| Tuesday, 30th July 2019, 10:55 am

'സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടു; കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ല'; കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥയുടെ കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥ ജീവനക്കാര്‍ക്കെഴുതിയ കത്ത് പുറത്ത്. സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായതായും കത്തില്‍ പറയുന്നു.

കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ല. ഇനിയും ഇങ്ങനെ തുടരാനാവില്ല. കഫേ കോഫി ഡേ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും സിദ്ധാര്‍ത്ഥ് കത്തില്‍ പറയുന്നു.

ആരെയെങ്കിലും ചതിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ എന്റെ ലക്ഷ്യമായിരുന്നില്ല. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടു. ഇത് ആത്മാര്‍ത്ഥമായ തുറന്നു പറച്ചിലാണ്. ഒരു ദിവസം നിങ്ങള്‍ ഇത് മനസിലാക്കുമെന്നും എനിക്ക് മാപ്പു തരുമെന്നും പ്രതീക്ഷിക്കുന്നു.

എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്ന എല്ലാവരോടും മാപ്പ് പറയുന്നു. ഞാന്‍ ഒരുപാട് പോരാടി. ഇന്ന് ഞാന്‍ ആ പോരാട്ടം അവസാനിപ്പിക്കുകയാണ്. ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിനുള്ള ഒരു ഇക്വിറ്റി പങ്കാളിയുടെ സമ്മര്‍ദ്ദം എനിക്ക് താങ്ങാനാവുന്നില്ല. വലിയൊരു തുക ഒരു സുഹൃത്തില്‍ നിന്ന് കടംവാങ്ങിയാണ് ആറ് മാസം മുന്‍പ് ആ ഇടപാട് നടത്തിയത്. ഇപ്പോള്‍ മറ്റ് ഓഹരി ഉടമകളും ഷെയര്‍ തിരിച്ചുചോദിച്ചു. ഈ സമ്മര്‍ദ്ദത്തെ അതീജീവിക്കാനാവുന്നില്ല. ആദായ നികുതി വകുപ്പില്‍ നിന്നും നീതിലഭിച്ചില്ല.

പുതിയ മാനേജ്‌മെന്റിന് കീഴില്‍ കമ്പനി മുന്നോട്ടുകൊണ്ടുപോകണമെന്ന അഭ്യര്‍ത്ഥനയാണ് നിങ്ങള്‍ക്ക് മുന്‍പില്‍ വെക്കാനുള്ളത്. എല്ലാതെറ്റുകള്‍ക്കും ഞാന്‍ മാത്രമാണ് ഉത്തരവാദി. ഓരോ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തം മാത്രമാണ്.

എന്റെ ഇടപാടുകളെ കുറിച്ച് എന്റെ ടീമിനോ ഓഡിറ്റര്‍മാര്‍ക്കോ സീനിയര്‍ മാനേജ്‌മെന്റിനോ അറിവില്ലായിരുന്നെന്നും കമ്പനി ജീവനക്കാര്‍ക്കും ബോര്‍ഡിനുമായി എഴുതിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് സിദ്ധാര്‍ത്ഥയെ നേത്രാവതി പുഴയില്‍ കാണാതായത്.
ഇന്നലെ ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് പോവുകയും ആയിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്.

കഫേ കോഫി ഡേ ഇടപാടുകളില്‍ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ത്ഥ.

Latest Stories

We use cookies to give you the best possible experience. Learn more