ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീവ്ര വോട്ടർ പട്ടിക പരിശോധനയിൽ മുസ്‌ലിം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ബി.ജെ.പിയുമായി ബന്ധമുള്ള ബി.എൽ. എമാർ കൂട്ടമായി അപേക്ഷ നൽകിയതായി റിപ്പോർട്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം 6,500 പേരുടെ പേരുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപേക്ഷകൾ നൽകിയതെന്നാണ് റിപ്പോർട്ട്.
വോട്ടർപട്ടികയിലെ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 13ന് അവസാനിച്ചിരുന്നു. സെപ്റ്റംബർ 11 വരെയാണ് നിലവിലെ നോട്ടീസ് നടപടികൾ. അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
ജൂലൈ 14ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം 10 ശതമാനം കുറവുണ്ടായിരുന്നു. നേരത്തെ ഉണ്ടായിരുന്ന 79.6 ലക്ഷം വോട്ടർമാരിൽ നിന്ന് 71.3 ലക്ഷം പേരാണ് കരട് പട്ടികയിൽ ഉണ്ടായിരുന്നത്.
ഉധം സിങ് നഗർ ജില്ലയിലെ കിച്ച്ഛ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. ആകെ 4,857 പേരുടെ പേരുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട അപേക്ഷകളിൽ 4,855 എണ്ണവും രാജേഷ് തിവാരി എന്ന വ്യക്തിയിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇദ്ദേഹം ബി.ജെ.പി ബൂത്ത് ലെവൽ ഏജന്റാണെന്നാണ് പ്രാദേശികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Photo:Newsonair
‘ഇതിനകം മറ്റൊരിടത്ത് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്’ എന്നതായിരുന്നു മിക്ക അപേക്ഷകളിലും രേഖപ്പെടുത്തിയ കാരണം. കിച്ച്ഛയിൽ മുസ്‌ലിം വോട്ടർമാർ ഏകദേശം 28.4 ശതമാനമാണ്. മുൻ ബി.ജെ.പി എം.എൽ.എ രാജേഷ് ശുക്ലയുടെ ആഭ്യന്തര പരിശോധനയിൽ ഉത്തർപ്രദേശിലെ രാംപൂർ, പിലിഭിത്, ബറേലി ജില്ലകളിലും കിച്ച്ഛയിലും ഒരേ വോട്ടർമാരുടെ പേരുകൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
അതേസമയം, മുൻ സംസ്ഥാന മന്ത്രി റഈസ് അഹമ്മദിന്റെ പേരും നീക്കം ചെയ്യാനുള്ള പട്ടികയിൽ ഉൾപ്പെട്ടിരുന്നു. വർഷങ്ങളായി മണ്ഡലത്തിൽ താമസിക്കുന്ന തനിക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വോട്ടർമാരെ ലക്ഷ്യമിട്ട് പേരുകൾ നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗദർപൂരിൽ 670 പേരുടെ പേരുകൾക്കെതിരെ ഒരാളുടെ അപേക്ഷ
ഗദർപൂർ മണ്ഡലത്തിൽ 1,370 പേരുടെ പേരുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 670 അപേക്ഷകളും ചങ്കിത് ഹൂരിയ എന്ന വ്യക്തിയാണ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പേരുകളെല്ലാം മുസ്‌ലിം വോട്ടർമാരുടേതാണെന്നും റിപ്പോർട്ടിലുണ്ട്.
താൻ ബി.ജെ.പിയുടെ ബിഎൽഎ-1 ആണെന്നും ഏകദേശം 900 പേരുടെ പട്ടിക സമർപ്പിച്ചിട്ടുണ്ടെന്നും ഹൂരിയ പറഞ്ഞു. മണ്ഡലത്തിൽ ബി.ജെ.പിക്ക് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,120 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.
Photo:Newsonair
ഖതിമയിൽ 394ൽ 392 അപേക്ഷകളും ഒരാളിൽ നിന്ന്
മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ പരമ്പരാഗത മണ്ഡലമായ ഖതിമയിലും കൂട്ടമായി അപേക്ഷകൾ നൽകിയതായി റിപ്പോർട്ട്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും ബി.എൽ.എ.യുമായ അമിത് കുമാർ പാണ്ഡെയാണ് 394 അപേക്ഷകളിൽ 392 എണ്ണവും നൽകിയതെന്നാണ് കണ്ടെത്തൽ.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭുവനചന്ദ്ര കപ്രി ധാമിയെ 6,579 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. 2022ൽ ബി.ജെ.പിക്ക് നഷ്ടമായ 23 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
നാനക്മട്ടയിൽ 353 പേരുടെ പേരുകൾ നീക്കാൻ അപേക്ഷ
നാനക്മട്ട മണ്ഡലത്തിൽ ലഭിച്ച 391 അപേക്ഷകളിൽ 353 എണ്ണവും ബി.ജെ.പി ബി.എൽ.എയെന്ന് സ്വയം പരിചയപ്പെടുത്തുന്ന കിഷോർ ജോഷിയാണ് നൽകിയതെന്ന് റിപ്പോർട്ട് പറയുന്നു.
‘സ്ഥലം മാറി’ എന്ന കാരണമാണ് പ്രധാനമായും അപേക്ഷകളിൽ രേഖപ്പെടുത്തിയിരുന്നത്. ഉത്തർപ്രദേശിലെ സമീപ ജില്ലകളിൽ നിന്നുള്ള ആളുകളുടെ വലിയ തോതിലുള്ള കുടിയേറ്റമാണ് ഇതിന് കാരണമെന്നാണ് ജോഷിയുടെ വിശദീകരണം. എന്നാൽ പട്ടികയിൽ ഉൾപ്പെട്ട അരിഫ് എന്ന വോട്ടർ താൻ പത്ത് വർഷമായി മണ്ഡലത്തിൽ താമസിക്കുന്നയാളാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. തന്റെ പേര് നീക്കം ചെയ്യാനുള്ള നടപടിയെക്കുറിച്ച് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഉധം സിങ് നഗർ ജില്ലയിലെ രുദ്രപുരിൽ 2,818 പേരുടെ പേരുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട അപേക്ഷകളാണ് ലഭിച്ചത്. ബി.ജെ.പി നേതാവും എസ്.സി മോർച്ച ജനറൽ സെക്രട്ടറിയുമായ സണ്ണി പാസ്വാൻ 230 പേരുടെ പേരുകൾ നീക്കം ചെയ്യാൻ അപേക്ഷ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഇവരൊക്കെ മുസ്‌ലിം വോട്ടർമാരാണെന്നാണ് റിപ്പോർട്ട്.
കൂട്ട അപേക്ഷകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യവസ്ഥകൾ
2023ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം, ഒരേ കുടുംബത്തിൽപ്പെടാത്ത നിരവധി ആളുകൾക്കായി ഒരാൾ കൂട്ടമായി അപേക്ഷ നൽകുന്നത് ‘ബൾക്ക് ആപ്ലിക്കേഷൻ’ ആയി കണക്കാക്കുന്നു.
ബൂത്ത് ലെവൽ ഏജന്റുമാർക്ക് പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും, ഒരു ദിവസം പരമാവധി 10 അപേക്ഷകൾ നൽകുന്നതിനാണ് മാർഗനിർദേശങ്ങളിൽ വ്യവസ്ഥയുള്ളത്. 30ൽ കൂടുതൽ എതിർപ്പുകൾ ഒരു ബി.എൽ.എ സമർപ്പിച്ചാൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അപേക്ഷകൾ വ്യക്തിപരമായി പരിശോധിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
അതേസമയം, ഉത്തരാഖണ്ഡിലെ വിവിധ മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർ കൂട്ടമായി ലഭിച്ച അപേക്ഷകളെക്കുറിച്ച് വ്യത്യസ്ത വിശദീകരണങ്ങളാണ് നൽകിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട വോട്ടർമാർക്ക് നോട്ടീസ് നൽകി അവരുടെ വാദം കേൾക്കേണ്ട നടപടിയാണ് ഇനി പ്രധാനമായും നടക്കുക. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ എത്ര പേരുകളുടെ അപേക്ഷ അംഗീകരിച്ചുവെന്ന് വ്യക്തമാകും.
Content Highlight: bulk applications to delete around 6,500 muslim voters in Uttarakhand