പ്യൂപ്പ / വിബീഷ് വിക്രം
ചിത്രശലഭങ്ങള്‍…. പേരില്‍തന്നെയുണ്ടല്ലേ ഒരു ചിത്രം. വിവിധ വര്‍ണ്ണങ്ങള്‍ സമന്വയിപ്പിച്ച് ചിത്രകാരന്‍ ആവിഷ്‌കരിക്കുന്ന, ആരെയും ആശ്ചര്യപ്പെടുത്തുന്ന ചിത്രങ്ങള്‍ പോലെ മനോഹരവും വ്യത്യസ്തവുമാണ് ഓരോ ശലഭങ്ങളുടെയും ചിറകുകള്‍. വര്‍ണ്ണങ്ങള്‍ വാരിവിതറിയ ചിറകുകളാല്‍ പൂവുകളില്‍ നിന്നും പൂവുകളിലേക്ക് പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍. യഥാര്‍ത്ഥത്തില്‍ മനോഹരമായ പൂന്തോട്ടത്തിന്റെ അഴക് വര്‍ദ്ധിപ്പിക്കുന്നത് അല്‍പ്പായുസ്സായ ഈ ചെറിയ ഷഡ്പദങ്ങളുടെ സാന്നിദ്ധ്യം തന്നെയല്ലേ..?
ലക്ഷകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചിത്രശലഭങ്ങള്‍ ഭൂമിയില്‍ കാണപ്പെട്ട് തുടങ്ങിയതായാണ് കണക്കാക്കപ്പെടുന്നത്. അതായത് ഭൂമിയില്‍ മനുഷ്യവാസമുണ്ടാകുന്നതിനും മുമ്പെ ശലഭങ്ങള്‍ ഉണ്ടായിരുന്നു എന്ന്. ഇത് വെറും വാക്കല്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയതാണ്. ഇന്ന് കാണുന്ന അതേഇനം ശലഭങ്ങളുടെ മുപ്പതിയഞ്ച് ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും കണ്ടെത്തിയിട്ടുണ്ട്. ഇതിനര്‍ത്ഥം പൂമ്പാറ്റകളുടെ പൂര്‍വ്വികര്‍ അതിന് മുമ്പും ജീവിച്ചിരുന്നു എന്ന തന്നെയാണ്.
ശലഭങ്ങളുടെ ശരീരവും ചിറകുകളും സൂക്ഷ്മമായ ശല്‍ക്കങ്ങള്‍കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. ചിറകിലെ നിറപകിട്ടിന് കാരണവും ഈ ശല്‍ക്കങ്ങളാണ്. ശല്‍ക്കങ്ങള്‍ക്ക് മെഴുക് പോലെ ഒരാവരണമുണ്ട്. ഈ ആവരണത്തില്‍ വെള്ളതുള്ളിനില്‍ക്കാത്തതിനാല്‍ ചിറകുകളെ മഴയില്‍ നിന്നും രക്ഷിക്കുന്നത് ഈ ആവരണമാണ്.
പ്രകൃതിയുടെ മിത്രങ്ങള്‍ ആണ് ചിത്രശലഭങ്ങള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രകൃതിയുടെ നിലനില്‍പ്പിന് തന്നെ അത്യാന്താപേക്ഷിതമാണ് ശലഭങ്ങള്‍. കാരണം സംസ്യങ്ങളില്‍ പരാഗണം നടത്തുകയെന്ന പ്രധാന ധര്‍മ്മം നിര്‍വ്വഹിക്കുന്നത് ചിത്രശലഭങ്ങളാണ്. ഓരോ പൂവിലും ഇരുന്ന് തേന്‍ കുടിക്കുന്ന പൂമ്പാറ്റകള്‍ വഴി പരാഗണം നടക്കുകയും പുതിയ സംസ്യങ്ങളുണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു.
പ്രകൃതിയുമായി വളരെയധികം ഇണങ്ങി ജീവിക്കുന്നത് കൊണ്ട് തന്നെ പ്രകൃതിക്ക് സംഭവിക്കുന്ന് പാരിസ്ഥിതിക മാറ്റങ്ങള്‍ വളരെയെളുപ്പം ചിത്രശലഭങ്ങളെ ബാധിക്കുന്നുണ്ട്. അതിനനുസരിച്ച് ഇവയുടെ പ്രതികരണങ്ങളും വളരെപെട്ടെന്നായിരിക്കും. പ്രകൃതിയുടെ ആരോഗ്യപരമായ ചുറ്റുപാടുകളില്‍ മാത്രമായിരിക്കും പൂമ്പാറ്റകളെ കാണാന്‍ സാധിക്കുക. അത്‌കൊണ്ട് തന്നെ നിങ്ങളുടെ തൊടിയിടങ്ങളില്‍ നിന്നും പൂമ്പാറ്റകള്‍ അപ്രത്യക്ഷമായിത്തുടങ്ങിയാല്‍ അന്തരീക്ഷം വിഷമയമായി എന്ന് മനസ്സിലാക്കാം…