| Wednesday, 7th October 2026, 11:32 am

ഭയത്തില്‍ ജീവിച്ച് മടുത്തു; യുവാക്കളെ തടയരുത്, നമ്മളാരും ഒറ്റയ്ക്കല്ല: മാതാപിതാക്കളോട് ദീപ്‌കെ

റെന്വര്‍ പി

ബെംഗളൂരു: നിരന്തരമായ ഭയത്തില്‍ ജീവിച്ച് രാജ്യത്തെ യുവാക്കള്‍ മടുത്തെന്നും വീടുകളില്‍ നിന്നിറങ്ങി അനീതികള്‍ക്കെതിരെ പോരാടുന്ന യുവാക്കളെ തടയരുതെന്നും സി.ജെ.പി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ. പ്രതിഷേധക്കാരായ യുവാക്കളുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്താണ് ദീപ്‌കെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഈ കാര്യം പറഞ്ഞത്.

താന്‍ പ്രതിഷേധങ്ങള്‍ക്ക് പോകുമ്പോള്‍ തന്റെ മാതാപിതാക്കള്‍ക്കുള്ള ഭയത്തെക്കുറിച്ച് പറഞ്ഞാണ് ദീപ്‌കെയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ഇത് തന്റെ വീട്ടിലെ മാത്രം അവസ്ഥയല്ലെന്നും രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന എല്ലാ യുവാക്കളുടെയും വീടുകളിലെ അവസ്ഥയാണെന്നും ദീപ്‌കെ കുറിച്ചു.

‘ഇന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഞാന്‍ ഏതെങ്കിലും യുദ്ധമുഖത്തേക്കാണ് പോകുന്നതെന്നത് പോലെ എന്റെ അമ്മ കരഞ്ഞു. ബെംഗളൂരുവില്‍ നിന്ന് ദല്‍ഹിയിലേക്കാണ് ഞാന്‍ പോകുന്നതെന്നും, ഒക്ടോബര്‍ 10-ലെ പ്രതിഷേധം കഴിയുന്നത് വരെ വീട്ടിലേക്ക് മടങ്ങിയെത്തില്ലെന്നും അവര്‍ക്കറിയാം.

അവരുടെ കണ്ണുകളിലെ ഭയം എനിക്ക് കാണാമായിരുന്നു. പതിവുപോലെ, ഞാനൊരു കള്ളം പറഞ്ഞു. വെറുതെ അനാവശ്യമായി പേടിക്കുകയാണെന്നും, കാര്യങ്ങളെല്ലാം നന്നായി നടക്കുമെന്നും ഞാന്‍ അവരോട് പറഞ്ഞു,’ ദീപ്‌കെ കുറിച്ചു.

‘പക്ഷേ, അമ്മയുടെ കണ്ണുകളിലെ ആ ഭയം കണ്ടു പഴകിയിരിക്കുന്നു. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പോലും ഉറപ്പില്ലാതിരിക്കെ, അവരെ ആശ്വാസിപ്പിച്ച് മടുത്തിരിക്കുന്നു.

ഒന്നും മിണ്ടാതെ നിശബ്ദനായി നില്‍ക്കുന്ന അച്ഛനെ നോക്കിനില്‍ക്കുമ്പോള്‍ മരവിപ്പ് തോന്നുന്നു. ഒന്നും പറയുന്നില്ലെങ്കിലും, മൂന്ന് മാസം മുമ്പുണ്ടായിരുന്ന ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.

എന്റെ മാതാപിതാക്കളുടെ മാത്രം അവസ്ഥയല്ല ഇതെന്നും എനിക്കറിയാം.
ശബ്ദമുയര്‍ത്താനും, വീടുകളില്‍ നിന്ന് പുറത്തിറങ്ങി തെരുവിലിറങ്ങാനും തീരുമാനിച്ച നിങ്ങള്‍ക്കെല്ലാം ഈ വികാരം പരിചിതമായിരിക്കും.

ഉത്കണ്ഠയോടെയുള്ള ഫോണ്‍ വിളികള്‍. എവിടെയാണെന്ന് ചോദിച്ചുകൊണ്ടുള്ള നിരന്തരമായ സന്ദേശങ്ങള്‍. ഈ കാര്യം നിങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണെന്ന് അറിയാവുന്നതുകൊണ്ട് മാത്രം അവര്‍ പുറത്തുകാണിക്കാന്‍ ശ്രമിക്കാത്ത ആ ഭയം,’ ദീപ്‌കെ കുറിച്ചു.

നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മളാരും ഒറ്റയ്ക്കല്ല. നമ്മളെല്ലാം ഒരുമിച്ചാണ് ഈ പോരാട്ടത്തിലുള്ളതെന്നും യുവാക്കളോടും മാതാപിതാക്കളോടുമായി ദീപ്‌കെ പറഞ്ഞു.

ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അന്ന്, നമ്മുടെ സ്വന്തം മക്കള്‍ ശബ്ദമുയര്‍ത്താന്‍ തെരുവിലിറങ്ങുമ്പോള്‍, ഇന്ന് നമ്മുടെ മാതാപിതാക്കള്‍ നമ്മളെക്കുറിച്ച് ഭയപ്പെടുന്നതുപോലെ അവരുടെ ജീവനെക്കുറിച്ച് ഭയപ്പെടേണ്ട അവസ്ഥ നമുക്കുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എല്ലാ മാതാപിതാക്കളോടും ഒരു അപേക്ഷ, ദയവായി ഇന്ന് ഞങ്ങളെ തടയരുത്. നിങ്ങളുടെ ഭയം ഞങ്ങള്‍ മനസ്സിലാക്കുന്നു. അത് എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളെ ഞങ്ങള്‍ എന്തിലൂടെയാണ് കടത്തിവിടുന്നതെന്നും ഞങ്ങള്‍ക്കറിയാം. പക്ഷേ, നിരന്തരമായ ഭയത്തില്‍ ജീവിച്ച് ഞങ്ങള്‍ മടുത്തു,’ ദീപ്‌കെ പറഞ്ഞു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഞാന്‍ ഏതെങ്കിലും യുദ്ധമുഖത്തേക്കാണ് പോകുന്നതെന്നത് പോലെ എന്റെ അമ്മ കരഞ്ഞു. ബെംഗളൂരുവില്‍ നിന്ന് ദല്‍ഹിയിലേക്കാണ് ഞാന്‍ പോകുന്നതെന്നും, ഒക്ടോബര്‍ 10-ലെ പ്രതിഷേധം കഴിയുന്നത് വരെ വീട്ടിലേക്ക് മടങ്ങിയെത്തില്ലെന്നും അവര്‍ക്കറിയാം.

അവരുടെ കണ്ണുകളിലെ ഭയം എനിക്ക് കാണാമായിരുന്നു. പതിവുപോലെ, ഞാനൊരു കള്ളം പറഞ്ഞു. വെറുതെ അനാവശ്യമായി പേടിക്കുകയാണെന്നും, കാര്യങ്ങളെല്ലാം നന്നായി നടക്കുമെന്നും ഞാന്‍ അവരോട് പറഞ്ഞു.

പക്ഷേ, അമ്മയുടെ കണ്ണുകളിലെ ആ ഭയം കണ്ടു പഴകിയിരിക്കുന്നു. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പോലും ഉറപ്പില്ലാതിരിക്കെ, അവരെ ആശ്വാസിപ്പിച്ച് മടുത്തിരിക്കുന്നു.

ഒന്നും മിണ്ടാതെ നിശബ്ദനായി നില്‍ക്കുന്ന അച്ഛനെ നോക്കിനില്‍ക്കുമ്പോള്‍ മരവിപ്പ് തോന്നുന്നു. ഒന്നും പറയുന്നില്ലെങ്കിലും, മൂന്ന് മാസം മുമ്പുണ്ടായിരുന്ന ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.

എന്റെ മാതാപിതാക്കളുടെ മാത്രം അവസ്ഥയല്ല ഇതെന്നും എനിക്കറിയാം.
ശബ്ദമുയര്‍ത്താനും, വീടുകളില്‍ നിന്ന് പുറത്തിറങ്ങി തെരുവിലിറങ്ങാനും തീരുമാനിച്ച നിങ്ങള്‍ക്കെല്ലാം ഈ വികാരം പരിചിതമായിരിക്കും.

ഉത്കണ്ഠയോടെയുള്ള ഫോണ്‍ വിളികള്‍. എവിടെയാണെന്ന് ചോദിച്ചുകൊണ്ടുള്ള നിരന്തരമായ സന്ദേശങ്ങള്‍. ഈ കാര്യം നിങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണെന്ന് അറിയാവുന്നതുകൊണ്ട് മാത്രം അവര്‍ പുറത്തുകാണിക്കാന്‍ ശ്രമിക്കാത്ത ആ ഭയം.

നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മളാരും ഒറ്റയ്ക്കല്ല.
നമ്മളെല്ലാം ഒരുമിച്ചാണ് ഈ പോരാട്ടത്തിലുള്ളത്. ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അന്ന്, നമ്മുടെ സ്വന്തം മക്കള്‍ ശബ്ദമുയര്‍ത്താന്‍ തെരുവിലിറങ്ങുമ്പോള്‍, ഇന്ന് നമ്മുടെ മാതാപിതാക്കള്‍ നമ്മളെക്കുറിച്ച് ഭയപ്പെടുന്നതുപോലെ അവരുടെ ജീവനെക്കുറിച്ച് ഭയപ്പെടേണ്ട അവസ്ഥ നമുക്കുണ്ടാകില്ല.

എല്ലാ മാതാപിതാക്കളോടും ഒരു അപേക്ഷ, ദയവായി ഇന്ന് ഞങ്ങളെ തടയരുത്. നിങ്ങളുടെ ഭയം ഞങ്ങള്‍ മനസ്സിലാക്കുന്നു. അത് എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളെ ഞങ്ങള്‍ എന്തിലൂടെയാണ് കടത്തിവിടുന്നതെന്നും ഞങ്ങള്‍ക്കറിയാം. പക്ഷേ, നിരന്തരമായ ഭയത്തില്‍ ജീവിച്ച് ഞങ്ങള്‍ മടുത്തു.

Content Highlight: But we are tired of living in constant fear. Abhijeet Dipke to Parents of youth

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more