| Saturday, 13th June 2026, 10:44 am

പച്ചക്കള്ളം പറഞ്ഞ് ന്യായീകരിക്കരുത്: യു.എസ് ഉപരോധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ക്യൂബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: ക്യൂബയ്ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങളെയും പുതിയ നിയന്ത്രണങ്ങളെയും പച്ചക്കള്ളങ്ങള്‍ ഉപയോഗിച്ച് ന്യായീകരിക്കാനാണ് വാഷിങ്ടണ്‍ ശ്രമിക്കുന്നതെന്ന് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ല.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ എണ്ണ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് അമേരിക്കയ്ക്കും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കുമെതിരെ ക്യൂബന്‍ വിദേശകാര്യമന്ത്രി കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്.

ക്യൂബന്‍ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിങ്ടണ്‍ ദ്വീപ് രാഷ്ട്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. ക്യൂബയില്‍ ഭരണമാറ്റം എന്നത് ‘കാലത്തിന്റെ ചോദ്യം’ മാത്രമാണെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

ക്യൂബന്‍ സ്റ്റേറ്റ് ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ CUPETനെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

കമ്പനിയുടെ പ്രധാന ആസ്തികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ ഉടമകളില്‍ നിന്ന് ക്യൂബ നിയമവിരുദ്ധമായി പിടിച്ചെടുത്തതാണെന്നാണ് യു.എസിന്റെ വാദം.

പൊതുജനങ്ങള്‍ക്ക് കടുത്ത രീതിയില്‍ ഇന്ധന റേഷന്‍ ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ, ക്യൂബന്‍ സര്‍ക്കാര്‍ ഊര്‍ജത്തെ ഒരു ആയുധമാക്കി മാറ്റുകയാണെന്നും സൈന്യത്തിനായി ഇന്ധനം സംഭരിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

റൂബിയോയുടെ ആരോപണങ്ങള്‍ക്ക് എക്സിലൂടെ ശക്തമായ മറുപടിയാണ് ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ല നല്‍കിയത്.

റൂബിയോയുടേത് ക്യൂബയുടെ ശത്രുക്കളില്‍ ഏറ്റവും ആക്രമണാത്മകവും മര്യാദയില്ലാത്തതും ഭ്രാന്തവുമായ നുണകളാണ് എന്ന് പാരില്ല തിരിച്ചടിച്ചു. കേവലം രാഷ്ട്രീയ വിജയ അഭിലാഷങ്ങളാല്‍ നയിക്കപ്പെടുന്ന വ്യക്തിയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബയില്‍ വിപ്ലവം നടക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം വിട്ടുപോയ ക്യൂബന്‍ കുടിയേറ്റക്കാരുടെ പിന്‍ഗാമിയാണ് മാര്‍ക്കോ റൂബിയോ. അതുകൊണ്ടുതന്നെ, സ്വന്തം രാഷ്ട്രീയ ജീവിതം മുന്നോട്ട് നയിക്കാന്‍ തന്നെ സഹായിച്ച വരേണ്യ വിഭാഗക്കാരുടെ പ്രതികാരത്തിന്റെ അടിസ്ഥാനത്തിലാണ് റൂബിയോ പ്രവര്‍ത്തിക്കുന്നതെന്നും ക്യൂബന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

അമേരിക്കയുടെ പുതിയ എണ്ണ നിയന്ത്രണങ്ങള്‍ ക്യൂബയിലെ ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ അത്യന്തം ദോഷകരമായി ബാധിക്കുമെന്ന് അര്‍ജന്റീനയിലെ മുന്‍ ക്യൂബന്‍ അംബാസഡര്‍ പെഡ്രോ പാബ്ലോ പ്രാഡ പറഞ്ഞു.

യു.എസ് ഉപരോധങ്ങള്‍ കാരണം ജനങ്ങളുടെ ഇന്ധനം, വൈദ്യുതി ഉത്പാദനം, ഗതാഗതം, ഉത്പാദന മേഖലകള്‍ എന്നിവ അവതാളത്തിലാകുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. വാഷിങ്ടണ്‍ തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നത് ക്യൂബയുടെ ഊര്‍ജ മേഖലയെയാണെന്നും നയതന്ത്രജ്ഞന്‍ ചൂണ്ടിക്കാണിച്ചു.

1960 മുതല്‍ യു.എസിന്റെ കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന രാജ്യമാണ് ക്യൂബ. വാഷിങ്ടണിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരായ വെനസ്വേല ക്രൂഡ് ഓയില്‍ കയറ്റുമതി നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് സമീപ മാസങ്ങളിലായി കടുത്ത ഇന്ധനക്ഷാമവും ദിവസേനയുള്ള ദീര്‍ഘനേരത്തെ വൈദ്യുതി തടസവുമാണ് ക്യൂബന്‍ ജനത നേരിട്ടുകൊണ്ടിരിക്കുന്നത്. പുതിയ ഉപരോധങ്ങള്‍ ഈ പ്രതിസന്ധി ഇരട്ടിയാക്കും.

അമേരിക്ക ക്യൂബയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ സാധാരണക്കാരായ മനുഷ്യരുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് ഉപരോധങ്ങള്‍ കാരണം ക്യൂബയില്‍ അവശ്യ മെഡിക്കല്‍ സാധനങ്ങളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ഇത് കുട്ടികളുടെ മരണത്തിന് വരെ കാരണമാകുന്നുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

യു.എസ് ഇന്ധന നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് ശേഷം ദ്വീപ് രാഷ്ട്രത്തിലെ ശിശുമരണനിരക്ക് ഇരട്ടിയായതായി വോള്‍ക്കര്‍ ടര്‍ക്കിന്റെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരായ ക്യൂബന്‍ ജനത അനുഭവിക്കുന്ന ഈ ദുരവസ്ഥ അസ്വീകാര്യമാണെന്നും യു.എന്‍ പറഞ്ഞു.

അതേസമയം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്യൂബയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ റഷ്യ, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വലിയ തോതില്‍ മാനുഷിക സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. യു.എസ് ഉപരോധങ്ങളെ പ്രതിരോധിക്കാന്‍ ക്യൂബയെ സഹായിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ മോസ്‌കോ ഏകദേശം 700,000 ബാരല്‍ അസംസ്‌കൃത എണ്ണയാണ് ക്യൂബയിലേക്ക് കയറ്റി അയച്ചത്. എന്നാല്‍ യു.എസിന്റെ പുതിയ ഉപരോധങ്ങള്‍ ഈ സഹായങ്ങളെയും ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Content Highlight:

We use cookies to give you the best possible experience. Learn more