| Friday, 28th November 2014, 1:22 pm

'അഡ്ജസ്റ്റ്‌മെന്റ് സമരം' സെക്രട്ടറിയുടെ വ്യക്തിപരമായ നിലപാടാകാം: പന്ന്യനെതിരെ സി. ദിവാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ “അഡ്ജസ്റ്റ്‌മെന്റ് സമരം” പരാമര്‍ശത്തോട് വിയോജിച്ച് സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരന്‍. അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന അഭിപ്രായം തനിക്കില്ല. ആ ആരോപണം ഉന്നയിച്ചവര്‍ തന്നെ അതിനെക്കുറിച്ച് വ്യക്തമാക്കേണ്ടതാണെന്നും ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മിന്റേത് അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന സംശയം ജനങ്ങളിലുണ്ടെന്ന പന്ന്യന്‍ പ്രസ്താവന വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദിവാകരന്‍.

അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കിന്റെ അര്‍ത്ഥം തനിക്ക് അറിയില്ലെന്നായിരുന്നു ദിവാകരന്‍ ആദ്യം പ്രതികരിച്ചത്. അഡ്ജസ്റ്റ്‌മെന്റ് സമരമെന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയില്ല. അത് സെക്രട്ടറിയുടെ വ്യക്തിപരമായ നിലപാടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സി.പി.ഐ അണികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഇത്തിരി കൂടിപ്പോയെന്നും ദിവാകരന്‍ പരിഹസിച്ചു. എല്ലാവരും താത്വികാചാര്യന്മാരായി. ആരും പണിയെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.എം മാണിയെ നിയമസഭാ സമ്മേളനത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ അഴിമതിക്കേസില്‍ ആരോപണ വിധേയനായ കെ.എം മാണി രാജിവെച്ച് അന്വേഷണം നേരിടണമെന്നായിരുന്നു സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റെ നിലപാട്.

തിരുവനന്തപുരത്തെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സി.പി.ഐയില്‍ അച്ചടക്ക നടപടിക്ക് വിധേയനായ നേതാവാണ് സി. ദിവാകരന്‍. അതിനുശേഷവും പരസ്യമായി പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more