| Sunday, 31st August 2025, 1:24 pm

ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്കോ? പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബൈറ്റ് ഡാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: രണ്ട് പുതിയ ഒഴിവുകള്‍ക്കായി അപേക്ഷ ക്ഷണിച്ച് ടിക് ടോക്ക് ആപ്പിന്റെ ഉടമസ്ഥരായ ചൈനീസ് മള്‍ട്ടിനാഷണല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനി ബൈറ്റ് ഡാന്‍സ്. കമ്പനിയുടെ ഗുഡ്ഗാവിലെ ഓഫീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബംഗാളി സംസാരിക്കുന്ന, കണ്ടന്റ് മോഡറേറ്ററിലേക്കും വെല്‍ബീയിങ് പാര്‍ട്ണര്‍ഷിപ്പ്, ഓപ്പറേഷന്‍സ് ലീഡിലേക്കുമാണ് ഒഴിവുകള്‍.

ഇന്ത്യയില്‍ ടിക് ടോക്ക് തിരിച്ചെത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇത് വഴിവെച്ചിട്ടുണ്ട്. അടുത്തിടെ ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയതും ഇതിന് ആക്കം കൂട്ടുന്നു.

2020 ജൂണില്‍ രാജ്യസുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ഇത്.

നേരത്തെ ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ ലഭ്യമല്ല എന്ന സന്ദേശമാണ് കാണിച്ചിരുന്നത്. ഇപ്പോള്‍ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ അവരുടെ ‘About Us’ പേജാണ് തുറന്നു വരുന്നത്.

എന്നാല്‍ ടിക് ടോക്കിന്റെ നിരോധനം ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ടിക് ടോക്കിന് വീണ്ടും സേവനം ആരംഭിക്കുന്നതിനുള്ള ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബൈറ്റ് ഡാന്‍സിന്റെ മറ്റ് ചില ആപ്പുകളായ ഹെലോ, ക്യാപ്കട്ട് എന്നിവയും 2020-ല്‍ നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ മ്യൂസിക് സ്ട്രീമിങ് ആപ്പായ റെസോയും ഉത്പാദനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ആപ്പായ ലാര്‍ക്കും ഇന്ത്യയില്‍ തുടര്‍ന്നു.

റെസോയ്ക്ക് ഇന്ത്യ ഒരു വലിയ മാര്‍ക്കറ്റായിരുന്നു. 2024 ജനുവരിയില്‍ 31-ന് റെസോ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

പ്രാദേശിക വിപണിയിലെ സാഹചര്യങ്ങള്‍ കാരണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും സേവനം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലയെന്നും, ഉപഭോക്താക്കള്‍ക്ക് അവരുടെ ബാക്കിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് തിരികെ നല്‍കുമെന്നും ബൈറ്റ് ഡാന്‍സ് വക്താവ് പറഞ്ഞിരുന്നു.

ഇതേ സമയം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരികയാണ്.

Content Highlight: ByteDance, the owners of the TikTok app, has invited applications for new vacancies

We use cookies to give you the best possible experience. Learn more