| Monday, 18th August 2025, 2:44 pm

ആസിഫ് അലി പ്രോണ്‍സ് കറി; കോഴിക്കോടിന്റെ പുതുരുചി

ഹണി ജേക്കബ്ബ്

‘നല്ല ചൂട് ചോറ്, ചക്കക്കുരു – മാങ്ങ – മുരിങ്ങാക്കോല്‍ ചെമ്മീന്‍ കറി, ആ ചോറിലേക്ക് കുറച്ച് തൈര്, മാങ്ങാ അച്ചാര്‍, പപ്പടം, പിന്നെ ഒരു മീന്‍ വറുത്തത്. അതാണ് എന്റെ ഏറ്റവും കംഫര്‍ട്ട് ഫുഡ്,’ ആസിഫ് അലി ഇത് പറഞ്ഞുകഴിഞ്ഞപ്പോള്‍ പേര്‍ളിയോടൊപ്പം നമ്മളും അറിയാതെ വെള്ളമിറക്കിപോയിട്ടുണ്ടാകും.

തൊടുപുഴക്കാരനായ ആസിഫ് തന്റെ കംഫര്‍ട്ട് ഫുഡിനെ കുറിച്ച് പറഞ്ഞുകഴിഞ്ഞപ്പോള്‍ ആഹാരപ്രേമികള്‍ അന്വേഷിച്ചത് മാങ്ങയും മുരിങ്ങാക്കോലും ചക്കക്കുരുവും ഇട്ട നല്ല നാടന്‍ ചെമ്മീന്‍ കറി എവിടെ കിട്ടുമെന്നാണ്. സ്വിഗിയിലും സോമാറ്റോയിലുമെല്ലാം തിരഞ്ഞപ്പോഴും നിരാശയായിരുന്നു ഫലം. ചെമ്മീന്‍ കറിയും കൂട്ടി ഊണ് കഴിക്കുന്നത് സ്വപ്നം കണ്ടുകൊണ്ട് വായില്‍ നുരഞ്ഞുപൊന്തിയ ഉമിനീര്‍ അവരിറക്കി.

കേരള പൊറോട്ടയുടെ കൂടെയും സുന്ദരി നൈസ് പത്തിരിയുടെ കൂടെയുമെല്ലാം അസാധ്യ കോമ്പിനേഷനാണ് ആസിഫ് അലി പ്രോണ്‍സ് കറി

എന്നാല്‍ ഭക്ഷണ പ്രിയരേ ഇതിലേ… ഇതിലേ… എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ആവിപറക്കുന്ന ചെമ്മീനും മുരിങ്ങാക്കോലും മാങ്ങയുമിട്ട നല്ല ഉശിരന്‍ കറി വിളമ്പുകയാണ് കാലങ്ങളായി കോഴിക്കോടിന്റെ മണ്ണില്‍ രുചി പകരുന്ന കാലിക്കറ്റ് പരിവാര്‍ റെസ്റ്റോറന്റ്. നല്ല മൊരിഞ്ഞ സ്പ്രിങ് ചിക്കന്‍ ഫ്രൈയും അരിപ്പത്തിരിയും കോഴിക്കറിയും ബിരിയാണിയും മാത്രമല്ല, ഇപ്പോള്‍ ആസിഫ് അലി പറഞ്ഞ ആ ‘ആസിഫ് അലി പ്രോണ്‍സ് കറി’യും പരിവാറില്‍ ലഭ്യം.

ഫ്രഷായ ചെമ്മീനും പുളി കാരണം കണ്ണടഞ്ഞുപോകുന്ന നാട്ടുമാങ്ങയും മുരിങ്ങാക്കോലുമാണ് ആസിഫ് അലി ഫിഷ് കറിയിലെ മെയിന്‍ താരം. ചക്ക സീസണല്‍ ഫ്രൂട്ട് ആയതുകൊണ്ടും എല്ലാക്കാലത്തും ചക്കയുടെ ലഭ്യത ഇല്ലാത്തതുകൊണ്ടും ചക്കക്കുരു ഈ കറിയിലില്ല. എന്നാല്‍ ചക്കക്കുരുവിന്റെ അസാന്നിധ്യം കഴിക്കുന്നവര്‍ക്ക് ലവലേശം പോലും ഫീലാകില്ല. അത്ര ഭംഗിയായി മാങ്ങയും മുരിങ്ങാക്കോലും ചെമ്മീനും അവരുടെ ഭാഗം നന്നായി ചെയ്യും.

കാലിക്കറ്റ് പരിവാറില്‍ മാത്രമാണ് നമ്മുടെ ആസിഫ് അലി പ്രോണ്‍സ് കറിയുള്ളത്

ഈ ഗഡികളെയെല്ലാം ഒരു മണ്‍ചട്ടിയിലേക്കിട്ട് തേങ്ങാപ്പാലും കുറച്ച് പൊടികൈകളും സ്നേഹവും ചേര്‍ത്ത് കുറുക്കി എടുത്താല്‍ സ്വാദിഷ്ടമായ ‘ആസിഫ് അലി പ്രോണ്‍സ് കറി’ തയ്യാര്‍. കാലിക്കറ്റ് പരിവാറില്‍ മാത്രമാണ് നമ്മുടെ ആസിഫ് അലി പ്രോണ്‍സ് കറിയുള്ളത്. ഒരു തവണ സ്വാദ് നോക്കിയാല്‍ വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്യിപ്പിക്കുന്ന എന്തോ ഒരു മാന്ത്രികത ചെമ്മീനും മാങ്ങയും മുരിങ്ങാക്കോലും ചേരുമ്പോള്‍ സംഭവിക്കുന്നുണ്ട്.

അരികെല്ലാം മൊരിഞ്ഞ് നല്ല പതുപതുത്ത വെള്ളയപ്പത്തിന്റെ കൂടെയും ചൂടുകല്ലില്‍ നിന്ന് അടികൊണ്ട് തകര്‍ന്ന കേരള പൊറോട്ടയുടെ കൂടെയും സുന്ദരി നൈസ് പത്തിരിയുടെ കൂടെയുമെല്ലാം അസാധ്യ കോമ്പിനേഷനാണ് ആസിഫ് അലി പ്രോണ്‍സ് കറി.

Content Highlight: Calicut Parwar Restaurant introduce ‘Asif Ali Prawn Curry’

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more