സൂപ്പർ ലീഗ് കേരളയിൽ വിജയ കുതിപ്പ് തുടർന്ന് കാലിക്കറ്റ് എഫ്.സി. തൃശ്ശൂർ മാജിക് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാലിക്കറ്റ് വീഴ്ത്തിയത്. നേരത്തെ തന്നെ ലീഗ് ഷീൽഡ് സ്വന്തമാക്കിയ കാലിക്കറ്റ് വലിയ ആത്മവിശ്വാസവുമായാണ് സ്വന്തം മണ്ണിൽ പന്തുതട്ടിയത്.
കാലിക്കറ്റിന്റെ തട്ടകമായ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15ാം മിനിട്ടിൽ മാക്സിമിലിയാനോ ഉറൂട്ടിയാണ് കാലിക്കറ്റിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. തൃശൂർ പ്രതിരോധനിരയിലെ മൂന്ന് താരങ്ങളെ മറികടന്നുകൊണ്ട് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം തകർപ്പൻ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.
ഒടുവിൽ ആദ്യപകുതി സ്വന്തം മണ്ണിൽ ആധികാരികമായി കാലിക്കറ്റ് സ്വന്തമാക്കി. രണ്ടാം പകുതിയിലും സന്ദർശകർ കളം നിറഞ്ഞു കളിച്ചു. 53ാം മിനിട്ടിൽ ലിയോ ഡേവിഡിലൂടെ കാലിക്കറ്റ് രണ്ടാം ഗോൾ സ്വന്തമാക്കി. പെനാൽറ്റി ബോക്സിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെ തൃശൂർ ഗോൾ കീപ്പറെ മറികടന്നുകൊണ്ട് പന്ത് വലയിൽ എത്തിക്കുകയായിരുന്നു ലിയോ ഡേവിഡ്. 79ാം മിനിട്ടിൽ ആൻഡ്രൂസ് മൂന്നാം ഗോളും നേടിയതോടെ തൃശ്ശൂരിന്റെ പതനം പൂർത്തിയായി.
നവംബർ 26നാണ് കാലിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫോഴ്സ കൊച്ചിയാണ് ടീമിന്റെ എതിരാളികൾ. ഇരുടീമുകളും ഈ സീസണിൽ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം കൊച്ചിക്കൊപ്പമായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കൊച്ചിയുടെ വിജയം.
തുടർച്ചയായ മൂന്ന് സീസണുകളിലും സെമി ഫൈനലിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി ആധിപത്യം തുടരുകയാണ് കാലിക്കറ്റ്. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്.സി കണ്ണൂർ വാരിയേഴ്സ് എഫ്.സിയോട് പരാജയപ്പെട്ട് തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ സീസണിൽ തന്നെ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടൂർണമെന്റിലെ സ്ഥിരതയാർന്ന ടീമുകളിൽ ഒന്നാണ്. ഇത്തവണ കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനായിരിക്കും കാലിക്കറ്റ് ലക്ഷ്യം വെക്കുക.
Content Highlight: Calicut fc beat Thrissur Magic fc in Super league Kerala