| Wednesday, 7th October 2026, 1:15 pm

ഹർമൻപ്രീതിന് ശേഷം സ്മൃതി യുഗം; സിംബാബ്‌വേ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ചു

അഞ്ജലി പി.കെ.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിനുള്ള വനിതാ ടി-20, ഏകദിന സ്‌ക്വാഡുകൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സ്‌മൃതി മന്ഥാനയുടെ നേതൃത്വത്തിലാണ് ഇന്ത്യ സിംബാബ്‌വേയുടെ തട്ടകത്തിൽ പടയോട്ടത്തിനൊരുങ്ങുന്നത്. ഇരു ഫോർമാറ്റുകളിലും സ്മൃതി തന്നെയാണ് ഇന്ത്യൻ പെൺപടയെ നയിക്കുക.

സ്‌മൃതി മന്ഥാന

ഒരു പുതിയ ക്യാപ്റ്റന് കീഴിൽ ഇന്ത്യ കളത്തിലിറങ്ങുന്നു എന്നത് മാത്രമല്ല ഈ പരമ്പരയുടെ പ്രധാന സവിശേഷത. മലയാളി താരം മിന്നുമണിയുടെ ടീമിലേക്കുള്ള ആവേശകരമായ മടങ്ങിവരവും ഈ പര്യടനത്തെ വേറിട്ടതാക്കുന്നു

2023 ജൂലൈയിൽ ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലൂടെയാണ് മലയാളി താരം മിന്നുമണി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേവർഷം ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെയാണ് താരം അവസാനമായി ഇന്ത്യയ്ക്കായി ടി-20 മത്സരം കളിച്ചത്.

മിന്നുമണി

തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി ദേശീയ ടീമിൽ നിന്ന് പുറത്തായിരുന്നെങ്കിലും, ആഭ്യന്തര ക്രിക്കറ്റുകളിലും ഡബ്ലൂ.പിഎല്ലിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെയാണ് താരം വീണ്ടും ദേശീയ കുപ്പായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്പിൻ ഓൾറൗണ്ടറായ മിന്നുമണിയുടെ സാന്നിധ്യം സിംബാബ്‌വേയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ ഇന്ത്യയ്ക്ക് വലിയ കരുത്താകും.

അന്താരാഷ്ട്ര ടി-20യിൽ 3,000-ത്തിലധികം റൺസും അതിവേഗ ഫിഫ്റ്റികളും നേടിയിട്ടുള്ള താരമാണ് സ്മൃതി മന്ഥാന. ഡബ്ല്യു.പി.എല്ലിൽ ആർ.സി.ബിയെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്തും സ്‌മൃതിക്കുണ്ട്. താരത്തിന്റെ നായകത്വത്തിൽ മിന്നുമണി ഉൾപ്പെടെയുള്ള സംഘം ഇറങ്ങുമ്പോൾ, സിംബാബ്‌വേയിലെ പിച്ചുകളിൽ ഇന്ത്യൻ പെൺപട തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സ്മൃതി മന്ഥാന

2026 ഡിസംബർ 3 മുതൽ ഡിസംബർ 20 വരെയാണ് പര്യടനം. ഡിസംബർ മൂന്ന് മുതൽ 11 വരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയോടെയാണ് ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിനുശേഷം ഡിസംബർ 15 മുതൽ 20 വരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് നടക്കുക.

ഇന്ത്യയുടെ ടി-20 സ്‌ക്വാഡ്

സ്‌മൃതി മന്ഥാന (ക്യാപ്റ്റൻ), ഷെഫാലി വർമ (വൈസ് ക്യാപ്റ്റൻ), യാസ്തിക ഭാട്ടിയ, റിച്ച ഘോഷ്, ജെമീമ റോഡ്രിഗ്സ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, മിന്നുമണി, പൂജ വസ്ത്രകാർ, സ്നേഹ് റാണ, രേണുക സിങ്, അരുന്ധതി റെഡ്ഡി, മേഘ്‌ന സിങ്, രാധാ യാദവ്, രാജേശ്വരി ഗെയ്ക്‌വാദ്.

ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്

സ്മൃതി മന്ഥാന (ക്യാപ്റ്റൻ), ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), ഷെഫാലി വർമ, പ്രതിക റാവൽ, ഹർമൻപ്രീത് കൗർ, ഹർലീൻ ഡിയോൾ, തേജ്വൽ ഹസബ്നിസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ, വൈഷ്ണവി ശർമ, ശ്രീ ചരണി, ക്രാന്തി ഗൗഡ്, സായലി സത്ഘാരെ, രേണുക സിങ് താക്കൂർ.

Content Highlights: BCCI announced India’s women’s T20 and ODI squads for the Zimbabwe tour

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more