ഔഗാഡൂഗൂ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സൈനിക സര്‍ക്കാര്‍ പിരിച്ചുവിട്ടു. ക്യാപ്റ്റന്‍ ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ സുരക്ഷയും ഐക്യവും സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും ബുര്‍ക്കിന ഫാസോയുടെ ആഭ്യന്തര മന്ത്രി എമില്‍ സെര്‍ബോ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പാര്‍ട്ടികളുടെ നിരോധനം രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരാനും അനിവാര്യമാണ്. ബഹുകക്ഷി സമ്പ്രദായം പലപ്പോഴും അഴിമതിയിലേക്കും നയിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഭാവിയില്‍ രാഷ്ട്രീയ ഗ്രൂപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് പുതിയ കരട് നിയമം ഉടന്‍ അവതരിപ്പിക്കുമെന്ന് എമില്‍ സെര്‍ബോ അറിയിച്ചു.
രാഷ്ട്രീയ നിരോധനത്തിന് മുന്‍പ് രാജ്യത്തെ സ്വര്‍ണ ഖനന മേഖലയിലും സര്‍ക്കാര്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വിദേശ കമ്പനികളുടെ അധീശത്വം അവസാനിപ്പിച്ച് ഖനനത്തില്‍ രാജ്യത്തിന് കൂടുതല്‍ വിഹിതം ഉറപ്പാക്കുന്ന ‘നാഷണലിസ്റ്റ്’ നയത്തിന് ട്രോറെ തുടക്കം കുറിച്ചിരുന്നു.
വര്‍ഷങ്ങളായി തുടരുന്ന വിദേശ അധിനിവേശത്തില്‍ നിന്ന് മോചനം നേടാനുള്ള ആഫ്രിക്കന്‍ ജനതയുടെ പോരാട്ടമായാണ് ഈ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. തീവ്രവാദ ഭീഷണിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നയമാണ് ട്രോറെയുടെ കീഴിലുള്ള സൈനിക ഭരണകൂടം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തലുകള്‍.
രാജ്യത്തിന്റെ വിഭവങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കുന്നതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനാണ് ബുര്‍ക്കിനാ ഫാസോ ഇപ്പോള്‍ ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ ആഫ്രിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
Content Highlight: Burkina Faso’s military dissolves all political parties