വാഷിങ്ടണ്‍: ഗസയിലെ തടഞ്ഞുവെക്കപ്പെട്ട മാനുഷിക സഹായങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് സര്‍വകലാശാലയായ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
ഇസ്രഈലിന് ആയുധങ്ങളും മറ്റ് സഹായങ്ങളും നല്‍കുന്ന കമ്പനികളില്‍ നിന്ന് സി.എസ്.യു പിന്മാറണമെന്നും ഗസയിലേക്കുള്ള സഹായങ്ങള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ സമരം. ഫലസ്തീന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ആഹ്വാനത്തെ തുടര്‍ന്നാണ് സി.എസ്.യു വിദ്യാര്‍ത്ഥികള്‍ സമരരംഗത്തേക്ക് ഇറങ്ങിയത്.
‘ഗസയ്ക്കായി സി.എസ്.യു നടത്തുന്ന സമരത്തിന്റെ ഏഴാം ദിവസമാണിത്. സ്വതന്ത്ര ഫലസ്തീനായുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. നിലവില്‍ സമരം കാലിഫോര്‍ണിയയില്‍ മാത്രമല്ല അമേരിക്കയിലുടനീളമുള്ള മറ്റ് ക്യാമ്പസുകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഓരോ വിദ്യാര്‍ത്ഥികളോടും അവരുടെ ശബ്ദവും ശക്തിയും ഉപയോഗിച്ച് ഭരണകൂടത്തിന്റെ വംശഹത്യക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുകയാണ്,’ സമരക്കാര്‍ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു. ഏകദേശം 30 ഓളം വിദ്യാര്‍ത്ഥികളാണ് മെയ് അഞ്ച് മുതല്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്.
സി.എസ്.യു ലോങ് ബീച്ച്, സാക്രമെന്റോ സ്റ്റേറ്റ്, സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ്, സാന്‍ ജോസ് സ്റ്റേറ്റ് എന്നീ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മെയ് അഞ്ചിനാണ് നിരാഹാര സമരം ആരംഭിച്ചത്. നിലവില്‍ വെള്ളവും മറ്റ് ഇലക്ട്രോ ലൈറ്റുകളും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ ആരോഗ്യം നിലനിര്‍ത്തുന്നത്.
ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്ന ലോക്ഹീഡ് മാര്‍ട്ടിന്‍ ആന്‍ഡ് ലിയനാര്‍ഡോ, ഡാറ്റ അനലിസിസ് കമ്പനിയായ പലാന്റിര്‍, നിര്‍മാണ കമ്പനിയായ കാറ്റര്‍ പില്ലര്‍ എന്നിവയുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയുടെ അതേപാത സി.എസ്.യുവും പിന്തുടരണമെന്നാണ് സമരക്കാരുടെ ആവശ്യം.
ഇതിന് പുറമെ ഇസ്രഈലി യൂണിവേഴ്‌സിറ്റികളുമായുള്ള സഹകരണം സര്‍വകലാശാലകള്‍ അവസാനിപ്പിക്കണമെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധങ്ങള്‍ക്കും എതിരെ സര്‍വകലാശാല സ്വീകരിക്കുന്ന നടപടികള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
സി.എസ്.യുവിന് പുറമെ അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സ്റ്റികളായ സ്റ്റാന്‍ഫോര്‍ഡും യേലും യു.സി.എല്‍.എയും നിരാഹാര സമരത്തില്‍ പങ്കാളികളാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കൂടാതെ ഫലസ്തീന്‍, ഇന്ത്യ, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും സമരത്തിന് പിന്തുണക്കാരുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നുണ്ട്.
ഇസ്രഈല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഭക്ഷണവുമടക്കമുള്ള എല്ലാ മാനുഷിക സഹായങ്ങളും ഇസ്രഈല്‍ നിരോധിച്ചിരുന്നു. ഇവ പുനസ്ഥാപിക്കുന്ന ചര്‍ച്ചകളുടെ ഭാഗമായി ഹമാസിന്റെ പക്കലുള്ള അവസാന അമേരിക്കന്‍ ബന്ദിയെ ഹമാസ് ഇന്നലെ മോചിപ്പിച്ചിരുന്നു.
യു.എസ് ബന്ദിയായ ഏദന്‍ അലക്സാണ്ടറിനെയാണ് മോചിപ്പിച്ചത്. ഗസയിലേക്ക് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ അനുവദിക്കുന്നതിനായും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായും ഹമാസും യു.എസും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.എസ് ബന്ദിയെ മോചിപ്പിക്കാന്‍ തീരുമാനമായത്.
Content Highlight: California State University students’ hunger strike enters eighth day demanding restoration of aid to Gaza