| Thursday, 12th May 2011, 5:18 pm

ഊദും ഊദിന്റെ അത്തറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പലതും കടല്‍ കടന്ന് പോയത് കോഴിക്കോട് വഴിയാണ്. അതുകൊണ്ട് തന്നെ കോഴിക്കോട് വ്യാപാരത്തിന്റെ നഗരമായി. ഇതിനൊപ്പം കോഴിക്കോട് വഴി സുഗന്ധവും കടല്‍ കടന്നു. ഈ സുഗന്ധം ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സ് കെട്ടിടങ്ങളിലാണ്.

ഊദും ഊദിന്റെ അത്തറും എന്നെഴുതിയ ബോര്‍ഡുകള്‍ ഇവിടെ സാധാരണമാണ്. ഊദുകളോട് അറബികള്‍ക്കാണ് ഏറെ പ്രിയം. അറബികള്‍ നേരിട്ടെത്തി ഇവിടെ നിന്നും ഊദും അത്തറുകളും വാങ്ങിപ്പോകുന്നു. അവധിക്ക് നാട്ടിലെത്തുന്ന മലയാളികളും അത്തര്‍ വാങ്ങി അറബികള്‍ക്കെത്തിക്കാറുണ്ട്.

അറേബ്യന്‍ വീടുകളിലും സദസ്സുകളിലും ഊദ് പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ ചന്ദനത്തിരിക്ക് പകരമായാണ് അറബികള്‍ ഊദ് ഉപയോഗിക്കുന്നത്. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളിലും ഊദ് ഉല്‍പാദനമുണ്ട്. എന്നാല്‍ അറബികള്‍ക്ക് പ്രിയം ഇന്ത്യന്‍ ഊദിനോടാണെന്ന് കോഴിക്കോട് മസ്‌ക് ഊദിലെ റഫീഖ് പറയുന്നു.

ഇന്ത്യയില്‍ ആസാമിലാണ് ഊദ് ഉല്‍പാദിപ്പിക്കുന്നത്. ഒരു പ്രത്യേകതരം മരമാണിത്. മരത്തില്‍ ഫംഗസ് ബാധയേല്‍ക്കുമ്പോള്‍ അത് സുഗന്ധമുള്ളതായിത്തീരുകയാണ് ചെയ്യുന്നത്. മരത്തിന്റെ കഷണങ്ങള്‍ ഊദായി വിപണിയിലെത്തുന്നു. സുഗന്ധത്തിന്റെ മാറ്റമനുസരിച്ച് ഊദിന്റെ വിലയിലും വ്യത്യാസമുണ്ട്.

100 ഗ്രാം ഊദിന് 1000 മുതല്‍ 40000 രൂപ വരെ വിലയുണ്ട്. ഊദ് മരത്തില്‍ നിന്നാണ് ഊദിന്റെ അത്തര്‍ നിര്‍മ്മിക്കുന്നത്. ഇതിന് മൂന്ന് മില്ലിഗ്രാമിന് 500 രൂപ മുതല്‍ 6500 രൂപ വരെ വിലയുണ്ട്. ജന്നത്, മാലികി, ഖസൂസ് തുടങ്ങിയ പേരുകളില്‍ അത്തറുകള്‍ പുറത്തിറങ്ങുന്നുണ്ട്. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സ് കേന്ദ്രീകരിച്ച് ഇപ്പോള്‍ 22 ഓളം ഊദ് വില്‍പന കേന്ദ്രങ്ങളുണ്ട്.

We use cookies to give you the best possible experience. Learn more