| Tuesday, 6th May 2025, 4:22 pm

മെസി പോലുമല്ല, ബാലണ്‍ ഡി ഓറില്‍ റഫീന്യയ്ക്ക് എതിരാളിയാകുവാന്‍ ആ താരത്തിന് മാത്രമേ സാധിക്കൂ; തുറന്നടിച്ച് കഫു

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണിലെ ബാലണ്‍ ഡി ഓറിനുള്ള കുതിപ്പില്‍ ബാഴ്‌സലോണ സൂപ്പര്‍ താരം റഫീന്യയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ഇന്റര്‍നാണഷല്‍ മുഹമ്മദ് സലയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ബ്രസീലിയന്‍ ഇതിഹാസ താരം കഫു.

സല ഈ സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബാലണ്‍ ഡി ഓറിനായുള്ള പോരാട്ടത്തില്‍ ഈ രണ്ട് താരങ്ങളും മറ്റുള്ളവരേക്കാള്‍ ഏറെ മുമ്പിലാണെന്നും കഫു പറഞ്ഞു.

ഇതിനോടകം തന്നെ മെസിയുടെ പല റെക്കോഡുകളും തകര്‍ത്ത റഫീന്യയാണ് ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒന്നാമന്‍ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ കഫു അഭിപ്രായപ്പെട്ടത്. നിലവില്‍ ബാഴ്‌സലോണയ്ക്കായി തുടരുന്ന അതേ ഫോം അന്താരാഷ്ട്ര തലത്തില്‍ ബ്രസീലിനായും റഫീന്യ പുറത്തെടുക്കേണ്ടതുണ്ടെന്നും കഫു കൂട്ടിച്ചേര്‍ത്തു.

‘റഫീന്യയുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് താരങ്ങളെയൊന്നും ഞാന്‍ കാണുന്നില്ല. ബാലണ്‍ ഡി ഓര്‍ പോരാട്ടം അവനും മുഹമ്മദ് സലയും തമ്മിലാണെന്ന് പറയേണ്ടി വരും. അവരിലൊരാളാകും ബാലണ്‍ ഡി ഓര്‍ നേടുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

റഫീന്യ ഇതിനോടകം 31 ഗോളും 25 അസിസ്റ്റും നേടിയിട്ടുണ്ട്, മെസിയുടെ റെക്കോഡും തകര്‍ത്തു. ബാഴ്‌സലോണയുടെ ഹൃദയവും ടീമിനെ കളിക്കാന്‍ പ്രേരിപ്പിക്കുന്ന നിര്‍ണായക ഘടകവുമാണവന്‍.

അവന്‍ ഒരു ബ്രസീലിയന്‍ ആണെന്നതില്‍, മറ്റുള്ളവരില്‍ നിന്നും ഏറെ മുന്നിട്ടുനില്‍ക്കുന്ന ബ്രസീലിയന്‍ ആണെന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ബാഴ്‌സ പോലെ ഒരു വലിയ ക്ലബ്ബിന്റെ ക്യാപ്റ്റനാണവന്‍,’ കഫു പറഞ്ഞു.

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബാഴ്‌സലോണ വീണ്ടും ട്രെബിള്‍ സ്വപ്‌നം കണ്ടുതുടങ്ങിയതില്‍ വലിയ പങ്കാണ് റഫീന്യയ്ക്കുള്ളത്. കോപ്പ ഡെല്‍ റേ കിരീടം ഇതിനോടകം ശിരസിലണിഞ്ഞ ബാഴ്‌സ ലീഗ് കിരീടത്തിനും ചാമ്പ്യന്‍ ലീഗ് കിരീടത്തിനും തൊട്ടടുത്താണ്.

ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരായ രണ്ടാം പാദ സെമി ഫൈനല്‍ മത്സരമാണ് ഇനി റഫീന്യയ്ക്ക് മുമ്പിലുള്ള പ്രധാന കടമ്പ. മെയ് ഏഴിന് ഇന്ററിന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോയാണ് വേദി. ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.

ലീഗ് ഘട്ടത്തിലാകട്ടെ, രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ റയല്‍ മാഡ്രിഡിനേക്കാള്‍ നാല് പോയിന്റ് കറ്റാലന്‍മാര്‍ക്ക് അധികമുണ്ട്. ലാലിഗയില്‍ ഇരുവര്‍ക്കും നാല് മത്സരങ്ങളാണ് ബാക്കിയുള്ളത്. അതിലൊന്നില്‍ ഇരുവരും നേര്‍ക്കുനേര്‍ വരികയും ചെയ്യും.

അതേസമയം, ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് കിരീടം ചൂടിക്കൊണ്ടാണ് മുഹമ്മദ് സല ബാലണ്‍ ഡി ഓറിനായുള്ള കുതിപ്പിന് വേഗം നല്‍കിയത്. ലീഗില്‍ നാല് മത്സരങ്ങള്‍ ശേഷിക്കവെയായിരുന്നു റെഡ്‌സിന്റെ കിരീട നേട്ടം.

28 ഗോളുകളുമായി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനുമാണ് സല. രണ്ടാം സ്ഥാനത്തുള്ള ന്യൂകാസിലിന്റെ അലക്‌സാണ്ടര്‍ ഐസാക്കിന് 23 ഗോളാണുള്ളത്. 21 ഗോളുമായി എര്‍ലിങ് ഹാലണ്ടാണ് മൂന്നാമത്.

ലീഗ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ജൂലൈ 30ന് ജെ.ജെ. ലീഗ് വേള്‍ഡ് ചാലഞ്ചിന്റെ ഫൈനലും ലിവര്‍പൂളിന് മുമ്പിലുണ്ട്. ജാപ്പനീസ് സൂപ്പര്‍ ടീമായ യോക്കോഹാമ എം.എമ്മാണ് എതിരാളികള്‍.

Content highlight: Cafu says Mohammed Salah is the only player who can challenge Raphinha for Ballon d or

We use cookies to give you the best possible experience. Learn more