| Friday, 31st October 2025, 9:08 pm

കാലിക്കറ്റ് സര്‍വകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പ്; ഒമ്പത് സീറ്റിലും വിജയിച്ച് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മിന്നും ജയം. ഒമ്പതില്‍ ഒമ്പത് സീറ്റും നേടിയാണ് എസ്.എഫ്.ഐയുടെ വിജയം.

നേരത്തെ നടന്ന തെരഞ്ഞെടുപ്പ് കെ.എസ്.യു-എം.എസ്.എഫ് ആരോപണങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ശേഷം ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐ വിജയം കണ്ടത്.

മുന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ വ്യാജബാലറ്റുകളുമായാണ് വോട്ടെണ്ണലിന് എത്തിയതെന്നായിരുന്നു എം.എസ്.എഫ് സഖ്യത്തിന്റെ പ്രധാന ആരോപണം. മാത്രമല്ല, ബാലറ്റില്‍ സീരിയല്‍ നമ്പറും റിട്ടേര്‍ണിങ് ഓഫീസറുടെ ഒപ്പും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു-എം.എസ്.എഫ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

വോട്ടെണ്ണലിനിടെ ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തത് പിന്നീട് സംഘര്‍ഷത്തിലാണ് അവസാനിച്ചത്. തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് ക്യാമ്പസ് പൂട്ടിയിടുകയും തെരഞ്ഞെടുപ്പ് ക്രമങ്ങള്‍ വൈസ് ചാന്‍സലര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

സീരിയല്‍ നമ്പറും റിട്ടേര്‍ണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പര്‍ നല്‍കിയത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വി.സിയുടെ നടപടി.

ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയതില്‍ വിശദമായ അന്വേഷണത്തിനും വി.സി ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 10നായിരുന്നു കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെയാണ് ഹൈക്കോടതി വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.


‘ക്യാമ്പസിലെ യൂ.ഡി.എസ്.എഫ് ആദ്യമേ തോറ്റതാണ്.. വീണ്ടും…,’ വിജയത്തില്‍ എസ്.എഫ്.ഐ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് യൂണിറ്റ് പ്രതികരിച്ചു. ‘ആദ്യം കീറി തോറ്റു… പിന്നെ നാറി തോറ്റു,’ എന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും പ്രതികരിച്ചു.

Content Highlight: Calicut University DSU elections; SFI wins all nine seats

We use cookies to give you the best possible experience. Learn more