ഫ്നോം പെന്‍: 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പോഡിയയിലെ ഖമര്‍ റൂഷ് ഭരണകൂടം പീഡനത്തിനും വധശിക്ഷയ്ക്കും ഉപയോഗിച്ചിരുന്ന മൂന്ന് സ്ഥലങ്ങള്‍ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്‌കോ. വെള്ളിയാഴ്ച പാരീസില്‍ നടന്ന 47ാമത് ലോക പൈതൃക സമിതി സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക ഏജന്‍സിയാണ് ഈ മൂന്ന് സ്ഥലങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
1975 മുതല്‍ 1979 വരെ പട്ടിണി, പീഡനം, കൂട്ട വധശിക്ഷ എന്നിവയിലൂടെ 1.7 ദശലക്ഷം കമ്പോഡിയക്കാരുടെ മരണത്തിന് കാരണമായ ഖമര്‍ റൂഷ് റൂഷ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സാംസ്‌കാരിക ഏജന്‍സിയുടെ പ്രഖ്യാപനം.
വെള്ളിയാഴ്ച പുറത്തുവിട്ട പട്ടികയില്‍ കമ്പോഡിയയിലെ രണ്ട് കുപ്രസിദ്ധ ജയിലുകളും ഹോളിവുഡ് സിനിമകളിലെ സ്ഥിരം ലൊക്കേഷനായ വധശിക്ഷാ സ്ഥലവും ഉള്‍പ്പെട്ടിട്ടുണ്ട്. കമ്പോഡിയയുടെ തലസ്ഥാനമായ ഫ്നോം പെനില്‍ സ്ഥിതി ചെയ്യുന്ന ടുവോള്‍ സ്ലെങ് വംശഹത്യ മ്യൂസിയമാണ് പട്ടികയില്‍ ഇടം നേടിയ ഒരു സ്ഥലം. ഖെമര്‍ റൂഷ് ഭരണകൂടത്തിന്റെ കാലത്ത് ജയിലായി ഉപയോഗിച്ചിരുന്ന മുന്‍ ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. എസ്-21 എന്നറിയപ്പെടുന്ന ഇവിടെ ഏകദേശം 15,000 പേരെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.
മധ്യ കമ്പോഡിയയിലെ ഗ്രാമീണ കമ്പോങ് ച്‌നാങ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന എം-13 ജയിലാണ് ലിസ്റ്റിലെ മറ്റൊരു സ്ഥലം. ഖമര്‍ റൂഷിലെ ആദ്യകാലത്തെ പ്രധാന ജയിലുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെട്ടിരുന്നു.
തലസ്ഥാന നഗരമായ ഫ്നോം പെനില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ചോയുങ് ഏക് വധശിക്ഷ നടപ്പാക്കാനുള്ള ഇടമാണ്. ഇത് കൂട്ടക്കുഴിമാടമായും ഉപയോഗിച്ചിരുന്നു. അവിടെ നടന്ന അതിക്രമങ്ങളുടെ കഥയാണ് ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോ ജേണലിസ്റ്റ് ഡിത്ത് പ്രാന്റെയും ലേഖകന്‍ സിഡ്‌നി ഷാന്‍ബെര്‍ഗിന്റെയും അനുഭവങ്ങളെ അടിസ്ഥാനമാക്കി 1984ല്‍ പുറത്തിറങ്ങിയ ‘ദി കില്ലിംഗ് ഫീല്‍ഡ്‌സ്’ എന്ന സിനിമയില്‍ പറയുന്നത്.
Content Highlight: Cambodian sites of Khmer Rouge atrocities added to UNESCO heritage list