| Tuesday, 24th November 2026, 8:23 am

ഛത്തീസ്ഗഢില്‍ ഇറച്ചി കടകള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; പ്രതിഷേധം ആരംഭിച്ച് കച്ചവടക്കാര്‍

ശ്രീരാഗ് പാറക്കല്‍

റായ്പൂര്‍: ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവില്‍ ഗോള്‍ ബസാറിലെ ഇറച്ചി കടകള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ് നടപടി. കടയുടമകളുടെ പ്രതിഷേധത്തിനിടെയാണ് നടപടി. മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കിയ ശേഷമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി ഒഴിപ്പിക്കല്‍ നടപടി നടത്തിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഗോള്‍ ബസാറിലെ മട്ടണ്‍, ചിക്കന്‍ വിപണികളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം, രാജ്ഗാമി സമ്പദാ ഭരണവിഭാഗം എന്നിവര്‍ സംയുക്തമായി നടപടിയെടുത്തതെന്ന് സിറ്റി സൂപ്രണ്ട് ഓഫ് പൊലീസ് സത്യപ്രകാശ് തിവാരി പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഒഴിപ്പിക്കല്‍ നടപടി സമാധാനപരമായി പൂര്‍ത്തിയാക്കിയെന്നും അനിഷ്ട സംഭവങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കടകളും താത്ക്കാലിക സ്റ്റാളുകളും നീക്കം ചെയ്തതിന് പിന്നാലെ നടപടി നേരിട്ട ചില കച്ചവടക്കാര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പുനരധിവാസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും പരാതികളും മുനിസിപ്പല്‍ കോര്‍പ്പറേഷനെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണമെന്ന് പൊലീസ് ഇവരോട് നിര്‍ദേശിച്ചു. പരാതികള്‍ പരിശോധിച്ച് ഉചിതമായ പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായും സത്യപ്രകാശ് തിവാരി പറഞ്ഞു.

Content Highlight: ‘Bulldozer Raj’ against meat shops in Chhattisgarh; traders begin protests

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more