കൊച്ചി: കെ.എസ്.യു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എ ഗ്രൂപ്പും കെ.സി ഗ്രൂപ്പും തമ്മില്‍ ഏറ്റുമുട്ടലും കയ്യാങ്കളിയും. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എസ്.എഫ് സീറ്റ് വിഭജനത്തെ ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്.
സര്‍വകലാശാലയിലെ യു.ഡി.എസ്.എഫ് സഖ്യം ഫലപ്രദമായി പ്രാവർത്തികമാക്കുന്നതില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പരാജയപ്പെട്ടുവെന്ന എ ഗ്രൂപ്പിന്റെ വിമര്‍ശനമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. എ. ഗ്രൂപ്പ് നേതാക്കള്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണക്കുന്നവരും അലോഷ്യസിനെതിരെ രംഗത്തെത്തി.
കഴിഞ്ഞ തവണ യു.ഡി.എസ്.എഫ് ചര്‍ച്ചയില്‍ ചെയര്‍മാന്‍ സ്ഥാനം എം.എസ്.എഫിന് നല്‍കാമെന്ന് ഷാഫി പറമ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഷാഫി പറമ്പില്‍ വാക്ക് നല്‍കി വഞ്ചിച്ചുവെന്ന് എം.എസ്.എഫ് പ്രചരണം നടത്തിയെന്നും ഈ പ്രചരണം അലോഷ്യസ് സേവ്യര്‍ കണ്ടില്ലെന്ന് നടിച്ചെന്നുമാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനം.
അതേസമയം ഷാഫി പറമ്പില്‍ എം.എസ്.എഫിന് വാഗ്ദാനം നല്‍കിയ വിവരം ഷാഫി പറമ്പില്‍ തന്നെയോ കെ.എസ്.യുവിനെയോ അറിയിച്ചിട്ടില്ലെന്നാണ് അലോഷ്യസ് സേവ്യര്‍ പറയുന്നത്. തനിക്ക് അറിയാത്ത ഒരു വിഷയത്തില്‍ എന്താണ് പറയേണ്ടതെന്നും അലോഷ്യസ് യോഗത്തില്‍ ചോദിച്ചു.
ഇതിനുപിന്നാലെ അലോഷ്യസിനെ പിന്തുണച്ച് കെ.സി പക്ഷക്കാരനായ അനീഷ് ആന്റണി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തിയതോടെ മറ്റു നേതാക്കള്‍ അനീഷിനെ അടക്കം പിടിച്ചുമാറ്റുകയായിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ്.എഫുമായി ചേര്‍ന്ന് പോകാനും ചെയര്‍മാന്‍ സ്ഥാനം എം.എസ്.എഫിന് വിട്ടുനല്‍കാനും കെ.എസ്.യു യോഗത്തില്‍ തീരുമാനമായതാണ് വിവരം.
നേരത്തെ സമാനമായ നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവെച്ചിരുന്നു. യു.ഡി.എഫില്‍ വിള്ളലുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കെ.എസ്.യുവിന് നല്‍കിയ നിര്‍ദേശം. പിന്നാലെ പ്രശ്‌നപരിഹാരത്തിനായി കെ.എസ്.യു നേതൃത്വം പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും സമീപിച്ചിരുന്നു.
നിലവില്‍ കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും അനുമതിയോടെ ഉടന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കാനും ധാരണയായിട്ടുണ്ട്.
എന്നാല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് കെ.എസ്.യു-എം.എസ്.എഫ് തര്‍ക്കങ്ങള്‍ നിലനില്‍ക്കെ കെ.എസ്.യു സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പുറത്തുവന്നിരുന്നു. കോഴിക്കോട് നിന്നുള്ള അഹദ് സമാന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മറ്റു ചില വിഷയങ്ങളിലും വിമര്‍ശനമുയര്‍ന്നു. രണ്ടാഴ്ചക്കിടെ രണ്ട് പഠിപ്പുമുടക്ക് നടത്തിയത് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം. പിന്നാലെ ആതാവശ്യഘട്ടത്തില്‍ ജില്ലാ തലം വരെ മാത്രേ പഠിപ്പുമുടക്കാവൂ എന്നും അടിയന്തര സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ പഠിപ്പ് മുടക്കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
Content Highlight: Chairman candidate in Calicut University; KC group and A group clash at KSU meeting