| Monday, 5th May 2025, 11:22 am

ഇംഗ്ലണ്ട് പരമ്പരയില്‍ ബുംറക്ക് വൈസ് ക്യാപ്റ്റന്‍സി നഷ്ടമായേക്കും, രണ്ട് യുവതാരങ്ങളെ പരിഗണിച്ചേക്കും: റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് പര്യടനത്തില്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അവസാനമാണ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഐ.പി.എല്ലിന് ശേഷമെത്തുന്ന പരമ്പരയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കം കുറിക്കുക ഈ പരമ്പരയാണ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ബുംറയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത്തിന്റെ അഭാവത്തില്‍ ഒന്നാം ടെസ്റ്റിലും അവസാന ടെസ്റ്റിലും ബുംറയായിരുന്നു ഇന്ത്യയെ നയിച്ചത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ താരത്തിന്റെ കീഴില്‍ വിജയിക്കുകയും ചെയ്തിരുന്നു.

ബുംറ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായി തുടര്‍ന്നേക്കില്ലെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രെസ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരയിലെ എല്ലാ മത്സരവും താരം കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിന്റെ വര്‍ക്ക് ലോഡ് കുറക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു ചിന്തയിലേക്ക് സെലക്ഷന്‍ കമ്മറ്റി എത്തുന്നതെന്നാണ് സൂചന.

‘അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും ലഭ്യമാകുന്ന ഒരു കളിക്കാരനെ വൈസ് ക്യാപ്റ്റനാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബുംറ അഞ്ച് മത്സരങ്ങളിലും കളിക്കില്ല. അതിനാല്‍ വ്യത്യസ്ത മത്സരങ്ങള്‍ക്ക് വ്യത്യസ്ത ഡെപ്യൂട്ടികളെ നിയമിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അഞ്ച് ടെസ്റ്റുകളിലും കളിക്കുന്നതാണ് നല്ലത്,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു യുവതാരത്തെ വൈസ് ക്യാപ്റ്റനാക്കുന്നതിലാണ് ടീം മാനേജ്‌മെന്റിന് താല്‍പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത് ശര്‍മയ്ക്ക് ഒരു പിന്‍ഗാമിയെ കണ്ടെത്തുകയെന്നതും ടീം മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നുണ്ട്. റിഷബ് പന്തിനെയും ശുഭ്മന്‍ ഗില്ലിനെയുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

ബുംറയുടെ പരിക്കിന്റെ റെക്കോഡിനെക്കുറിച്ചും മാനേജ്‌മെന്റ് ആശങ്കാകുലരാണ്. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റിനിടെ താരത്തിന് പുറംവേദന അനുഭവപ്പെട്ടിരുന്നു. പരിക്കിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം താരം കളിക്കളത്തിന് പുറത്തായിരുന്നു. ഇത് താരത്തിന് ചാമ്പ്യന്‍സ് ട്രോഫിയും ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമാവുന്നതിലേക്ക് നയിച്ചിരുന്നു.

മുമ്പും ബുംറയ്ക്ക് പുറം വേദനയെ തുടര്‍ന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. 2022ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെത്തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നടന്ന ടി-20 ലോകകപ്പില്‍ നിന്ന് മാറിനില്‍കേണ്ടി വന്നിരുന്നു. അന്ന് ഏകദേശം 11 മാസത്തോളം താരം മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Content Highlight: Bumrah may lose vice-captaincy in England series, Rishab Pant and Shubhman Gill may be considered: Report

We use cookies to give you the best possible experience. Learn more