| Sunday, 17th August 2025, 8:31 pm

സി.പി. രാധാകൃഷ്ണന്‍ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണനെ ബി.ജെ.പി നേതൃത്വം തന്നെയാണ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത്.

ആര്‍.എസ്.എസിലൂടെ നേതൃനിരയിലേക്കെത്തിയ ഒരാളെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബി.ജെ.പി നടപ്പാക്കുന്നത്.

ദല്‍ഹിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലാണ് തീരുമാനം. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന, ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, സിക്കിം ഗവര്‍ണര്‍ ഓംപ്രകാശ് മാത്തൂര്‍, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നീ ഒട്ടേറെ പേരുകള്‍ പരിഗണനയിലുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സി.പി. രാധാകൃഷ്ണന് നറുക്കുവീണത്.

തമിഴ്‌നാട് ബി.ജെ.പിയുടെ അധ്യക്ഷനായിരുന്ന സി.പി. രാധാകൃഷ്ണന്‍ ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്ന രാധാകൃഷ്ണന്‍ പിന്നീട് ബി.ജെ.പിയുടെ പ്രധാന നേതാക്കളില്‍ ഒരാളായി വളര്‍ന്നു.

കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി. രാധാകൃഷ്ണന്‍ നേരത്തെ ജാര്‍ഖണ്ഡ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജൂലൈ 21 നാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

സെപ്റ്റംബര്‍ 9 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പാര്‍ലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.

അതേസമയം ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച നിശ്ചയിച്ചേക്കും. ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ നേതാക്കള്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചിരിക്കുന്നത്.

Content Highlight: C.P. Radhakrishnan has been announced as the NDA’s Vice Presidential candidate.

We use cookies to give you the best possible experience. Learn more