| Tuesday, 4th December 2012, 6:36 pm

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരുപത്തൊമ്പതാമത്തെ വയസ്സില്‍ അയാള്‍ക്ക് രാവിലെ ഉറക്കം തെളിയണമെങ്കില്‍ ഒരു “സ്‌മോള്‍” വേണമെന്നായി. അയാള്‍ക്ക് ചുറ്റും അയാളുടെ ലോകം ഇടിഞ്ഞു തകരുകയായിരുന്നു. അയാള്‍ ജീവിതത്തില്‍ പരാജയപ്പെടുകയായിരുന്നു.

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: പതിനെട്ട്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


അടുത്ത പ്രഭാതത്തില്‍ ഇനിഗോ യാത്ര ആരംഭിച്ചു. എല്ലാം അയാള്‍ മനസ്സില്‍ തയ്യാറാക്കുകയായിരുന്നു. ഇനിഗോ ആറുവിരല്‍ മനുഷ്യനെ കണ്ടെത്തും. എന്നിട്ട് അയാളോട് നേരിട്ടങ്ങനെ പറയും: “എന്റെ പേര് ഇനിഗോ മോണ്‍ടോയ. നീ എന്റെ അച്ഛനെ കൊന്നു. മരിക്കാന്‍ തയ്യാറായിക്കൊള്ളൂ.”

അതുകഴിഞ്ഞ് വാള്‍പ്പയറ്റ്. ശരിക്കും മനോഹരമായ പദ്ധതിയായിരുന്നു അത്. സരളം. അയാള്‍ മനസ്സില്‍ ആ നാടകം അതിന്റെ എല്ലാ രൂപത്തിലും കണ്ടു. അയാള്‍ ദയയ്ക്കുവേണ്ടി കേഴുന്നത്. അല്ലെങ്കില്‍ ശത്രു വീമ്പിളക്കുന്നത്.[]

“ശരി, നിന്റെ അച്ഛനെ കൊന്നത് ഞാനോര്‍ക്കുന്നു. നിന്നെയും കൊല്ലുന്നതില്‍ സന്തോഷമേയുള്ളു.”
ഇനിഗോയ്ക്ക് ഒരു പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു- ശത്രുവിനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രം.

ശത്രുവിനെ കണ്ടുപിടിക്കല്‍ വിഷമം പിടിച്ച ജോലിയാണെന്ന് ഇനിഗോയ്ക്ക് തോന്നിയില്ല. എത്ര മാന്യന്മാര്‍ക്ക് വലതുകൈയില്‍ ആറു വിരലുണ്ട്? അയാളുടെ സ്ഥലത്തുള്ളവര്‍ക്കൊക്കെ അക്കാര്യമറിയാതിരിക്കില്ല. ചില്ലറ ചോദ്യങ്ങള്‍.

“ഞാന്‍ ചൂടനൊന്നുമല്ല, നിങ്ങളൊരു ആറുവിരല്‍ മാന്യനെ കണ്ടിട്ടുണ്ടോ?”. “കണ്ടു” എന്ന് ആരെങ്കിലും പറയാതിരിക്കില്ല.
പക്ഷേ, അതൊരിക്കലും സംഭവിച്ചില്ല.

ആദ്യത്തെ മാസം അത്ര കുഴപ്പം പിടിച്ചതായിരുന്നില്ല. ഇനിഗോ സ്‌പെയിനിലും പോര്‍ച്ചുഗലിലും ചുറ്റിക്കറങ്ങി. അടുത്തമാസം ഇനിഗോ ഫ്രാന്‍സിലേക്ക് കടന്നു. ആ കൊല്ലത്തില്‍ ബാക്കി ഭാഗം അവിടെ കഴിച്ചുകൂട്ടി. അടുത്ത കൊല്ലം ഇനിഗോ ഇറ്റലിയിലായിരുന്നു.

അതുകഴിഞ്ഞയാള്‍ ജര്‍മനിയിലും സ്വിറ്റ്‌സര്‍ലാന്‍ഡിലും കറങ്ങി. അഞ്ച് മുഴുവന്‍ കൊല്ലവും കഴിഞ്ഞതിനുശേഷമാണ് ഇനിഗോ ശരിക്കും പരിഭ്രാന്തനായത്. അപ്പോഴേക്കും അയാള്‍ യൂറോപ്പ് മുഴുവന്‍ ചുറ്റിക്കറങ്ങിയിരുന്നു.

എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്ന് അപ്പോഴേക്കും അയാള്‍ ഊഹിക്കാന്‍ തുടങ്ങിയിരുന്നു. പത്തുകൊല്ലം വളരെ നീണ്ട കാലമാണ്. പത്തുകൊല്ലം താന്‍ പഠനത്തിന് ചെലവഴിക്കരുതായിരുന്നു. ഈ പത്തുകൊല്ലംകൊണ്ട് എന്തൊക്കെ സംഭവിച്ചിട്ടുണ്ടാവില്ല.

അയാളൊരുപക്ഷേ, ഏഷ്യയില്‍ ചുറ്റിക്കറങ്ങുന്നുണ്ടാവും? അല്ലെങ്കില്‍ അമേരിക്കയില്‍ പണം സമ്പാദിക്കുകയായിരിക്കും? അല്ലെങ്കില്‍ പൗരസ്ത്യ രാജ്യങ്ങളില്‍ ഒരു സന്ന്യാസി ആയിട്ടുണ്ടാവും. അല്ലെങ്കില്‍… ഒരു പക്ഷേ… മരിച്ചിട്ടുണ്ടാവും.

ഇരുപത്തേഴാമത്തെ വയസ്സില്‍ ഉറക്കം കിട്ടാന്‍ വേണ്ടി അയാള്‍ രാത്രി ഒരു “സ്‌മോള്‍” അടിക്കാന്‍ തുടങ്ങി. ഇരുപത്തെട്ടാമത്തെ വയസ്സില്‍ അയാള്‍ ഭക്ഷണം ദഹിക്കാന്‍ വേണ്ടി ഒരു “സ്‌മോള്‍” അടിച്ചുതുടങ്ങി.

ഇരുപത്തൊമ്പതാമത്തെ വയസ്സില്‍ അയാള്‍ക്ക് രാവിലെ ഉറക്കം തെളിയണമെങ്കില്‍ ഒരു “സ്‌മോള്‍” വേണമെന്നായി. അയാള്‍ക്ക് ചുറ്റും അയാളുടെ ലോകം ഇടിഞ്ഞു തകരുകയായിരുന്നു. അയാള്‍ ജീവിതത്തില്‍ പരാജയപ്പെടുകയായിരുന്നു.

വാള്‍പ്പയറ്റ് അയാള്‍ക്കൊരു ബോറായിത്തുടങ്ങി.

അയാളെങ്ങനെ ജീവിച്ചെന്നോ? അതെളുപ്പമായിരുന്നു. ഓരോ സ്ഥലത്തെത്തുമ്പോഴും അയാളവിടുത്തെ പ്രാദേശിക ചാമ്പ്യനെ വെല്ലുവിളിക്കും. ബെറ്റടിക്കും. അയാളെ തോല്പിക്കും. കിട്ടുന്ന പണംകൊണ്ടയാള്‍ ഭക്ഷണം കഴിക്കും.

പക്ഷേ, ഈ പ്രാദേശിക ചാമ്പ്യന്മാര്‍ അയാള്‍ക്കൊന്നുമല്ലായിരുന്നു. നഗരത്തിലും തലസ്ഥാനങ്ങളിലുമുള്ള ചാമ്പ്യന്മാരും അയാള്‍ക്കൊന്നുമല്ലായിരുന്നു. അയാളുടെ ജീവിതത്തിന് ലക്ഷ്യമില്ലാതെയായി. ജീവിതത്തിന് ഒരു കാരണവും ഇല്ലാതെയായി.

മുപ്പതാമത്തെ വയസ്സില്‍ അയാളന്വേഷണം നിര്‍ത്തി. ഭക്ഷണം കഴിക്കാന്‍ മറന്നു. ഉറങ്ങാന്‍ മറന്നു. അയാള്‍ക്ക് കൂട്ടായി അയാളുടെ “സ്‌മോള്‍” ഉണ്ടായിരുന്നു. അയാളൊരു വെറും തൊണ്ടായി.

കാമ്പില്ലാത്ത, കഴമ്പില്ലാത്ത, കോര്‍സിക്കല്‍ വിസാര്‍ഡിനുശേഷം ലോകം കണ്ട ഏറ്റവും വലിയ വാള്‍പ്പയറ്റ് വീരന്‍ വാള്‍തൊട്ട നാളുകള്‍ മറന്നു.

ഈ അവസ്ഥയിലാണ് കൂനന്‍ സിസിലിയന്‍ അയാളെ കണ്ടെത്തുന്നത്. ആദ്യമൊക്കെ അയാള്‍ ഇനിഗോയ്ക്ക് ശക്തിയുള്ള മദ്യങ്ങള്‍ നല്കി. പിന്നെ പതുക്കെപ്പതുക്കെ അയാളെ അതില്‍നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരുന്നു.

കാരണം കൂനന് ഒരു സ്വപ്‌നമുണ്ടായിരുന്നു. തന്റെ ബുദ്ധിയും തുര്‍ക്കിയുടെ ശക്തിയും ഇനിഗോയുടെ വാളും ചേര്‍ന്നാല്‍ അവര്‍ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായിത്തീരും. ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ സംഘമായി മാറും. യഥാര്‍ത്ഥത്തില്‍ അതാണൊടുക്കം സംഭവിച്ചത്.

അവരുടെ പേരുകള്‍ ആളുകളെ സംഭീതരാക്കി. സിസിലിയന്‍ കൂട്ടം (രണ്ടാള്‍ കമ്പനിയാണ്, മൂന്നാളായാല്‍ ആള്‍ക്കൂട്ടമായി), പ്രസിദ്ധരായി. പണവും വന്നുചേര്‍ന്നു. അവര്‍ക്കസാധ്യമായതൊന്നുമില്ലാതെയായി. ഇനിഗോയുടെ വാള്‍ മിന്നല്‍ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങി. തുര്‍ക്കി ദിനംപ്രതി ശക്തനായി.

പക്ഷേ, കൂനന്‍തന്നെയായിരുന്നു എന്നും നേതാവ്. അയാളില്ലായിരുന്നെങ്കില്‍ ഇനിഗോ എവിടെയായിരുന്നു? ഏതെങ്കിലും തെരുവില്‍ ഒരു “സ്‌മോളിനു” വേണ്ടി ഇരക്കുകയായിരിക്കണം. കൂനന്റെ വാക്കുകള്‍ വെറും നിയമമല്ല. അതൊരു വേദവാക്യമാണ്.

അതുകൊണ്ട് “കറുത്ത ഉടുപ്പുകാരനെ കൊല്ലുക” എന്ന് സിസിലിയന്‍ (കൂനന്‍) പറഞ്ഞുകഴിഞ്ഞാല്‍ മറ്റൊരു വഴിയില്ല. അയാള്‍ മരിക്കുകതന്നെ വേണം…

വീണ്ടും നമുക്ക് ഭ്രാന്തന്‍ കൊടുമുടിയിലേക്ക് പോവാം.

ഇനിഗോ കൊടുമുടിയുടെ വക്കില്‍ കൈവിരല്‍ ഞൊടിച്ചുകൊണ്ട് ഉലാത്തിക്കൊണ്ടിരുന്നു. അന്‍പതടി താഴെ കറുത്ത ഉടുപ്പുകാരന്‍ കയറിക്കൊണ്ടിരിക്കുകയാണ്. അയാള്‍ അക്ഷമനായിക്കൊണ്ടിരുന്നു.

അയാള്‍ താഴേക്ക് നോക്കി. എത്ര പതുക്കെയാണ് കറുത്ത ഉടുപ്പുകാരന്‍ തന്റെ യാതനാപൂര്‍ണമായ കയറ്റം കയറിക്കൊണ്ടിരിക്കുന്നത്. ഇനിഗോ തന്റെ വാളുറയില്‍ കൈകള്‍ മുട്ടി. വേഗത്തില്‍ വിരലിന്റെ ഞൊട്ട ഒടിക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ മിന്നല്‍പോലെ ഒരു മോഹം അയാളുടെ മനസ്സിലൂടെ കടന്നുപോയി. ആ കയറിവരുന്ന ആള്‍ ഒരു “ആറുവിരലന്‍” ആയിരുന്നെങ്കില്‍! അതിനുള്ള സാധ്യത എത്ര കുറവാണ്.

ഇനി നാല്പത്തിയേഴടി.
ഇനി നാല്പത്തിയാറ്-

കാത്തിരിപ്പ് അസാധ്യമായപ്പോള്‍ ഇനിഗോ ഉച്ചത്തില്‍ വിളിച്ചു: “എടോ…” കറുത്ത ഉടുപ്പുകാരന്‍ മേല്‌പോട്ടു നോക്കി.”ഞാന്‍ നിന്നെ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.”- ഇനിഗോ. കറുത്ത ഉടുപ്പുകാരന്‍ തലയാട്ടി.

“നീ വളരെ പതുക്കെയാണ്.”
“നീയെന്നെ ദേഷ്യം പിടിപ്പിക്കരുത്. ഞാനിപ്പോള്‍ തിരക്കിലാണ്. എന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കരുത്.”
“ക്ഷമിക്കണം.”
“നിനക്ക് വേഗത ഒന്ന് കൂട്ടിക്കൂടെ”- ഇനിഗോ വീണ്ടും.

“വേഗത വേണമെങ്കില്‍ നീ ഒരു കയറിന്‍ കഷ്ണമോ, മരത്തിന്റെ ശാഖയോ താഴേക്കിട്ടുതരൂ.” ദേഷ്യത്തോടെ കറുത്ത ഉടുപ്പുകാരന്‍ പറഞ്ഞു.
“എനിക്കത് ചെയ്യാന്‍ കഴിയും. പക്ഷേ, നീ അത് സ്വീകരിക്കില്ല. കാരണം നിന്നെ കൊല്ലാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.”

“എന്നാല്‍ നീ കാത്തിരിക്കുകതന്നെ വേണ്ടിവരും.”

നാല്പത്തി മൂന്നടി.
നാല്പത്തി ഒന്നടി.

“ഒരു സ്പാനിയര്‍ഡ് എന്ന നിലയില്‍ നിനെക്കന്റെ വാക്കുകള്‍ വിശ്വസിക്കാം.”
“രക്ഷയില്ല, എനിക്ക് ധാരാളം സ്പാനിയാര്‍ഡുകളെ അറിയാം.”

“ഈ കാത്തിരിപ്പ് എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.”
“നിനക്ക് എന്റെ സ്ഥാനം സ്വീകരിക്കണമെന്നുണ്ടെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ”- കറുത്ത ഉടുപ്പുകാരന്‍.

“മുപ്പത്തിയൊമ്പതടി”- പിന്നെ വിശ്രമം.
“വേഗം കയറൂ.”

കറുത്ത ഉടുപ്പുകാരന്‍ ഇപ്പോള്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുകയാണ്. അയാളുടെ ശരീരത്തിന്റെ ഭാരം മുഴുവനും ഒരു പാറയിടുക്കിലേക്ക് തള്ളിക്കയറ്റിയ അയാളുടെ കയ്യാണ് താങ്ങുന്നത്.

“ഇതൊരു വല്ലാത്ത കയറ്റമാണ്. ഞാന്‍ തളര്‍ന്നിരിക്കുന്നു. ഒരു കാല്‍മണിക്കൂര്‍ എനിക്ക് വിശ്രമിക്കണം.”
തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്


We use cookies to give you the best possible experience. Learn more