| Saturday, 27th December 2025, 5:00 pm

ബുള്‍ഡോസര്‍ രാജ്; കര്‍ണാടക കോണ്‍ഗ്രസിനോട് വിശദീകരണം തേടി എ.ഐ.സി.സി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ബെംഗളൂരുവിലെ പൊളിച്ചുമാറ്റല്‍ നടപടിയില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരണം തേടി എ.ഐ.സി.സി. സംസ്ഥാനത്തെ ബുള്‍ഡോസര്‍ രാജ് വിവാദമായതോടെയാണ് എ.ഐ.സി.സിയുടെ നടപടി.

എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അവകാശവാദം.

ബെംഗളൂരുവിലെ ഫക്കീര്‍ കോളനിയിലെയും വസിം ലേഔട്ടിലേയും 300ലധികം വീടുകളാണ് കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. കഴിഞ്ഞ 30 വര്‍ഷമായി ഈ മേഖലയില്‍ താമസിക്കുന്നവര്‍ ഒറ്റ രാത്രികൊണ്ട് കുടിയിറക്കപ്പെടുകയായിരുന്നു.

അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി.ബി.എ)യുടേതായിരുന്നു നടപടി. ഇതോടെ 2500ലധികം ആളുകള്‍ പ്രതിസന്ധിയിലായി. ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എല്‍) ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് വീടുകള്‍ പൊളിച്ചത്.

സംഭവം വിവാദമായതോടെ കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തില്‍ എത്തിയതായാണ് വിവരം. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ലാറ്റുകള്‍ നിര്‍മിച്ച് നല്‍കും. ഇതിന് വേണ്ടിയുള്ള സര്‍വേ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം ലഭിച്ചതായും വിവരമുണ്ട്.

കര്‍ണാടക സര്‍ക്കാരിന്റെ കൂട്ടകുടിയൊഴിപ്പിക്കലില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി, രാജ്യസഭാംഗമായ എ.എ. റഹീം അടക്കമുള്ളവരും സി.പി.ഐ.എം ദേശീയ നേതൃത്വവും ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐയും ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കര്‍ണാടകയിലെ മുസ്‌ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസിം ലേഔട്ടും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയും ഉണ്ടാക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

പ്രശ്നബാധിത മേഖല സന്ദര്‍ശിച്ച സി.പി.ഐ.എം നേതാക്കള്‍, കര്‍ണാടകയുടെ പൊളിച്ചുമാറ്റല്‍ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ ‘കൊഗിലു ലേഔട്ട് ചേരി പൊളിക്കല്‍ വിരുദ്ധ സമിതി’ രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.

Content Highlight: Bulldozer Raj; AICC seeks explanation from Karnataka Congress

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more