| Sunday, 26th July 2026, 12:02 pm

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു: ഒരു മരണം

നിഷാന. വി.വി

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം. ദേശീയപാതയിലാണ് അപകടമുണ്ടായിരുന്നത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ഡിഫന്റര്‍ എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് മറിഞ്ഞിരിക്കുന്നത്.

രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നിരിക്കുന്നത്. ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടതായണ് വിവരം. യാത്രക്കാരെ പൊലീസും ഫയര്‍ഫോസും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടം നടന്നയുടന്‍ ഓടികൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ചും വ്യക്തതയില്ല. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

നിലവില്‍ ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബസ് എടുത്ത് മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണ്.

Content Highlight: Bus overturns in Kuttippuram: One dead.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more