കെ.സി.എല്ലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് തകര്‍പ്പന്‍ വിജയം. ആലപ്പി റിപ്പിള്‍സിനെതിരെ 44 റണ്‍സിനാണ് ഗ്ലോബ്സ്റ്റാര്‍സ് വിജയിച്ചു കയറിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
കാലിക്കറ്റിന് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് അഖില്‍ സ്‌കറിയാണ്. 30 പന്തില്‍ 45 റണ്‍സാണ് താരം അടിച്ചെടുത്തത്. ഓപ്പണറും ക്യാപ്റ്റനുമായ രോഹന്‍ കുന്നുമ്മല്‍ 16 പന്തില്‍ 31 റണ്‍സും നേടി മികവ് പുലര്‍ത്തി.
ആലപ്പിക്കുവേണ്ടി രാഹുല്‍ ചന്ദ്രന്‍ മൂന്ന് വിക്കറ്റുകളും ജലജ് സക്‌സേന രണ്ട് വിക്കറ്റും നേടി. ആദിത്യ ബൈജു, ബേസില്‍ എന്‍.പി, ശ്രീഹരി എസ്. നായര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ആലപ്പിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ജലജ് സക്‌സേനയാണ്. 33 പന്തില്‍ നിന്ന് 43 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ 21 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി മികച്ച സ്‌കോര്‍ നേടാനോ വിജയത്തിലെത്താനോ സാധിച്ചില്ല.
കാലിക്കറ്റിന് വേണ്ടി സൂപ്പര്‍ ബൗളിങ് പുറത്തെടുത്തത് മോനു കൃഷ്ണയാണ്. 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. കളിയിലെ താരവും മോനുവാണ്. സുധീഷ് മിഥുന്‍ രണ്ടോവറില്‍ നിന്ന് 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും അഖില്‍ സ്‌കറിയ നാല് ഓവറില്‍ നിന്നും 13 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും നേടി മിന്നും ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. മനു കൃഷ്ണന്‍, ഇബ്‌നുല്‍ അഫ്തബ് എന്നിവര്‍ ഓരോന്ന് നേടി.
അതേസമയം നാളെ (ബുധന്‍) നടക്കുന്ന മത്സരത്തില്‍ ഗ്ലോബ്സ്റ്റാര്‍സ് കൊച്ചി ബ്ലൂടൈഗേഴ്‌സിനെതിരെയാണ് പോരാടുക. രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സും തൃശൂരും ഏറ്റുമുട്ടും.
Content Highlight: Calicut Glabstars Won Against Alappy Ripples