ഒരു ദിവസം രാവിലെ ഇനിഗോ എങ്ങോട്ടോ പോയി. അവന്റെ തലയണയില്‍ ഒരു കടലാസ് കഷ്ണം പിന്നിവെച്ചിരുന്നു. “എനിക്കു പഠിക്കണം.” അതുമാത്രം.
പഠിക്കണം? എന്തു പഠിക്കണം? മാഡ്രിസില്‍നിന്ന് പഠിക്കാന്‍ കഴിയാത്ത എന്താണുള്ളത്? യെസ്റ്റെക്ക് ഒന്നും മനസ്സിലായില്ല
നോവല് / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
രക്തപ്രവാഹം ഒരു ദിവസം കഴിഞ്ഞു നിന്നു. വേദന ഒരാഴ്ചകൊണ്ടും. അവര്‍ ഡോമിന്‍ഗോയുടെ ശരീരം അടക്കം ചെയ്തു. എന്നിട്ട് ആദ്യമായും അവസാനമായും ഇനിഗോ അരാബെല്ലയോട് യാത്ര പറഞ്ഞു.
ടൊലറാഡോ മലയിടുക്കിലെ ആ ഗ്രാമത്തിലേക്ക് അവനൊരിക്കലും ഇനി തിരിച്ചുവരില്ല. അവന്റെ മുഖം രക്തം പുരണ്ട ഒരു ബാന്‍ഡേജിനുള്ളില്‍ ഒളിച്ചു കിടന്നു. യെസ്റ്റെയുടെ കുതിരവണ്ടിയില്‍ അവന്‍ ഗ്രാമത്തോടവസാനയാത്ര പറഞ്ഞു മാഡ്രിഡിലേക്കു പോയി. []
യെസ്റ്റെയുടെ വീട്ടില്‍ അവന്‍ കഴിഞ്ഞുകൂടി. ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്റെ ബാന്‍ഡേജ് അഴിച്ചു മാറ്റി. വാളിന്റെ കല അവന്റെ മുഖത്ത് ആഴത്തില്‍ ചുവന്നു കിടന്നു. രണ്ടു കവിളിലും നെറ്റിയിലും നിന്നാരംഭിച്ച് അടിയോളം നീണ്ടുകിടക്കുന്ന രണ്ടു കലകള്‍. രണ്ടുകൊല്ലം അവന്‍ യെസ്റ്റെയുടെ മണിഹര്‍മ്മ്യത്തില്‍ സുഖമായി കഴിഞ്ഞുകൂടി.
ഒരു ദിവസം രാവിലെ ഇനിഗോ എങ്ങോട്ടോ പോയി. അവന്റെ തലയണയില്‍ ഒരു കടലാസ് കഷ്ണം പിന്നിവെച്ചിരുന്നു. “എനിക്കു പഠിക്കണം.” അതുമാത്രം.
പഠിക്കണം? എന്തു പഠിക്കണം? മാഡ്രിസില്‍നിന്ന് പഠിക്കാന്‍ കഴിയാത്ത എന്താണുള്ളത്? യെസ്റ്റെക്ക് ഒന്നും മനസ്സിലായില്ല.
പുതിയ ചെറുപ്പക്കാരെ മനസ്സിലാക്കാന്‍ വിഷമമാണ്. എന്നുമാത്രം അയാളോര്‍ത്തു. അയാളൊന്നു മാത്രം അറിഞ്ഞു. താന്‍ വാളുണ്ടാക്കുന്ന ഒരു തടിയനാണെന്നു മാത്രം.
അതുകൊണ്ടയാള്‍ വീണ്ടും വീണ്ടും വാളുണ്ടാക്കി.
കൊല്ലംതോറും അയാള്‍ തടിച്ചുകൊണ്ടിരുന്നു. അതേപോലെ അയാളുടെ കീര്‍ത്തിയും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആയുധങ്ങള്‍ക്കിരന്നുകൊണ്ട് രാജാക്കന്മാരും പ്രഭുക്കന്മാരും അയാളുടെ മുമ്പിലെത്തി.
അയാള്‍ നിരക്ക് ഇരട്ടിയാക്കി. കൊല്ലത്തിനു പകരം ഒരു വാളിന് രണ്ടുകൊല്ലം കാത്തിരിക്കണമെന്നായി. അപ്പോള്‍ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും അയാളെ മാത്രം മതിയെന്നായി.
വീണ്ടും അയാള്‍ നിരക്ക് ഇരട്ടിയാക്കി. ക്യൂ അവസാനിക്കുന്നില്ല. രണ്ടു തവണ ഇരട്ടിപ്പിച്ച് നിരക്ക് മൂന്നാം തവണ മൂന്നിരട്ടിയാക്കി. മാത്രമല്ല, പണത്തിനു പകരം കൂലിയായി
രത്‌നമായിരുന്നു വേണ്ടിയിരുന്നത്.
രണ്ടുകൊല്ലം മൂന്നുകൊല്ലമായി. എന്നിട്ടും രാജാക്കന്മാരും പ്രഭുക്കന്മാരും അയാളെ അലട്ടിക്കൊണ്ടിരുന്നു. യെസ്റ്റെ പണക്കാരനായി.
എടുത്താല്‍ പൊങ്ങാത്തത്ര തടിയുമായി.
അയാളുടെ എല്ലാ കാര്യങ്ങളും പതുക്കെ നീങ്ങി. വസ്ത്രം മാറാന്‍ ഒരു മണിക്കൂര്‍ വേണം. ചായ കുടിക്കാന്‍ ഒരു മണിക്കൂര്‍ വേണം. അങ്ങനെ എന്നിട്ടും അയാള്‍ വാളുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
ഒരിക്കല്‍ യെസ്റ്റെ ഉണ്ടാക്കിയിരുന്ന വാളുകളുടെ ഭംഗിയൊന്നും അതിനുണ്ടായിരുന്നില്ല. എന്നിട്ടും വിഡ്ഢികളായ പണക്കാര്‍ അതൊന്നുമറിഞ്ഞില്ല. ഡോമിന്‍ഗോ മരിച്ചു കഴിഞ്ഞിരുന്നല്ലോ.
ഒരു പ്രഭാതത്തില്‍ തന്റെ കടയിലേക്ക് കടന്നുവന്ന ചെറുപ്പക്കാരനോട് അതുകൊണ്ടാണ് യെസ്റ്റെ മുഖത്തേക്കൊന്നു നോക്കുകപോലും ചെയ്യാതെ ഇങ്ങനെ പറഞ്ഞത്.
“നാലുകൊല്ലം കാത്തിരിക്കേണ്ടി വരും. അതിന്റെ വില പറയാന്‍പോലും എനിക്കു വിഷമമുണ്ട്. വേറെയാരെയെങ്കിലും കൊണ്ട് ഉണ്ടാക്കിക്കൂ.”
ശരിയാണ്. പക്ഷേ, നിങ്ങളെന്നെ സ്‌നേഹിക്കുന്നു. നിങ്ങള്‍ക്കെന്നോട് ക്രൂരമായി പെരുമാറാനാവില്ല. നിങ്ങളെന്നോടു പറയും. ഗംഭീരമായിരിക്കുന്നു. ഇന്നത്തേക്കിതുമതി- നമുക്കിനി ഭക്ഷണം കഴിക്കാം
“എനിക്കെന്റെ ആയുധം ഉണ്ട്”. എന്നിട്ട് ആ ചെറുപ്പക്കാരന്‍ തന്റെ ആറുവിരല്‍ വാള്‍ മേശപ്പുറത്തെറിഞ്ഞു. ആ വാള്‍ കണ്ടപ്പോഴാണ് യെസ്റ്റെ മുഖമുയര്‍ത്തിയത്. അയാള്‍ ചെറുപ്പക്കാരനെ തന്റെ കൈകള്‍കൊണ്ട് വരിഞ്ഞുമുറുക്കി.
“ഇനി നീ പോവരുത് കേട്ടോ. ഞാന്‍ ഒറ്റയ്ക്കാവുമ്പോള്‍ ഏറെ തിന്നുന്നു”- യെസ്റ്റെ.
“എനിക്കിവിടെ നില്ക്കാനാവില്ല. ഞാനിവിടെ വന്നത് നിങ്ങളോടൊരു ചോദ്യം ചോദിക്കാനാണ്. കഴിഞ്ഞ പത്തുകൊല്ലവും ഞാന്‍ പഠിക്കുകയായിരുന്നു. ഞാന്‍ തയ്യാറായോ എന്നറിയാനാണിപ്പോള്‍ വന്നത്”- ഇനിഗോ.
“തയ്യാറായോ എന്നോ? എന്തിന്? നീയെന്താണ് പഠിച്ചുകൊണ്ടിരുന്നത്?”.
“വാള്‍.”
“ഭ്രാന്ത്? നീ- പത്തുകൊല്ലം വാള്‍പ്പയറ്റ് പഠിക്കാന്‍ ചെലവിട്ടെന്നോ?”
“വെറും വാള്‍പ്പയറ്റ് പഠിക്കാനല്ല. ഞാന്‍ മറ്റു പലതും പഠിച്ചു”.
“പറയൂ.”
“പത്തുകൊല്ലം എന്നു പറഞ്ഞാല്‍ എന്താണ് 3650 ദിവസങ്ങള്‍. എന്നു പറഞ്ഞാല്‍ 87600 മണിക്കൂര്‍. ഓരോ രാത്രിയും ഞാന്‍ 4 മണിക്കൂര്‍ ഉറങ്ങുന്നു. അതായത് 14600 മണിക്കൂര്‍. ബാക്കി എത്രയുണ്ട് 73000 മണിക്കൂര്‍.”
“ശരി നീ ഉറങ്ങി.”
“ഞാന്‍ പാറ പിഴിഞ്ഞു.”
“എന്റെ ചെവി പതുക്കെയാണ്. നീയെന്താണ് പറഞ്ഞത്. പാറ പിഴിഞ്ഞെന്നോ?”
“അതെ, എന്റെ കൈത്തണ്ടയ്ക്ക് ബലം വെക്കാന്‍. വാള്‍ നിയന്ത്രിക്കാന്‍
ദിവസം രണ്ട് മണിക്കൂര്‍. രണ്ടു മണിക്കൂര്‍ ഞാന്‍ ചാടുകയും മറ്റും ചെയ്തു
വേഗത കൂട്ടാന്‍. അപ്പോള്‍ 14600 മണിക്കൂര്‍. ദിവസവും 2 മണിക്കൂര്‍ ഞാന്‍ ഓടി. എന്റെ കാലുകള്‍ക്ക് ശക്തി കിട്ടാന്‍. ഇപ്പോള്‍ ബാക്കിയെത്ര മണിക്കൂറുണ്ട്. വെറും 51100 മണിക്കൂര്‍.”
അടുത്തപേജില്‍ തുടരുന്നു
യെസ്റ്റെ തന്റെ മുമ്പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനെ സൂക്ഷിച്ചുനോക്കി. വാളുപോലെ നേര്‍ത്തുമെലിഞ്ഞ ആറടിയുള്ളൊരു ചെറുപ്പക്കാരന്‍.
തിളങ്ങുന്ന കണ്ണുകള്‍.
“അപ്പോള്‍ ബാക്കിയുള്ള 51100 മണിക്കൂര്‍ നീ വാള്‍പ്പയറ്റ് പഠിച്ചെന്നോ?”
“അതെ.”
“എവിടുന്ന്?”
“വെനീസ്- ബ്രൂസ്- ബുഡാപെസ്റ്റ്- ലോകത്തിലെ എല്ലാ ആചാര്യന്മാരുടേയും അടുക്കല്‍നിന്നും.”[]
“നിനക്കിവിടെ നിന്ന് അതു പഠിപ്പിക്കാമായിരുന്നു.”
“ശരിയാണ്. പക്ഷേ, നിങ്ങളെന്നെ സ്‌നേഹിക്കുന്നു. നിങ്ങള്‍ക്കെന്നോട് ക്രൂരമായി പെരുമാറാനാവില്ല. നിങ്ങളെന്നോടു പറയും. ഗംഭീരമായിരിക്കുന്നു. ഇന്നത്തേക്കിതുമതി- നമുക്കിനി ഭക്ഷണം കഴിക്കാം.”
“ശരിയാണ്. പക്ഷേ, എന്താണിത്ര പ്രാധാന്യം വാള്‍പ്പയറ്റിന്?”
“എനിക്കിനി പരാജയപ്പെടാനാവില്ല.”
“ആരോട്?”
“എന്റെ അച്ഛനുവേണ്ടി. ഈ വര്‍ഷങ്ങളത്രയും ആ ആറുവിരലന്‍ മനുഷ്യനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
പക്ഷേ, അയാളൊരു മാസ്റ്ററാണ് യെസ്റ്റെ. അവനെ കണ്ടെത്തിക്കഴിഞ്ഞാല്‍, ഞാനതില്‍ പരാജയപ്പെടാന്‍ പാടില്ല. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നത്. നിങ്ങള്‍ക്ക് വാളും വാള്‍ക്കാരേയുമറിയാം.
നിങ്ങള്‍ കള്ളം പറയില്ല. ഞാന്‍ തയ്യാറായെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞാനവനെ ലോകം മുഴുക്കെ തിരക്കും. ശരിയായില്ലെന്ന് പറഞ്ഞാല്‍ അടുത്ത പത്തുവര്‍ഷം ഞാന്‍ വീണ്ടും പഠിക്കും. എന്നിട്ടും ശരിയായില്ലെങ്കില്‍ വീണ്ടും പത്തുവര്‍ഷം.”
അങ്ങനെ അവര്‍ യെസ്റ്റെയുടെ വീട്ടുമുറ്റത്തേക്കു പോയി. പ്രഭാതം. വെയിലിന് നല്ല ചൂട്. യെസ്റ്റെ തന്റെ ശരീരം ഒരു കസേരയില്‍ നിക്ഷേപിച്ചു. കസേര ഒരു മരത്തണലില്‍ സ്ഥാപിച്ചു. ഇനിഗോ വെയിലത്ത് പ്രതീക്ഷകളോടെ നിന്നു.
“നമുക്ക് ആഗ്രഹങ്ങള്‍ പരീക്ഷിക്കേണ്ട ആവശ്യമില്ല. ഒരു പോരാട്ടത്തിന്റെ ഉദ്ദേശ്യശുദ്ധിയും നിനക്കുണ്ട്. അതുകൊണ്ട് നമുക്ക് നിന്റെ ജ്ഞാനവും വേഗതയും സ്ഥൈര്യവും മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. അതുകൊണ്ടൊരു ശത്രുവിന്റെ ആവശ്യം നമുക്കില്ല. ശത്രു നിന്റെ മനസ്സില്‍ എപ്പോഴുമുണ്ട്. അയാള്‍ നിന്റെ മുമ്പിലുള്ളതായി വിചാരിക്കൂ.”
ഇനിഗോ വാള്‍ വലിച്ചൂരി.
“ആറു വിരല്‍ മനുഷ്യന്‍ നിന്നോടെതിരിടുന്നു. നീ അയാളെ നേരിടൂ”-
യെസ്റ്റെ വിളിച്ചുപറഞ്ഞു.
ഇനിഗോ മുറ്റത്തേക്ക് ചാടിവീണു.
“അവന്‍ “അഗ്രിപ്പാ” പ്രതിരോധമാണ് ഉപയോഗിക്കുന്നത്”- യെസ്റ്റെ വിളിച്ചുകൂവി.
പെട്ടെന്നുതന്നെ ഇനിഗോ സ്ഥാനം മാറ്റി. വാളിന്റെ വേഗത കൂടി. “അവന്‍ പെട്ടെന്ന് “സോണറ്റി” ആക്രമണത്തിലേക്ക് കടക്കുന്നു”- യെസ്റ്റെ വിളിച്ചു പറഞ്ഞു. പക്ഷേ, ഇനിഗോ ഒട്ടും പരിഭ്രമിച്ചില്ല. പെട്ടെന്ന് തന്നെ ഇനിഗോ ചുവടു മാറ്റി.
അയാളുടെ ശരീരം ഒരു പ്രത്യേകതരത്തില്‍ ചലനമാരംഭിച്ചു. ഇപ്പോള്‍ മിന്നലിന്റെ വേഗതയിലാണ് വാള്‍ ചലിക്കുന്നത്. യെസ്റ്റെ അതിവേഗത്തില്‍ വിളിച്ചുപറയാന്‍ തുടങ്ങി. വാള്‍ ഒരിക്കലും നിശ്ചലമായില്ല.
ഉച്ചയ്ക്ക് മൂന്നു മണി ആയപ്പോള്‍ യെസ്റ്റെ പറഞ്ഞു: “മതി, ഞാന്‍ തളര്‍ന്നു.”
ഇനിഗോ വാള്‍ ഉറയിലിട്ട് യെസ്റ്റെയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.
“നീ എന്റെ പ്രതികരണം കാത്തു നില്ക്കുകയാണല്ലേ? നിന്റെ അച്ഛനെ കൊല്ലാന്‍ മാത്രം ക്രൂരനായ മനുഷ്യനെ, ഗവണ്‍മെന്റിന്റെ സംരക്ഷണം വിലകൊടുത്തു വാങ്ങാന്‍ മാത്രം പണക്കാരനായ മനുഷ്യനെ, നിന്നേക്കാള്‍ പ്രായവും പരിചയവുമുള്ള പ്രസിദ്ധനായ ആ കൊലയാളിയെ നേരിടാനുള്ള കരുത്ത് നീ നേടിയിട്ടുണ്ടോ എന്നറിയാനല്ലേ നീ വന്നത്.
വാള്‍പ്പയറ്റില്‍ മാസ്റ്റര്‍ കഴിഞ്ഞാല്‍ അടുത്തപടി അതാണ്. ആ ബഹുമതി കിട്ടിയ അവസാനത്തെ മനുഷ്യനാണ് ബാഷ്യ. നീ ജനിക്കുന്നതിന് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് കടലില്‍ വെച്ചയാള്‍ മരിച്ചു
ഞാന്‍ സത്യം പറയാം. അതനുസരിച്ച് ജീവിക്കേണ്ടത് നിന്റെ കടമയാണ്. ആദ്യമായി നിന്റെ പ്രായത്തില്‍ ഒരു “മാസ്റ്റര്‍” ഉണ്ടായിട്ടില്ല. മുപ്പതു വയസ്സു കഴിഞ്ഞേ ഇതുവരെ ആരും മാസ്റ്റര്‍ പദവി നേടിയിട്ടുള്ളൂ. നിനക്ക് ഇരുപത് വയസ്സേ ഉള്ളു. സത്യം പറഞ്ഞാല്‍ പ്രതികാരദാഹം മൂത്ത ഒരു ഭ്രാന്തനാണ് നീ. നീ ഇപ്പോള്‍ ഒരു “മാസ്റ്റര്‍” അല്ല. ഒരിക്കലും ആവുകയുമില്ല.”
“നിങ്ങളുടെ സത്യസന്ധതയ്ക്കു നന്ദി. ഇതിനേക്കാള്‍ നല്ലതെന്തെങ്കിലുമാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഇപ്പോളെനിക്ക് സംസാരിക്കാനാവുന്നില്ല. ഞാന്‍ വീണ്ടും എന്റെ വഴി തുടരട്ടെ…”
“ഞാന്‍ പറഞ്ഞു തീര്‍ന്നില്ല.”
“ഇനി മറ്റെന്താണ് പറയാനുള്ളത്”- ഇനിഗോ.
“ഞാന്‍ നിന്റെ അച്ഛനെ വല്ലാതെ സ്‌നേഹിച്ചിരുന്നു. അതു നിനക്കറിയാം. ഞങ്ങള്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ കോര്‍സിക്കയിലെ വിസാര്‍ഡ് ബാഷ്യയുടെ ഒരു പ്രദര്‍ശനം കണ്ടിരുന്നു.”- യെസ്റ്റെ.
“എനിക്ക് വിസാര്‍ഡുകളെ അറിയില്ല”- ഇനിഗോ.
“വാള്‍പ്പയറ്റില്‍ മാസ്റ്റര്‍ കഴിഞ്ഞാല്‍ അടുത്തപടി അതാണ്. ആ ബഹുമതി കിട്ടിയ അവസാനത്തെ മനുഷ്യനാണ് ബാഷ്യ. നീ ജനിക്കുന്നതിന് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് കടലില്‍ വെച്ചയാള്‍ മരിച്ചു.
അതിനുശേഷം വിസാര്‍ഡുകള്‍ ഉണ്ടായിട്ടില്ല. നിനക്കയാളെ തോല്പിക്കാനാവില്ല. പക്ഷേ, അയാള്‍ക്ക് നിന്നെയും തോല്പിക്കാനാവില്ല”- യെസ്റ്റെ.
ഇനിഗോയ്ക്ക് ഒന്നും പറയാനായില്ല. കുറേനേരം കഴിഞ്ഞവന്‍ പറഞ്ഞു:
“അപ്പോള്‍… അപ്പോള്‍ ഞാന്‍ റെഡിയായി ഇല്ലെ?”
“ആ ആറുവിരലന്‍ മനുഷ്യനാകാന്‍ എനിക്കിഷ്ടമല്ല”- എന്നുമാത്രം യെസ്റ്റെ പറഞ്ഞു.
തുടരും..
ബാബു ഭരദ്വാജ്
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…