തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന് ഭരണാനുമതിയായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും നോട്ടിന് വേണ്ടി ക്യൂ നിന്ന് മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സി. ചന്ദ്രശേഖരന്‍ (കൊല്ലം), കാര്‍ത്തികേയന്‍ (75), പി.പി. പരീത് (തിരൂര്‍), കെ.കെ. ഉണ്ണി (കണ്ണൂര്‍) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്.
ഇത് കൂടാതെ സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിളളയെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.
മന്ത്രിസഭ ഇന്നെടുത്ത മറ്റ് പ്രധാന തീരുമാനങ്ങള്‍:
സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്‌കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു.
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കും.
കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള ഹൈക്കോടതിയില്‍ കോര്‍ട്ട് മാനേജര്‍മാരുടെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസുകള്‍ നടത്തുന്നതിനു മാത്രമായി ഒരു സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും.
ഇപ്പോള്‍ അവധിയിലുളള ഇ. രതീശനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
അവധിയിലുളള വയനാട് കളക്ടര്‍ തിരുമേനിയെ ഗ്രാമവികസന കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. വയനാട് കളക്ടറുടെ ചുമതല തല്‍ക്കാലം എ.ഡി.എമ്മിനായിരിക്കും.