കോഴിക്കോട്: പരീക്ഷ നടത്തിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഗുരുതര പിഴവ് സംഭവിച്ചു. നാല് വര്‍ഷ ബിരുദ കോഴ്‌സായ എം.ഡി.സി സൈക്കോളജിയുടെ ഒന്നാം സെമസ്റ്ററിന് നല്‍കിയത് കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍. വീഴ്ച കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.
2024ല്‍ നല്‍കിയ അതേ ചോദ്യപേപ്പര്‍ തന്നെയാണ് വള്ളി പുള്ളി തെറ്റാതെ 2025ലെ ആദ്യ സെമസ്റ്ററിലും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. പരീക്ഷയ്ക്ക് വേണ്ടി വിവിധ അധ്യാപകരുടെ പാനലാണ് ചോദ്യപേപ്പര്‍ നിര്‍മിക്കുന്നതെന്നും തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അതേപോലെ പ്രിന്റിങ്ങിന് അയക്കലാണെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിച്ചു.
പരീക്ഷാ സമയത്ത് മാത്രമാണ് പിന്നീട് അധ്യാപകര്‍ ഈ ചോദ്യ പേപ്പര്‍ കാണുക എന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു. ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകരുടെ വീഴ്ചയാണ് ഇതിന് കാരണമായതെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതോടെ പരീക്ഷ റദ്ദാക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. ഇതോടെ വെട്ടിലാകുന്നത് വിദ്യാര്‍ത്ഥികളാണ്. കുട്ടികള്‍ വീണ്ടും പഠിച്ച് വന്ന് പരീക്ഷ എഴുതേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല യൂണിവേഴ്‌സിറ്റിയുടെ തീരുമാനം അക്കാദമിക് കലണ്ടറിനേയും ബാധിച്ചേക്കും. ഇതോടൊപ്പം ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കെതിരെ അന്വേഷണം ഉണ്ടാകും.
Content Highlight: Calicut University plans to cancel exams following serious flaws in question paper