ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാല്‍പത്തിയഞ്ച് ദിവസത്തിനിടെ പൊളിച്ച് നീക്കിയത് 23 മുസ്‌ലിം ആരാധാനാലയങ്ങള്‍. മെയ് ആദ്യ വാരം മുതല്‍ ജൂണ്‍ പകുതിവരെയുള്ള 45 ദിവസത്തിനിടയില്‍ ആറ് സംസ്ഥാനങ്ങളിലായി പള്ളികള്‍, ദര്‍ഗകള്‍, മദ്രസകള്‍ എന്നിവയുള്‍പ്പെടെയുള്ള 23 മുസ്‌ലിം ആരാധാനായലയങ്ങള്‍ അധികൃതര്‍ പൊളിച്ചുനീക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അനധികൃതമായ നിര്‍മാണം എന്ന് കാണിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ ക്രൂരമായ ബുള്‍ഡോസര്‍ രാജ് നടന്നിരിക്കുന്നത്. ദല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ദല്‍ഹിയിലെ ഏകദേശം 200 വര്‍ഷം പഴക്കമുള്ള ‘ദര്‍ഗ പാഞ്ച് പീരന്‍’ എന്ന സൂഫി തീര്‍ത്ഥാടന കേന്ദ്രം പൊളിച്ചുനീക്കിയതാണ് ഇതില്‍ പ്രധാനം. ജയ്പൂരിലെ നൂര്‍മാസിദ് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കി. ഈ സ്ഥലം നിയമപരമായി വഖഫ് ബോര്‍ഡിന്റെ കീഴിലുള്ളതാണെന്ന വാദം അധികൃതര്‍ തള്ളി. ബാര്‍മര്‍ ജില്ലയില്‍ നോട്ടീസ് നല്‍കി തൊട്ടടുത്ത ദിവസം തന്നെ നാല് പള്ളികള്‍ പൊളിച്ചുനീക്കി.
ബാന്ദ്രയിലെ രണ്ട് പ്രദേശങ്ങളിലെ പള്ളികള്‍, ഗോരേഗാവിലെ ഹസ്രത്ത് സയ്യിദ് ബര്‍ക്കത്ത് അലി ഷാ പിര്‍ ബാബ ദര്‍ഗ, ഭയന്ദറിലെ നൂറി മസ്ജിദ് എന്നിവ കനത്ത പൊലീസ് കാവലില്‍ പൊളിച്ചുനീക്കി. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രാദേശിക പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
സംഭാലിലെ ദര്‍ഗ, ഈദ്ഗാഹ് കോംപ്ലക്‌സിന്റെ ഭാഗങ്ങള്‍, മസ്ജിദ് മുസ്തഫ ഖാദ്രി എന്നിവ പൊളിച്ചു. ഇറ്റാവയില്‍ 800 വര്‍ഷത്തോളം പഴക്കമുള്ള ‘സയ്യിദ് ഷാ ബാബ മസാര്‍’ സംരക്ഷിത വനഭൂമിയിലെ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ റെയില്‍വേ വികസനത്തിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ ‘അജ്‌ഗൈബ് ഷഹീദ് മസ്ജിദ്’ പൊളിച്ചുനീക്കി. കൂടാതെ ‘മസ്ജിദ് ഗഞ്ച് ഷഹീദ’ ഒഴുപ്പിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ പള്ളി റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും മുന്‍പുള്ളതാണെന്ന് കമ്മിറ്റി വ്യക്തമാക്കുന്നു.
ഒരൊറ്റ കയ്യേറ്റ വിരുദ്ധ ഡ്രൈവിലൂടെ മൂന്ന് ദര്‍ഗകളും ഒരു മുസ്‌ലിം ശ്മശാനവും അധികൃതര്‍ നീക്കം ചെയ്തു. പൊളിച്ചുനീക്കപ്പെട്ട പല നിര്‍മിതികളും പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പഴക്കമുള്ള പ്രാദേശിക സാംസ്‌കാരിക അടയാളങ്ങളായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മതിയായ നോട്ടീസ് നല്‍കാതെയോ, നിയമപരമായ നടപടികള്‍ കോടതികളുടെ പരിഗണനയിലിരിക്കുമ്പോഴോ ആണ് പലയിടത്തും പൊളിക്കല്‍ നടന്നതെന്ന് അഭിഭാഷകരും കമ്മ്യൂണിറ്റി സംഘടനകളും പറഞ്ഞു.
കൂടാതെ, അനുമതിയില്ലാത്ത മറ്റ് മതവിഭാഗങ്ങളുടെ നിര്‍മിതികള്‍ ഒഴിവാക്കി മുസ്‌ലിം ആരാധനാലയങ്ങളെയും വീടുകളെയും ബിസിനസുകളെയും മാത്രം ലക്ഷ്യമിട്ടാണ് ഈ ‘ബുള്‍ഡോസര്‍ രാജ്’ നടപ്പാക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Content Highlight: Bulldozer Raj continues; 23 Muslim places of worship demolished in 45 days in BJP-ruled states