തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സേവനവ്യവസ്ഥകള്‍ വ്യക്തവും ഏകീകൃതവും നിയമപരമായി സംരക്ഷിതവുമാക്കുന്നതിനായി സമഗ്രമായ സര്‍വീസ് ചട്ടങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി രൂപീകരിച്ച് നടപ്പാക്കണമെന്ന് കേരള അംഗന്‍വാടി സര്‍വീസ് വെല്‍ഫയര്‍ അസോസിയേന്‍.
ഒക്ടോബര്‍ 18-ന് ട്രിവാന്‍ഡ്രം കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന കേരള അംഗന്‍വാടി സര്‍വ്വീസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ഈ കാര്യം ആവശ്യപ്പെട്ടത്.
വിഷയം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും സെക്രട്ടറിക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കുമെന്നും ഭരണതലത്തില്‍ ഇതിന് പരിഹാരമായില്ലങ്കില്‍ വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സംഘടന സജ്ജമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സംഘടനയുടെ നിയമോപദേഷ്ടാവ് അഡ്വ. ആര് മുരളീധരനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. അങ്കണവാടി സംവിധാനം ഇന്ത്യയില്‍ അരനൂറ്റാണ്ട് പിന്നിട്ടിട്ടും, അതിന്റെ നട്ടെല്ലായ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സേവന-വേതന വ്യവസ്ഥകള്‍ അതിനനുസരിച്ച് മെച്ചപ്പെട്ടിട്ടില്ലെന്ന് അഡ്വ. മുരളീധരന് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ പ്രീ-സ്കൂള്‍ പരിചരണം, പോഷണം, മാതൃ-ശിശു ക്ഷേമം, ആരോഗ്യബോധവത്ക്കരണം, സര്‍വേകള്‍, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നടപ്പാക്കല്‍ തുടങ്ങി വിപുലമായ ചുമതലകള്‍ നിര്‍വഹിക്കുന്ന അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇന്നും വ്യക്തമായ സര്‍വീസ് ചട്ടങ്ങളും മാന്യമായ വേതനഘടനയും മതിയായ വിരമിക്കല്‍ ആനുകൂല്യങ്ങളും സാമൂഹ്യസുരക്ഷയും ഇല്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയബന്ധമുള്ള മുഖ്യധാരാ തൊഴിലാളി സംഘടനകള്‍ ദീര്‍ഘകാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടും അങ്കണവാടി തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി താല്പര്യങ്ങളില് നിന്ന് സ്വതന്ത്രമായി, തൊഴിലാളി ക്ഷേമം മാത്രം മുന്‍നിര്‍ത്തി ട്രേഡ് യൂണിയന് നിയമപ്രകാരം പുതിയ സ്വതന്ത്ര സംഘടന രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതെന്നും പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞു.
മറ്റൊരു സംഘടനയെ എതിര്‍ക്കുക എന്നതല്ല കെ.എ.എസ്.ഡബ്യൂ, എയുടെ ലക്ഷ്യമെന്നും അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സേവന-ക്ഷേമകാര്യങ്ങളില്‍ യോജിച്ചുള്ള പ്രവര്‍ത്തനമാണെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.