| Tuesday, 7th June 2016, 3:16 pm

സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ ഏതറ്റം വരെയും പോകും; മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഇതിനായി എല്ലാവശങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കും. കൂടുതല്‍ സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കും. കൂട്ടായ തീരുമാനത്തിലൂടെയാകും നടപടികള്‍ എടുക്കുകയെന്നും മന്ത്രി പറഞ്ഞു.

കോടതി പരിഗണനയില്‍ ഇല്ലാത്ത ഒരു സ്‌കൂളും ഇപ്പോള്‍ പൂട്ടില്ല. പൊതുവിദ്യാലയങ്ങള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. പഠനം നടത്തിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പൂട്ടുന്നതിനെതിരേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്. ഇക്കാര്യം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. പ്രശ്‌നത്തില്‍ എന്തു തുടര്‍ നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ വിദ്യാഭ്യാസമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി.

അതേസമയം, പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ട കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളില്‍ പ്രതിഷേധം തുടരുകയാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യസ വകുപ്പ് അധികൃതര്‍ ഇന്നുതന്നെ നടപടികള്‍ തുടങ്ങിയേക്കും. ഔദ്യോഗിക രേഖകള്‍ ഏറ്റെടുക്കാന്‍ രാവിലെ പതിനൊന്ന് മണിക്ക് എത്തുമെന്ന് അറിയിച്ച എഇഒ ഇതുവരെ എത്തിയിട്ടില്ല.

അതിനിടെ, പൊലീസ് സേനയെ സ്‌കൂളില്‍ നിന്ന് ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

കോഴിക്കോട്ടെ മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച്ച തള്ളിയിരുന്നു. സ്‌കൂള്‍ പൂട്ടാന്‍ സമയം വേണമെന്നും 75 കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സര്‍ക്കാര്‍ അപ്പീലില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ സമയം നീട്ടിനല്‍കാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കൊണ്ടോട്ടിക്കടുത്തെ മങ്ങാട്ടുമുറി സ്‌കൂള്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയിരുന്നു. രാവിലെ ഏഴരയ്ക്ക് സ്ഥലത്തെത്തിയ എഇഒ സ്‌കൂളിന്റെ പൂട്ട് പൊളിച്ചാണ് അകത്തുകടന്നത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചശേഷം പിടിച്ചെടുക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.

We use cookies to give you the best possible experience. Learn more