| Tuesday, 16th June 2026, 8:15 pm

ഫുട്‌ബോള്‍ ആരാധകരെ കൊള്ളയടിക്കാന്‍ കച്ചവട തന്ത്രം, വഞ്ചിതരാകരുത്; സര്‍ക്കാര്‍ ഇടപെടണമെന്ന് ശിവപ്രസാദ്

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഫുട്‌ബോള്‍ ആരാധകരുടെ ആവേശത്തെ ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യാന്‍ ഇറങ്ങുന്ന മാധ്യമ-കോര്‍പ്പറേറ്റ് മുതലാളിമാരുടെ കച്ചവട തന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ്.

നാട്ടിന്‍പുറങ്ങളിലെ കൂട്ടായ്മകള്‍ നടത്തുന്ന ലോകകപ്പ് ഫുട്‌ബോള്‍ പൊതുപ്രദര്‍ശനങ്ങള്‍ക്ക് ഫിഫ ലൈസന്‍സ് വേണമെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇന്ത്യയില്‍ 2026 മുതലുള്ള ഫിഫ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണ പങ്കാളികളായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസും, കേരളത്തിലെ ലൈസന്‍സിങ് ഏകോപന ചുമതലയുള്ള ഈഗിള്‍സ് എഫ്.സി കേരളയുമാണ് ഈ നീക്കത്തിന് പിന്നിലെന്നും ശിവപ്രസാദ് ആരോപിച്ചു.

വന്‍തുക ലൈസന്‍സ് ഫീസ് അടച്ചില്ലെങ്കില്‍ ആന്റി-പൈറസി നിയമപ്രകാരം കേസെടുക്കുമെന്ന ഭീഷണിക്ക് പിന്നില്‍ കൃത്യമായ കച്ചവട ലക്ഷ്യങ്ങളുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു. ഫിഫയുടെ ഔദ്യോഗിക റെഗുലേഷന്‍സ് ചൂണ്ടിക്കാണിച്ചാണ് എസ്.എഫ്.ഐ അധ്യക്ഷന്‍ ഈ വാദങ്ങളെ പൊളിക്കുന്നത്.

5000 ആളുകളില്‍ താഴെ കാണികളുള്ള, പ്രവേശന ഫീസോ സ്‌പോണ്‍സര്‍ഷിപ്പോ ഇല്ലാത്ത ‘നോണ്‍ കൊമേഴ്‌സ്യല്‍’ (സാമ്പത്തിക ലാഭമില്ലാത്ത) പൊതുപ്രദര്‍ശനങ്ങള്‍ നടത്തുന്നതിന് യാതൊരുവിധ ലൈസന്‍സ് ഫീസും ആവശ്യമില്ല.

നാട്ടിന്‍പുറങ്ങളില്‍ ക്ലബ്ബുകളും യുവജന സംഘടനകളും സാംസ്‌കാരിക വേദികളും ഒരുക്കുന്ന സാധാരണ സ്‌ക്രീനിങ്ങുകളെല്ലാം ഈ പരിധിയില്‍ വരുന്നതാണെന്നും അതിന് ആര്‍ക്കും പണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലകള്‍ തോറും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കോര്‍പ്പറേറ്റ് ‘ഫാന്‍ പാര്‍ക്കുകളിലേക്ക്’ ആളുകളെ ആകര്‍ഷിക്കുന്നതിനും, അവിടെ ഭീമമായ പ്രവേശന ഫീസ് ഈടാക്കുന്നതിനും വേണ്ടിയാണ് നാട്ടിന്‍പുറങ്ങളിലെ കൂട്ടായ്മകളെ തടയാന്‍ ഇവര്‍ ശ്രമിക്കുന്നത്. ഇതിനായി ‘കുറ്റക്കാരെ’ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ ഇറക്കുമെന്ന പ്രചരണം കായികപ്രേമികളെ ഭയപ്പെടുത്താനാണെന്നും ശിവപ്രസാദ് വിമര്‍ശിച്ചു.

നമ്മുടെ നാട്ടിലെ കായിക പ്രേമികളെ ചൂഷണം ചെയ്യുന്നതിനും അനാവശ്യമായ നിയമ കുരുക്കില്‍ പെടുത്തുന്നതിനും ശ്രമിക്കുന്ന ഈ മാധ്യമ മുതലാളിമാര്‍ക്കെതിരെ സംസ്ഥാന ഗവണ്‍മെന്റും ഉത്തരവാദിത്വപ്പെട്ട വകുപ്പുകളും അടിയന്തരമായി ഇടപെടണമെന്ന് എം. ശിവപ്രസാദ് ആവശ്യപ്പെട്ടു.

കൂടാതെ, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഈ നിബന്ധനകളില്‍ ഇളവ് വരുത്താന്‍ ഈഗിള്‍സ് എഫ്.സി കേരളയുടെ ഉടമസ്ഥനായ ഷാഫി മേത്തറോട് ആവശ്യപ്പെടാന്‍, അദ്ദേഹത്തിന്റെ സഹോദരിയും ഭരണകക്ഷിയുടെ രാജ്യസഭാ എം.പിയുമായ ജെബി മേത്തര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫുട്‌ബോള്‍ ആരാധകരെ വഞ്ചിതരാവരുത്!
ഫുട്‌ബോള്‍ ആവേശത്തെ കൊള്ളയടിക്കാന്‍ ഇറങ്ങുന്ന മുതലാളിമാരുടെ പുതിയ കച്ചവട തന്ത്രം മലയാളികള്‍ തിരിച്ചറിയണം.

ഇന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിന് കാരണം. ലോകകപ്പ് ഫുട്‌ബോള്‍ നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന ഫുട്‌ബോള്‍ ആരാധകരുടെ ഒരു വികാരമാണ്. നാട്ടിന്‍ പുറങ്ങളില്‍ ചെറുതും വലുതുമായ ഒത്തു ചേരലുകളില്‍ ഒരുമിച്ചിരുന്ന് ഫുട്‌ബോള്‍ കളി കാണുന്നത് കേരളത്തിന്റെ ശീലമാണ്. ക്ലബ്ബുകളും യുവജന സംഘടനകളും സാംസ്‌കാരിക വേദികളും കായിക പ്രേമികളും എല്ലാം ഇത്തരം കൂടിച്ചേരലുകള്‍ ഒരുക്കാന്‍ എല്ലാ ലോകകപ്പ് സമയത്തും മുന്നിട്ടിറങ്ങുന്നതാണ് നമ്മുടെ നാടിന്റെ പ്രത്യേകത.

നമ്മുടെ നാട്ടില്‍ ലോകകപ്പ് മത്സരം നടക്കുന്ന പ്രതീതിയിലാണ് കൂറ്റന്‍ ഫ്‌ലെക്‌സുകളും ബാനറുകളും എല്ലാം വിവിധ ടീമുകളുടെ ആരാധകര്‍ ഉയര്‍ത്തുന്നത്. ഈ ആവേശത്തിന് വിലയിടുന്ന പുതിയ കച്ചവട തന്ത്രവുമായി ഒരു കൂട്ടര്‍ ഇറങ്ങിയിട്ടുണ്ട്.

എല്ലാ പൊതു പ്രദര്‍ശനത്തിനും ഫിഫ ലൈസന്‍സ് വേണമെന്നും അതിന് വന്‍ തുക ഫീസ് അടയ്ക്കണമെന്നുമാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണം. ഈ വന്‍തുക അടയ്ക്കാത്ത പക്ഷം ആന്റി-പൈറസി നിയമത്തില്‍ ഉള്‍പ്പെടുത്തി ഇത്തരം പൊതു പ്രദര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പറയുന്നു. 2026 മുതല്‍ ഇന്ത്യയില്‍ ഫിഫ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണ പങ്കാളി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് (Zee Entertainment Enterprises) ആണ്.

കേരളത്തിലും മാഹിയിലും ഫിഫ ലോകകപ്പ് 2026-ന്റെ ഔദ്യോഗിക പബ്ലിക് വ്യൂയിങ്് (Public Viewing) പരിപാടികള്‍ ഏകോപിപ്പിക്കുകയും ലൈസന്‍സിങ് സൗകര്യം നല്‍കുകയും ചെയ്യുന്നത് ഷാഫി മേത്തറിന്റെ ഉടമസ്ഥതയിലുള്ള ഈഗിള്‍സ് എഫ്.സി കേരളയാണ്.(Eagles FC Kerala) ഈ മാധ്യമ മുതലാളിമാരുടെ ടീം ‘കുറ്റക്കാരെ’ കണ്ടെത്താന്‍ ഇറങ്ങുന്നു എന്നും കേള്‍ക്കുന്നു.

ഇതിനു പരിഹാരമായി ഇവര്‍ നിര്‍ദ്ദേശിക്കുന്നത് ജില്ലകള്‍ തോറും ഫാന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും എന്നാണ്. എന്നാല്‍ ഇത്തരം ഫാന്‍ പാര്‍ക്കുകളില്‍ എത്ര രൂപയാണ് പ്രവേശന ഫീസ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ ഫാന്‍ പാര്‍ക്കുകളിലേക്ക് ആളെ കൂട്ടുന്നതിനാണ് മറ്റ് പൊതുപ്രദര്‍ശനങ്ങള്‍ തടയാനുള്ള ഈ ശ്രമം എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

എന്നാല്‍ ആര്‍ക്കാണ് പബ്ലിക് വ്യൂയിങ്ങിന് ഫീസ് നല്‍കി ഫിഫയുടെ ലൈസന്‍സ് ആവശ്യമുള്ളത്?

ഫിഫയുടെ ഔദ്യോഗിക റെഗുലേഷന്‍ പ്രകാരം 5000 ആളുകളില്‍ താഴെ കാണികളുള്ള നോണ്‍ കൊമേഴ്‌സ്യല്‍ ആയ പബ്ലിക് വ്യൂയിംഗിന് ലൈസന്‍സ് ഫീസ് ആവശ്യമില്ല.

In the 2018 – FIFA World Cup Commercial Public Viewing Exhibition Regulations, the relevant provision is:
Section 2(c) –
A Public Viewing Event is considered a ‘Special Non-Commercial Public Viewing Event’ if the Non-Commercial Public Viewing Event has a capacity of more than 5,000 spectators. The regulations explain that ordinary non-commercial public viewing events do not require a license, provided there are no additional commercial activities such as admission fees or sponsorship. (നിലവില്‍ ഇതാണ് റെഗുലേഷന്‍ എന്നാണ് ലഭ്യമായ വിവരം)

അതായത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫുട്‌ബോള്‍ മാച്ഛിന്റെ തല്‍സമയ പൊതുപ്രദര്‍ശനത്തിന് 5000 പേരില്‍ താഴെയാണ് പങ്കാളിത്തം എങ്കില്‍ ലൈസന്‍സ് ആവശ്യമില്ല. ഫുട്‌ബോള്‍ ലോകകപ്പും കായിക പ്രേമികളുടെ ആവേശത്തെയും ലാക്കാക്കി കൊള്ളലാഭം കൊയ്യാന്‍ ഇറങ്ങുന്ന വന്‍കിട മുതലാളിമാരെയും അവരുടെ കേരളത്തിലെ ഡീലര്‍മാരെയും തിരിച്ചറിയണം. നമ്മുടെ നാട്ടിലെ കായിക പ്രേമികളെ ചൂഷണം ചെയ്യുന്നതിനും അനാവശ്യമായ നിയമ കുരുക്കില്‍ പെടുത്തുന്നതിനും ശ്രമിക്കാന്‍ സാധ്യതയുള്ള ഈ മുതലാളിമാരെ അതിന് അനുവദിക്കാതിരിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന്റെയും മറ്റു ഉത്തരവാദിത്വപ്പെട്ട വകുപ്പുകളുടെയും ഇടപെടല്‍ കൃത്യമായി ഉണ്ടാവണം.

നമ്മുടെ നാട്ടിലെ കായികപ്രേമികള്‍ക്ക് വേണ്ടി അല്പസ്വല്പം ഇളവൊക്കെ ചെയ്തുകൊടുക്കാന്‍ ഈഗിള്‍സ് എഫ്.സി കേരളയുടെ (Eagles FC Kerala) ചെയര്‍മാനും ഉടമസ്ഥനുമായ ഫാഫി മേത്തറോട് അഭ്യര്‍ത്ഥിക്കാന്‍ ഭരണകക്ഷിയുടെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായ സഹോദരി തയ്യാറാകുമെന്ന് വിശ്വസിക്കുന്നു

Content Highlight: Business strategy to rob football fans, don’t be fooled; Sivaprasad wants government to intervene

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more