കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റുകളില്‍ കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് വിജയം.
യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എം.എസ്.എഫിന്റെ ആദ്യത്തെ ചെയര്‍പേഴ്സണായി ഷിഫാന പി. യെ തെരഞ്ഞെടുത്തു. തൃശൂരിലെ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് ഷിഫാന. പി.
45 വര്‍ഷം മുമ്പ് ടി.വി.പി ഖാസിം സാഹിബാണ് എം.എസ്.എഫിന്റെ അവസാന ചെയര്‍മാന്‍ ആയത്. ജനറല്‍ സെക്രട്ടറി പോസ്റ്റിലും ഇതാദ്യമായാണ് എം.എസ്.എഫ് പ്രതിനിധി വിജയിക്കുന്നത്.
സൂഫിയാന്‍ വില്ലന്‍ (ജനറല്‍ സെക്രട്ടറി, എം.എസ്.എഫ്) മുഹമ്മദ് ഇര്‍ഫാന്‍ (വൈസ് ചെയര്‍മാന്‍, എം.എസ്.എഫ്) നാഫിയ ബിറ (വൈസ് ചെയര്‍മാന്‍ ലേഡി, എം.എസ്.എഫ്), അനുഷ റോബി (ജോയിന്റ് സെക്രട്ടറി, കെ.എസ്.യു) എന്നിവരും യു.ഡി.എസ്.എഫ് പാനലില്‍ തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വിജയാഘോഷത്തിനിടെ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒടുവില്‍ പൊലീസ് ഇടപെട്ട് ലാത്തി വീശുകയായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍ വിഷയത്തില്‍ യു.ഡി.എഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിട്ടുവീഴ്ച ചെയ്യണമെന്ന് കെ.എസ്.യുവിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
യു.ഡി.എഫ് നേതൃത്വം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചുമതലപ്പെടുത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ കെ.എസ്.യു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് സണ്ണി ജോസഫ് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് നിര്‍ദേശം നല്‍കിയിരുന്നു.
പ്രശ്നപരിഹാരത്തിനായി കെ.എസ്.യു നേതൃത്വം തന്നെയാണ് പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും സമീപിച്ചത്.
ഇത്തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍ സ്ഥാനം എം.എസ്.എഫിന് നല്‍കാമെന്ന് ആദ്യം തന്നെ യു.ഡി.എസ്.എഫില്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ധാരണ കെ.എസ്.യു നേതൃത്വം ലംഘിച്ചെന്ന് എം.എസ്.എഫ് നേതൃത്വം ആരോപിച്ചു. ഇതോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.എഫ് തനിച്ച് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നടന്ന സമവായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചെയര്‍മാന്‍ സ്ഥാനം എം.എസ്.എഫിന് നല്‍കിയത്.
Content Highlight: Calicut University Union elections; MSF-KSU alliance wins five seats