| Monday, 2nd June 2025, 3:04 pm

സര്‍വകലാശാല വാക്ക് പാലിച്ചില്ല; ഫലസ്തീന്‍ അനുകൂല ക്യാമ്പുകള്‍ പുനസ്ഥാപിച്ച് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഒരിടവേളയ്ക്ക് ശേഷം ക്യാമ്പസിലെ ഫലസ്തീന്‍ അനുകൂല ക്യാമ്പുകള്‍ വീണ്ടും ആരംഭിച്ച് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍. ഗസക്കെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ പങ്കാളികളായ കമ്പനികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം വീണ്ടും ആരംഭിച്ചത്.

ട്രിനിറ്റി കോളേജിന് പുറത്തായാണ് പ്രതിഷേധ ക്യാമ്പ് പുനരാരംഭിച്ചത്. ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ നിന്നും ധാര്‍മികവും ഭൗതികവുമായ പങ്കാളിത്തം അവസാനിപ്പിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ തന്നെ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു.  അന്ന് സര്‍വകലാശാല അധികൃതര്‍ തീരുമാനം പുനപരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. കേംബ്രിഡ്ജ് ഫോര്‍ ഫലസ്തീന്‍ എന്ന സംഘടനയാണ് പ്രതിഷേധത്തിന് പിന്നില്‍.

ഇസ്രഈലുമായി ബന്ധമുള്ള എല്‍ബിറ്റ് സിസ്റ്റംസ്, കാറ്റര്‍പില്ലര്‍, എല്‍ ത്രി ഹാരിസ് ടെക്‌നോളജീസ്, ബാര്‍ക്ലയേഴ്‌സ് എന്നീ കമ്പനികളില്‍ ട്രിനിറ്റി സര്‍വകലാശാലയ്ക്ക് നിക്ഷേപം ഉണ്ടെന്ന് കേംബ്രിഡ്ജ് ഫോര്‍ ഫലസ്തീന്‍ ആരോപിച്ചിരുന്നു. ഇവരുമായുള്ള സഹകരണത്തില്‍ നിന്ന് പിന്മാറണമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നത്.

പ്രതിഷേധം ശക്തമാക്കിയ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റികളും പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രസ്തുത കമ്പനികളുമായുള്ള എല്ലാ സാമ്പത്തിക സഹകരണങ്ങളും നിര്‍ത്തി വെക്കുക, സാമ്പത്തിക ബന്ധങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തുക, കമ്പനികളില്‍ നിന്ന് ഓഹരികള്‍ പൂര്‍ണമായി പിന്‍വലിക്കുക, ഫലസ്തീന്‍ മേഖലകളില്‍ വീണ്ടും നിക്ഷേപിക്കുക എന്നിവയുള്‍പ്പെടെ നാല് പ്രധാന ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചത്.

കൂടാതെ കേംബ്രിഡ്ജിലെ ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും പിന്തുണ നല്‍കുക, ഗസയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കുക, ഫലസ്തീന്‍ സര്‍വകലാശാലകളുമായി പങ്കാളിത്തം സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചട്ടുണ്ട്.

കൂടാതെ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന നയങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യമുണ്ട്.

Content Highlight: Cambridge university students relaunches pro Palestine encampment

We use cookies to give you the best possible experience. Learn more