| Sunday, 9th November 2025, 6:36 pm

ഗോള്‍പാറയില്‍ വീണ്ടും ബുള്‍ഡോസിങ്; 580 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ഗോള്‍പാറയില്‍ കൈയേറ്റം ആരോപിച്ചുള്ള കുടിയൊഴിപ്പിക്കല്‍ നടപടി പുനരാരംഭിച്ച് അസം സര്‍ക്കാര്‍. ദഹികത റിസര്‍വ് വനത്തിലെ ഏകദേശം 153 ഹെക്ടറോളം വരുന്ന ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ന് (ഞായര്‍) മുതല്‍ പൊളിച്ചുമാറ്റല്‍ നടപടി ആരംഭിച്ചതായാണ് വിവരം.

എന്നാല്‍ പൊളിച്ചുമാറ്റല്‍ പുനരാരംഭിച്ചതോടെ 580 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കലിന്റെ വക്കിലാണ്. 15 ദിവസങ്ങള്‍ക്ക് മുമ്പ് 580 കുടുംബങ്ങള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ഗോള്‍പാറ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രോദീപ് തിമുങ് പറഞ്ഞു.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ 70 ശതമാനം താമസക്കാരും സ്വമേധയാ ഒഴിഞ്ഞുപോയെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ബാക്കിയുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇതുവരെ മറ്റു തടസങ്ങള്‍ ഒന്നും തന്നെ നേരിട്ടിട്ടില്ലെന്നും പ്രോദീപ് തിമുങ് പറഞ്ഞു.

ഗോള്‍പാറയില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യാഴാഴ്ച പറഞ്ഞിരുന്നു. കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കിയെന്ന് വിശ്വസിച്ചവരെ തനിക്ക് സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹിമന്തയുടെ അറിയിപ്പ്.

അതേസമയം സര്‍ക്കാര്‍ വാദങ്ങളെ തള്ളിക്കൊണ്ട് ഏതാനും കുടുംബങ്ങള്‍ രംഗത്തെത്തി. പതിറ്റാണ്ടുകളായി തങ്ങള്‍ ഗോള്‍പാറയിലാണ് താമസിക്കുന്നതെന്ന് അബ്ദുല്‍ കരീം എന്നയാള്‍ പറഞ്ഞു.

കൈയറ്റക്കാരാണെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് തങ്ങള്‍ക്ക് വൈദ്യുതി, ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയത്? തങ്ങളുടെ കൈവശം ആധാര്‍ കാര്‍ഡും ഭൂമിയുടെ രേഖകളുമുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ കുടിയൊഴിപ്പിക്കുന്ന ഭൂമി ആന ഇടനാഴിയില്‍ വരുന്നതാണെന്നും കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നത് മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി എം.കെ. യാദവ അവകാശപ്പെടുന്നത്.

ജൂണ്‍ 16 മുതല്‍ അസമില്‍ നടന്ന എവിക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി ഏകദേശം 5,300 കുടുംബങ്ങളാണ് സംസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടത്. അതില്‍ കൂടുതലും ബംഗാളി വംശജരായ മുസ്‌ലിങ്ങളായിരുന്നു.

അസം സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ നടപടി മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തില്‍ നടത്തിയതാണെന്ന് ഇതിനകം വിമര്‍ശനമുണ്ട്. മുസ്‌ലിങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ കുടിയൊഴിപ്പിക്കലിന് ഇരയാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഏകദേശം 9.5 ലക്ഷം ഏക്കറിലധികം ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് ഹിമന്ത അവകാശപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 42,500 ഏക്കറില്‍ കൂടുതല്‍, കൈയേറ്റങ്ങള്‍ തിരിച്ചുപിടിച്ചതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Content Highlight: Bulldozing again in Goalpara; 580 families under threat of eviction

We use cookies to give you the best possible experience. Learn more