| Monday, 8th September 2025, 11:13 pm

വ്യാജവോട്ടുകളെല്ലാം ബി.ജെ.പിക്കാണ് വീണതെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല; ബി.ജെ.പിയെ ന്യായീകരിച്ച് സി. രവിചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വോട്ട് ചോരിയില്‍ ബി.ജെ.പിയെ ന്യായീകരിച്ച് എസ്സെന്‍സ് ഗ്ലോബല്‍-സ്വതന്ത്രലോകം ചിന്തകന്‍ സി. രവിചന്ദ്രന്‍.

വ്യാജവോട്ടുകളെല്ലാം ബി.ജെ.പിക്കാണ് വീണതെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് സി. രവിചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തെ മുന്‍നിര്‍ത്തിയായിരുന്നു രവിചന്ദ്രന്റെ ആരോപണം.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്നാണ് തെളിയിക്കേണ്ടതെന്നും രവിചന്ദ്രന്‍ പറയുന്നു. ബി.ജെ.പിയുടെ വോട്ട് കൊള്ളക്കെതിരായ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ അവതരണം നല്ലതായിരുന്നു. സ്ലൈഡുകളും മറ്റും പ്രദര്‍ശിപ്പിച്ചുള്ള അവതരണം നല്ലൊരു നീക്കമായിരുന്നു.

എന്നാല്‍ വാര്‍ത്താ സമ്മേളനത്തിന്റെ തുടക്കം തന്നെ പാളിയെന്നും അവതരണത്തില്‍ വിശ്വാസ്യത ഇല്ലാതാകുന്ന ന്യൂനതകള്‍ ഉണ്ടായിരുന്നുവെന്നും സി. രവിചന്ദ്രന്‍ പറഞ്ഞു.

കര്‍ണാടകയിലെ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് സെക്‌മെന്റുകള്‍ ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു രവിചന്ദ്രന്റെ വാദം. വാര്‍ത്താ സമ്മേളനത്തില്‍ എട്ട് എന്നത് രാഹുല്‍ ഏഴ് എന്ന് തെറ്റായി പറഞ്ഞിരുന്നു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളില്‍ ന്യൂനതകള്‍ ഉണ്ടെന്നും വോട്ട് ചോരി എന്നത് ഒരു ക്യാമ്പയിന്റെ പേര് മാത്രമാണെന്നും രവിചന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസും പലപ്പോഴായും അവിടെ ഇവിടെയായി ഇ.വി.എമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും രവിചന്ദ്രന്‍ പറയുന്നു. സമാനമായ ഒന്നാണ് വോട്ട് ചോരിയെന്ന തരത്തിലാണ് രവിചന്ദ്രന്‍ സംസാരിക്കുന്നത്.

അതേസമയം രാഹുൽ ഗാന്ധി സ്ലൈഡുകൾ ഉപയോഗിച്ച് ഉന്നയിച്ച ഘട്ടം ഘട്ടമായുളള വോട്ട് ചോരി ആരോപണങ്ങളിൽ പ്രതികരിക്കാൻ രവിചന്ദ്രൻ തയ്യാറായിട്ടില്ല.

Content Highlight: C. Ravichandran defends the BJP

We use cookies to give you the best possible experience. Learn more