| Monday, 9th March 2026, 2:47 pm

സി.പി.ഐയില്‍ നിന്ന് രാജിവെച്ച് സി.സി. മുകുന്ദന്‍; നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും

രാഗേന്ദു. പി.ആര്‍

തൃശൂര്‍: സി.പി.ഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് പാര്‍ട്ടി പദവിയില്‍ നിന്ന് രാജിവെച്ച് നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയില്‍ നിന്നാണ് സി.സി. മുകുന്ദന്‍ രാജിവെച്ചത്.

നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും സി.സി. മുകുന്ദന്‍ അറിയിച്ചു. മറ്റു പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും സി.പി.ഐയില്‍ നിന്നും നിരവധി പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നനും എം.എല്‍.എ പറഞ്ഞു.

നാട്ടികയില്‍ മുന്‍ എം.എല്‍.എ ഗീത ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയാണ് സി.പി.ഐയില്‍ പൊട്ടിത്തെറി ഉണ്ടായത്. ഗീത ഗോപിക്ക് മൂന്നാമതും അവസരം നല്‍കിയതിന് എതിരെയാണ് സി.സി. മുകുന്ദന്‍ രംഗത്തെത്തിയത്.

പണം പിരിക്കാന്‍ കഴിവുണ്ടെന്നതാണ് ഗീത ഗോപിയുടെ മാനദണ്ഡമെന്നാണ് സി.സി. മുകുന്ദന്റെ ആരോപണം. മകളുടെ വിവാഹത്തിന് 225 പവന്‍ സ്വര്‍ണമാണ് ഗീത ഗോപി നല്‍കിയതെന്നും അതിനായി നാട്ടികയില്‍ പണപ്പിരിവ് നടത്തിയെന്നും മുകുന്ദന്‍ ആരോപിച്ചു.

പിരിച്ച പണം പലര്‍ക്കും തിരികെ നല്‍കിയിട്ടില്ലെന്നും നിരവധി പേരാണ് പരാതിയുമായി സമീപിച്ചതെന്നും മുകുന്ദന്‍ പറയുന്നു. എന്നാല്‍ സി.സി. മുകുന്ദന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഗീത ഗോപി ഇതുവരെ തയ്യാറായിട്ടില്ല.

നിലവില്‍ സി.സി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സി.പി.ഐയില്‍ തുടരുകയാണ്. ജില്ലയിലെ നേതാക്കന്മാരെ അനുനയത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിയില്‍ സി.സി. മുകുന്ദന്‍ കണ്ണിലെ കരടായിരുന്നു. ചേര്‍പ്പ് സി.പി.ഐ മണ്ഡലം മുകുന്ദനെ ഒരു തവണ കൂടി മത്സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഗീത ഗോപിയെ വീണ്ടും കളത്തിലിറക്കാന്‍ സി.പി.ഐ തീരുമാനിച്ചത്.

തുടര്‍ന്നാണ് സി.സി. മുകുന്ദന്‍ അതൃപ്തി രേഖപ്പെടുത്തിയത്. അതേസമയം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി സി.സി. മുകുന്ദന്‍ സംഭാഷണം നടത്തിയതായും വിവരമുണ്ട്. വിഷയത്തില്‍ എ.ഐ.സി.സിയുടെ ഇടപെടലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: C.C. Mukundhan resigns from CPI; will contest as an independent in Nattika

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more