റായ്പൂര്‍: കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തി. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലാണ് സംഭവം.
സംഭവത്തില്‍ ബൊക്കര്‍ഖര്‍ ഗ്രാമമുഖ്യനും കൂട്ടാളികളായ നാല് പേരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
പ്രാദേശിക പത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന വിവേക് ചൗബേ (32) ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കുഴിച്ചിട്ട ഇദ്ദേഹത്തിന്റെ ബൈക്കും പൊലീസ് അന്വേഷണത്തില്‍ കണ്ടെടുത്തിട്ടുണ്ട്.
നവംബര്‍ 12 നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ വിവേകിനെ കാണാതായത്. അന്നേ ദിവസം കവര്‍ധ ടൗണിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല.
തുടര്‍ന്ന് 16ന് പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇതിനുപിന്നാലെ പിടിയിലായ ഗ്രാമമുഖ്യനും മാധ്യമപ്രവര്‍ത്തകന്‍ വിവേകിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഇത് പൊലീസില്‍ സംശയമുണ്ടാക്കി.
പിന്നാലെ ഛത്തീസ്ഗഢ് -മധ്യപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന മാവോവാദി മേഖലയായ കുന്ദപാണി ഗ്രാമത്തില്‍ വിവേകിനെ അവസാനമായി കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമമുഖ്യനും കൂട്ടാളികളും അറസ്റ്റിലായത്. നവംബര്‍ 12ന് രാത്രി ഗ്രാമത്തില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിവേകിന്റെ തലക്ക് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഗ്രാമമുഖ്യന്‍ മൊഴി നല്‍കുകയായിരുന്നു.
Content Highlight: Burnt body of the missing journalist Found In Forest