| Tuesday, 22nd July 2014, 5:32 pm

പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല- കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മലപ്പുറം: സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ യു.ഡി.എഫില്‍ നടന്നിട്ടില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

ഇക്കാര്യം യു.ഡി.എഫിന്റെ പരിഗണനയില്‍ വരികയോ മുന്നണിയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. പ്രശ്‌നം മുന്നണിയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ മുസ്ലിംലീഗിന്റെ അഭിപ്രായം അവിടെ പറയും. പുന:സംഘടനാ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുമാണ്.  കുഞ്ഞാലിക്കുട്ടി അറിയിച്ചു.

അതെസമയം, മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ അധികാരമുണ്ടെന്നും ഈ സാഹചര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലെന്നും  കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പുന:സംഘടന ആകാമെന്നത് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായത്തിനും പ്രസക്തിയില്ല. പുന:സംഘടന സംബന്ധിച്ച് കെ.പി.സി.സി. പ്രസിഡന്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇതു സംബന്ധിച്ച് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തകളാണ്. കെ.പി.സി.സി ചര്‍ച്ച ചെയ്യാത്ത വിഷയത്തെ സംബന്ധിച്ചു വരുന്ന വാര്‍ത്തകള്‍ നിഷേധിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലഹസ്സന്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

We use cookies to give you the best possible experience. Learn more