സിംഗപ്പൂര്‍: ഇന്ത്യന്‍ എഡ് ടെക് സ്റ്റാര്‍ട്ട്അപ്പായിരുന്ന ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെ സിംഗപ്പൂര്‍ കോടതി ആറ് മാസം തടവിന് വിധിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കോടതി ഉത്തരവുകള്‍ ബൈജു പല തവണ ലംഘിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് കടം വാങ്ങിയ പണം തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവുകളാണ് ബൈജു ലംഘിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പൂരില്‍ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനം 150 മില്യണ്‍ ഡോളര്‍ കടമെടുത്തതുമായി ബന്ധപ്പെട്ടാണ് കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബൈജു രവീന്ദ്രന്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. 90,000 സിംഗപ്പൂര്‍ ഡോളര്‍ പിഴ ബൈജുവിന് കോടതി ചുമത്തിയിട്ടുണ്ട്. ബീആര്‍ ഇന്‍വെസ്റ്റ്‌കോ പി.ടിഇ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ബൈജു ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിവിധിക്കെതിരെ അപ്പീലിന് ശ്രമിക്കുകയാണെന്ന് ബൈജുവിന്റെ അഭിഭാഷകന്‍ പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്. ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ശ്രമിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം, തനിക്കെതിരെ കേസിന് പോയ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നടപടി അനാവശ്യ സമ്മര്‍ദ തന്ത്രമായാണ് തോന്നുന്നതെന്ന് ബൈജു രവീന്ദ്രന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഇന്നത്തെ സിംഗപ്പൂര്‍ കോടതി ഉത്തരവ് ഒരു ഔപചാരിക നടപടിയാണ്. അത് തട്ടിപ്പോ കള്ളത്തരങ്ങളോ കണ്ടെത്തിയത് കാരണം വന്നതല്ലെന്നും ബൈജു പറഞ്ഞു.
മാസങ്ങളായി ലോണ്‍ ദാതാക്കള്‍ അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരു ഒത്തുതീര്‍പ്പ് നടപടിക്ക് തത്വത്തില്‍ അംഗീകാരമായതാണ്. ചില ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് അതില്‍ ബാക്കിയുള്ളത്. തന്റെ ഭാഗത്തുനിന്നോ മറ്റ് ഫൗണ്ടര്‍മാരുടെ ഭാഗത്തുനിന്നോ ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്നും ബൈജുവിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
ജൂണ്‍ 15ന് മുമ്പ് ഹാജരാവാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീലിനുള്ള സാധ്യതയുമുണ്ട്. ഞാന്‍ സത്യസന്ധമായാണ് എല്ലായ്‌പോഴും പ്രവര്‍ത്തിച്ചതെന്നും ബൈജു പറഞ്ഞു.
Content Highlight: Byju Raveendran Response on Singapore Court order