്നു കാമറൂൺ ഗ്രീൻ.

‘അത് വളരെ സ്പെഷ്യലാണ്. അതിനെക്കുറിച്ച് നിങ്ങൾക്ക് വളരെ മികച്ച അനുഭവം തോന്നും. മുംബൈയിൽ ഞാൻ ബുംറയോടൊപ്പം കളിച്ചിട്ടില്ല. പക്ഷേ അതായിരുന്നു ഞങ്ങളുടെ ബന്ധം. അവിടെ അവനോടൊപ്പം കുറച്ച് സമയം ചെലവഴിച്ചു.

അവനെപ്പോലുള്ള ഒരാളെ ബന്ധപ്പെടാനും നിരീക്ഷിക്കാനും കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം അവൻ നന്നായി പന്തെറിഞ്ഞുവെന്നത് എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി,’ ഗ്രീൻ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയൻ താരം. സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് മൂന്നാം ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ ജൂൺ 11നാണ് അവസാന പോരാട്ടം നടക്കുക.

19 മത്സരത്തിൽ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേർസെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്. പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിയിൽ ടെസ്റ്റ് ഫോർമാറ്റിലെ രാജപദവി നിലനിർത്താനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്.

അതേസമയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയാണ് സൗത്ത് ആഫ്രിക്ക കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തിൽ നിന്നും എട്ട് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളിൽ ഒന്നാമതെത്തിയത്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്‌സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റസ്, മാറ്റ് കുൻമാൻ, മാർനസ് ലബുഷാൻ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.

ട്രാവലിങ് റിസർവ്: ബ്രണ്ടൻ ഡോഗെറ്റ്

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോർസി, മാർകോ യാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മർക്രം, വിയാൻ മുൾഡർ, എസ്. മുത്തുസ്വാമി, ലുങ്കി എൻഗിഡി, ഡെയ്ൻ പാറ്റേഴ്സൺ, കഗീസോ റബാദ, റിയാൻ റിക്കൽടൺ, ട്രിസ്റ്റൺ സ്റ്റബ്സ്, കൈൽ വെരായ്നെ.

Content Highlight: Cameron Green reveals that Jasprit Bumrah is the inspiration for making successful comeback after surgery

We use cookies to give you the best possible experience. Learn more