സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനലിലേക്ക് മുന്നേറി കാലിക്കറ്റ് എഫ്.സി. തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് കാലിക്കറ്റ് സെമിയിലേക്ക് രാജകീയമായി മുന്നേറിയത്. ഈ സീസണിൽ സെമി യോഗ്യത നേടുന്ന ആദ്യ ടീമാണ് കാലിക്കറ്റ്.
കൊമ്പൻസിന്റെ തട്ടകമായ തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഗോൾ നേടിയത് കാലിക്കറ്റ് എഫ്സിയാണ്. മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് മാക്സിമിലിയാനോയാണ് ടീമിന് ലീഡ് സമ്മാനിച്ചത്.
ക്യാപ്റ്റൻ പ്രശാന്തിനെ തിരുവനന്തപുരം ഗോൾ കീപ്പർ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനായിരുന്നു സന്ദർശകർക്ക് അനുകൂലമായി തുടക്കത്തിൽ തന്നെ പെനാൽറ്റി ലഭിച്ചത്. ഒടുവിൽ ആദ്യപകുതി ഈ ഗോളിന്റെ പിൻബലത്തിൽ കാലിക്കറ്റ് സ്വന്തമാക്കി.
രണ്ടാം പകുതിയിൽ 51ാം മിനിറ്റിൽ ലിയോ ഡേവിഡിലൂടെ കാലിക്കറ്റ് രണ്ടാം ഗോളും സ്വന്തമാക്കി. എതിർ ടീമിന്റെ പോസ്റ്റിലേക്ക് വന്ന ഒരു തകർപ്പൻ ക്രോസിൽ നിന്നുമാണ് താരം ലക്ഷ്യം കണ്ടത്. 82ാം മിനിറ്റിൽ ശ്രീരാജിലൂടെ തിരുവനന്തപുരം ഒരു ഗോൾ മടക്കി. എന്നാൽ പിന്നീട് സമനില ഗോൾ നേടാൻ ടീമിന് സാധിച്ചില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ കാലിക്കറ്റ് സെമിയിലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറുകയായിരുന്നു.
തുടർച്ചയായ മൂന്ന് സീസണുകളിലും സെമി ഫൈനലിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിരിക്കുകയാണ് കാലിക്കറ്റ്. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്.സി കണ്ണൂർ വാരിയേഴ്സ് എഫ്.സിയോട് പരാജയപ്പെട്ട് തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ സീസണിൽ തന്നെ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടൂർണമെന്റിലെ സ്ഥിരതയാർന്ന ടീമുകളിൽ ഒന്നാണ്. ഇത്തവണ കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനായിരിക്കും കാലിക്കറ്റ് ലക്ഷ്യം വെക്കുക. നവംബർ 15ന് നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിനെതിരെയാണ് കാലിക്കറ്റിന്റെ അടുത്ത മത്സരം.
Content Highlight: Calicut fc beat Thiruvananthapuram Kombans in super league Kerala and qualified to semi final