| Tuesday, 2nd September 2025, 12:14 pm

സിക്‌സര്‍ വേട്ടയുമായി കൃഷ്ണ ദേവന്‍; അഞ്ചാം ജയവുമായി കാലിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ ബൗളിങ് ഓള്‍റൗണ്ടര്‍ കൃഷ്ണ ദേവന്‍. കഴിഞ്ഞ ദിവസം ഏരീസ് കൊല്ലം സെയ്ലേഴ്സുമായി നടന്ന മത്സരത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന്റെ ഇന്നിങ്‌സിലെ അവസാന അഞ്ച് പന്തും അതിര്‍ത്തി കടത്തിയാണ് താരം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്.

ഏരീസ് കൊല്ലത്തിന്റെ ഷറഫുദ്ധീന്‍ എറിഞ്ഞ 20ാം ഓവറിലാണ് സംഭവം നടന്നത്. ഓവറിലെ ആദ്യ പന്തില്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന അഖില്‍ സകരിയ സിംഗിളെടുത്തു. പിന്നാലെ സ്‌ട്രൈക്കില്‍ എത്തിയ കൃഷ്ണ ദേവന്‍ ബാക്കി അഞ്ച് പന്തും ഗാലറിയിലെത്തിച്ചു.

ഏഴാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയാണ് താരം ഈ പ്രകടനം നടത്തിയത്. ദേവന്‍ ക്രീസിലെത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 150 റണ്‍സ് എന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. 18ാം ഓവറിന്റെ അഞ്ചാം പന്തില്‍ ടീമിനായി ബാറ്റിങ് ആരംഭിച്ച താരം മികച്ച പ്രകടനത്തോടെ സ്‌കോര്‍ 200 കടത്തി.

ഈ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ താരം പുറത്താകാതെ 49 റണ്‍സ് നേടി. അത് വെറും 11 പന്തുകള്‍ നേരിട്ടാണ് കൃഷണ ദേവന്‍ സ്വന്തമാക്കിയത്. അവസാന ഓവറിലെ സിക്‌സറുകള്‍ക്ക് പുറമെ, രണ്ട് സിക്സും ഒരു ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 445.45 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

മത്സരത്തില്‍ കൃഷ്ണ ദേവന്റെ വെടിക്കെട്ട് പ്രകടനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ഏരീസ് കൊല്ലത്തിനെതിരെ 14 റണ്‍സിനായിരുന്നു ടീമിന്റെ വിജയം. താരത്തിന് പുറമെ, മരുതുങ്കല്‍ അജിനാസും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും അഖില്‍ സകരിയയും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

അജിനാസ് 28 പന്തില്‍ 46 റണ്‍സും ക്യാപ്റ്റന്‍ 29 പന്തില്‍ 36 റണ്‍സും നേടി. സകരിയ 25 പന്തില്‍ പുറത്താവാതെ 32 റണ്‍സും എടുത്തു. ഇവരുടെ പ്രകടനത്തില്‍ കാലിക്കറ്റ് 202 എന്ന വിജയലക്ഷ്യം സെയ്ലേഴ്‌സിന് മുമ്പില്‍ ഉയര്‍ത്തി.

മറുപടി ബാറ്റിങ്ങില്‍ അഭിഷേക് നായര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. താരം 50 പന്തുകള്‍ നേരിട്ട് 74 റണ്‍സാണ് എടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 19 പന്തില്‍ 29 റണ്‍സെടുത്തതാണ് ടീമിലെ മറ്റൊരു മികച്ച പ്രകടനം.

Content Highlight: Calicut Globe Stars’ Krishna Devan hit five consecutive sixes in KCL against Aries Kollam Sailors

We use cookies to give you the best possible experience. Learn more