| Saturday, 11th January 2025, 5:10 pm

യു.പിയിലെ കനൗജ് റെയില്‍വേ സ്റ്റേഷന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് അപകടം; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അപകടം. നിരവധി തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഭൂരിഭാഗം പേരെയും പുറത്തെത്തിച്ചിട്ടുണ്ട്.

തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വരികയാണ്. സ്റ്റേഷന്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം നടന്നത്.

അപകടസമയത്ത് 35ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. റെയില്‍വേ, പൊലീസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇതുവരെ 23 തൊഴിലാളികളെ പുറത്തെത്തിച്ചിട്ടുണ്ട്. 12 പേരെ ഇനിയും രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

‘പ്രാഥമിക വിവരം അനുസരിച്ച്, നിര്‍മാണത്തിലിരിക്കുന്ന മേല്‍ക്കൂരയുടെ ഷട്ടര്‍ തകര്‍ന്നാണ് അപകടം ഉണ്ടായിരിക്കുന്നത്.

കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്,’ ജില്ലാ കലക്ടര്‍ ശുഭ്രാന്ത് കുമാര്‍ ശുക്ല്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 5,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ടെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

Content Highlight: building collapses at Kannauj railway station at Uttar Pradesh, several trapped

We use cookies to give you the best possible experience. Learn more