സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വമ്പൻ നീക്കം നടത്തി കാലിക്കറ്റ് എഫ്.സി. അർജന്റൈൻ താരം മാക്സിമിലിയാനോ നിക്കോളാസ് ഉറുട്ടിയെയാണ് കാലിക്കറ്റ് എഫ്.സി തട്ടകത്തിലെത്തിച്ചത്.
മേജർ ലീഗ് സോക്കറിൽ ഒരുപാട് മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുള്ള താരമാണ് മാക്സിമിലിയാനോ. എം.എൽ.എസിൽ 290 മത്സരങ്ങളിൽ കളത്തിലിറങ്ങിയ അർജന്റൈൻ താരം 70 ഗോളുകളും 39 അസിസ്റ്റുകളും നേടിയിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ഇതിഹാസ താരം ലയണൽ മെസിക്കെതിരെ കളിച്ച താരം കൂടിയാണ് മാക്സിമിനിയാനോ. എം.എൽ.എസ് ക്ലബ്ബായ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ടീമിന്റെ താരമാണ് മാക്സിമിനിയാനോ.
ഫുട്ബോളിന്റെ ചരിത്രമുറങ്ങുന്ന അർജന്റീനയുടെ മണ്ണിൽ നിന്നും മാക്സിമിനിയാനോ എത്തുമ്പോൾ കാലിക്കറ്റിന്റെ മുന്നേറ്റനിര കൂടുതൽ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്.
അർജന്റൈൻ പരിശീലകൻ എവെർ ഡമാൾഡയുടെ കീഴിലാണ് ഇത്തവണ കാലിക്കറ്റ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണിന് മുമ്പായി ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഡമാൾഡയിൽ ഇത്തവണയും കാലിക്കറ്റ് എഫ്.സി വിശ്വാസമർപ്പിച്ചിരിക്കുകയാണ്.
അർജന്റൈൻ പരിശീലകനായ ഡമാൾഡ വിവിധ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ പരിശീലനം നടത്തിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. സൗദി അറേബ്യ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച ഡമാൾഡ ഫ്രഞ്ച് ക്ലബ്ബ് മാർസെയുടെ അസിസ്റ്റന്റ് പരിശീലകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഇൻഡിപെൻഡന്റ് റിവാൾഡിയ, ഹെരേര എഫ്.സി, എഫ്.സി ഡില എന്നീ ക്ലബ്ബുകളുടെ പരിശീലകനായും അർജന്റൈൻ കോച്ച് പ്രവർത്തിച്ചു.
കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്.സിയെ സെമി ഫൈനൽ വരെ എത്തിക്കാൻ എവെർ ഡമാൾഡക്ക് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയോട് പരാജയപ്പെട്ട് കാലിക്കറ്റ് എഫ്.സി തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ സീസണിൽ തന്നെ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടൂർണമെന്റിലെ സ്ഥിരതയാർന്ന ടീമുകളിൽ ഒന്നാണ്. ഇത്തവണ രണ്ടാം സീസണിൽ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനായിരിക്കും കാലിക്കറ്റ് എഫ്.സി കളത്തിലിറങ്ങുക.
സെപ്റ്റംബർ 25നാണ് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് തുടക്കമാവുന്നത്. ഡിസംബർ 15നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.
Content Highlight: Calicut FC sign Argentina player Maximiliano Nicolas Urruti for the third season of the Super League Kerala