ഐ.പി.എല്‍ 2026ന് മുന്നോടിയായി നടന്ന താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് റെക്കോഡ് തുക സ്വന്തമാക്കിയത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ വാശിയേറിയ ബിഡ്ഡിങ്ങിനൊടുവില്‍ 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മിനി ലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കിയതും ഗ്രീന്‍ തന്നെയായിരുന്നു.
ഐ.പി.എല്‍ താര ലേല ചരിത്രത്തില്‍ ഒരു ഓവര്‍സീസ് താരത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയുടെ റെക്കോഡും കഴിഞ്ഞ ദിവസം ഗ്രീന്‍ തന്നെ പേരിലാക്കിയിരുന്നു.
ഇതിനൊപ്പം തന്നെ മറ്റൊരു ചരിത്ര നേട്ടത്തിലും ഗ്രീന്‍ തന്റെ പേരെഴുതിച്ചേര്‍ത്തു. ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ട് തവണ 15 കോടി രൂപയിലേറെ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ഗ്രീന്‍ കാലെടുത്ത് വെച്ചത്. ഈ റെക്കോഡിലെത്തുന്ന രണ്ടാമത് മാത്രം താരമാണ് ഗ്രീന്‍.
2023ലാണ് ഗ്രീനിന് ഇതിന് മുമ്പ് 15 കോടിയിലേറെ തുക താരലേലത്തില്‍ ലഭിച്ചത്. 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറെ വാംഖഡെയിലെത്തിച്ചത്.
കാമറൂണ്‍ ഗ്രീന്‍ മുംബൈയില്‍. Photo: MIPaltan/x.com
ആ സമയത്ത് ഒരു ഓവര്‍സീസ് താരം നേടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത് താരമെന്ന നേട്ടവും ഗ്രീന്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തു. 18.50 കോടി നേടിയ സാം കറനാണ് റെക്കോഡില്‍ ഒന്നാമതുണ്ടായിരുന്നത്.
ഗ്രീനിന് മുമ്പ് രണ്ട് തവണ 15 കോടിയേറെ തുക സ്വന്തമാക്കിയതും മറ്റൊരു ഓസ്‌ട്രേലിയന്‍ താരമാണ്. കങ്കാരുക്കള്‍ക്ക് ചരിത്ര വിജയങ്ങള്‍ സമ്മാനിച്ച പാറ്റ് കമ്മിന്‍സാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്. 2020ലും 2024ലും താരലേലത്തിലാണ് കമ്മിന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്.
പാറ്റ് കമ്മിന്‍സ്. Photo: KKR/x.com
കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് 2020ല്‍ കമ്മിന്‍സിനെയും സ്വന്തമാക്കിയത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ സ്പീഡ് ഗണ്ണിനെ 15.50 കോടിക്കാണ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ആ സമയത്ത് ഏറ്റവും മൂല്യമേറിയ ഓവര്‍സീസ് താരമായും കമ്മിന്‍സ് മാറിയിരുന്നു.
2024ല്‍ കൊല്‍ക്കത്ത വിട്ട കമ്മിന്‍സിനെ അടിസ്ഥാന വിലയുടെ പത്തിരട്ടി അധികം നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മണ്ണിലെത്തിച്ചു. 20.50 കോടിയാണ് ഉദയസൂര്യന്‍മാര്‍ ഓസ്‌ട്രേലിയന്‍ നായകന് നല്‍കിയത്.
പാറ്റ് കമ്മിന്‍സ്. Photo: ipl/x.com
ആ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാനും കമ്മിന്‍സിന് സാധിച്ചു. എന്നാല്‍ കിരീടപ്പോരാട്ടത്തില്‍ തന്റെ പഴയ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെടുകയായിരുന്നു.
Content Highlight: Cameron Green becomes the 2nd ever player to receive 15 crore twice in IPL auction